ഓപ്പൺഎഐയുടെ ആ‍ർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷക പ്രതിഭകളെ കോടികൾ മുടക്കി സ്വന്തമാക്കി ചൈനീസ് കമ്പനിയായ ടെൻസെന്റ് ഹോൾഡിംഗ്‍സ്. ഓപ്പൺഎഐയിൽ നിന്നും മെറ്റ എഐയിലേക്കുള്ള കൂടുമാറ്റങ്ങൾക്ക് പിന്നാലെയാണിത്.

ടെക് ലോകത്ത് എഐ ഭീമന്മാർ തമ്മിലുള്ള മത്സരം നിരന്തരം വർധിച്ചുവരികയാണ്. മികച്ച എഐ ഗവേഷകരെ ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനുമായി ലോകമെമ്പാടുമുള്ള കമ്പനികൾ വൻ ശമ്പളം വാഗ്‍ദാനം ചെയ്യുന്നു. വിവിധ കമ്പനികളിൽ നിന്നുള്ള എഐ ഗവേഷകരുടെ കൂറുമാറ്റങ്ങൾ അടുത്തകാലത്ത് വാർത്തകളിൽ നിറഞ്ഞിരുന്നു. ഓപ്പൺഎഐയിൽ നിന്നും മെറ്റ എഐയിലേക്കുള്ള ചേക്കേറലുകൾ ഇത്തരത്തിൽ ഒന്നാണ്. എന്നാൽ ഇപ്പോഴിതാ മെറ്റയെ കൂടാതെ പ്രമുഖ ചൈനീസ് ഗെയിമിംഗ്, മെസേജിംഗ് കമ്പനിയായ ടെൻസെന്റ് ഹോൾഡിംഗ്‍സും ഓപ്പൺഎഐയിലെ ഒരു മികച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഗവേഷകനെ സ്വന്തമാക്കിയതായാണ് റിപ്പോർട്ടുകൾ. ഓപ്പൺ എഐയിലെ ഗവേഷകനായ യാവോ ഷുന്യുവിനെയാണ് ടെൻസെന്റ് ഹോൾഡിംഗ്‍സ് നിയമിച്ചത്. എഐ മേഖലയിലെ യുഎസിൽ നിന്ന് ചൈനയിലേക്കുള്ള പ്രതിഭകളുടെ ഏറ്റവും ഉയർന്ന തൊഴിൽ മാറ്റങ്ങളിൽ ഒന്നാണ് ഈ നീക്കം. ടെൻസെന്റിന്റെ സേവനങ്ങളിൽ എഐ സംയോജിപ്പിക്കുന്നതിനാണ് യാവോ പ്രവർത്തിക്കുക. ടെൻസെന്റിൽ ചേരുന്നതിന് മുമ്പ് യാവോ യുഎസിലെ ഓപ്പൺഎഐയിലും ഗൂഗിളിലും പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിലും ജോലി ചെയ്തിരുന്നുവെന്ന് അദ്ദേഹത്തിന്റെ ലിങ്ക്ഡ്ഇൻ അക്കൗണ്ട് പറയുന്നു.

എഐ പ്രതിഭകൾക്കായുള്ള മത്സരത്തിൽ, ടെൻസെന്റ് യാവോയ്ക്ക് 100 മില്യൺ യുവാൻ വരെ ശമ്പളം വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. മെറ്റ പോലുള്ള ടെക് കമ്പനികൾ അവരുടെ എതിരാളികളിൽ നിന്ന് ജീവനക്കാരെ ആകർഷിക്കാൻ വൻതോതിലുള്ള സൈനിംഗ് ബോണസുകൾ വാഗ്ദാനം ചെയ്യുന്ന സാഹചര്യത്തിലാണ് ഈ നീക്കം. എന്നാൽ 100 മില്യൺ യുവാനിൽ കവിയുന്ന ശമ്പള പാക്കേജുമായി യാവോ ടെൻസെന്റിൽ ചേരുമെന്ന മാധ്യമ റിപ്പോർട്ടുകളെ കമ്പനി തള്ളിക്കളഞ്ഞു.

ചൈനയിലെ സിങ്‌ഹുവ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയതും പ്രിൻസ്റ്റൺ സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടിയതും ഉൾപ്പെടെ യാവോ ഷുന്യുവിന് ശ്രദ്ധേയമായ അക്കാദമിക് പശ്ചാത്തലമുണ്ട്. എഐ ഏജന്റുമാരെക്കുറിച്ചുള്ള പത്തോളം ഗവേഷണ പ്രബന്ധങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദേഹത്തിന്റെ ശ്രദ്ധേയമായ പ്രബന്ധങ്ങളിൽ ചിലത് "ലാംഗ്വേജ് ഏജന്റ്സ്: ഫ്രം നെക്സ്റ്റ്-ടോക്കൺ പ്രെഡിക്ഷൻ ടു ഡിജിറ്റൽ ഓട്ടോമേഷൻ", "കോഗ്നിറ്റീവ് ആർക്കിടെക്ചേഴ്സ് ഫോർ ലാംഗ്വേജ് ഏജന്റ്സ്" എന്നിവ ഉൾപ്പെടുന്നു.

അതേസമയം മെറ്റ പോലുള്ള കമ്പനികൾ മികച്ച എഐ ഗവേഷകർക്ക് വൻതോതിൽ സൈനിംഗ് ബോണസുകൾ വാഗ്ദാനം ചെയ്യുന്നതിനാൽ മത്സരം കടുക്കുകയാണ്. എഐ പ്രതിഭകൾക്കായുള്ള ആഗോളതലത്തിലെ കടുത്ത മത്സരത്തെ ഈ നീക്കങ്ങൾ എടുത്തുകാണിക്കുന്നു. ജൂണിൽ, നാല് ഓപ്പൺഎഐ ഗവേഷകർ കമ്പനി വിട്ട് മെറ്റയിൽ ചേർന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഷെങ്ജിയ ഷാവോ, ഷുച്ചാവോ ബി, ജിയാഹുയി യു, ഹോങ്യു റെൻ എന്നിവരാണ് ഓപ്പൺഎഐ വിട്ട് മെറ്റയിൽ ചേർന്നത്. ഒരു മാസത്തിനുശേഷം മെറ്റ ഓപ്പൺഎഐയിൽ നിന്ന് രണ്ട് ഉന്നത ഗവേഷകരായ ജേസൺ വെയ്, ഹ്യൂങ് വോൺ ചുങ് എന്നിവരെക്കൂടി സ്വന്തമാക്കിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

അതേസമയം മെറ്റയുടെ സൂപ്പർഇന്റലിജൻസ് ടീമിൽ ഇതിനകം തന്നെ വിള്ളലുകൾ അനുഭവപ്പെടുന്നുണ്ടെന്നും പുതിയതായി എത്തിയവരിയിൽ ചിലർ ടീം വിട്ടുപോയെന്നുമുള്ള റിപ്പോർട്ടുകളും വരുന്നുണ്ട്. മെറ്റയിൽ ഒരു മാസത്തിൽ താഴെ മാത്രം സേവനം അനുഷ്‍ഠിച്ച ശേഷം ടീമിലെ രണ്ട് അംഗങ്ങൾ മുമ്പ് ജോലി ചെയ്തിരുന്ന ഓപ്പൺഎഐയിലേക്ക് തന്നെ മടങ്ങിയതായി റിപ്പോർട്ടുകൾ പറയുന്നു. ഋഷഭ് അഗർവാൾ, ഛായ നായക്, അവി വർമ്മ, ഏതൻ നൈറ്റ് എന്നിവരാണ് മെറ്റയിലെ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച എഐ ഗവേഷകരിൽ ചിലർ എന്നാണ് റിപ്പോർട്ടുകൾ.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming