ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ടൂളുകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഫോട്ടോകള്‍ തിരിച്ചറിയാന്‍ ആളുകളെ സഹായിക്കുന്ന ഫീച്ചര്‍ ജെമിനി ആപ്പിലെത്തി. ഗൂഗിള്‍ ഡീപ്‌മൈന്‍ഡിന്‍റെ സിന്ത്ഐഡി സംവിധാനത്തെ കുറിച്ച് വിശദമായി.
കാലിഫോര്‍ണിയ: എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) ഉപയോഗിച്ച് നിരവധി വ്യാജ ഫോട്ടോകൾ സൃഷ്‍ടിക്കപ്പെടുന്നതിനാൽ സോഷ്യൽ മീഡിയയിലെ ഓരോ ചിത്രവും സംശയാസ്‍പദമാണ് ഇക്കാലത്ത്. ഏതെങ്കിലും ഒരു ഫോട്ടോ നോക്കുമ്പോൾ പലരുടെയും മനസിൽ വരുന്ന ഒരു ചോദ്യമായിരിക്കും ഇത് യഥാർഥമാണോ അതോ എഐ സൃഷ്‍ടിച്ചതാണോ എന്നത്. ഈ ആശയക്കുഴപ്പം മാറ്റാൻ ജെമിനി ആപ്പിൽ ഒരു പുതിയ ഫീച്ചർ ചേർത്തിയിരിക്കുകയാണ് ഗൂഗിൾ.
എഐ തിരിച്ചറിയാന്‍ സിന്ത്ഐഡി (SynthID)
ജെമിനി ആപ്പിൽ ഇപ്പോൾ ഒരു ബിൽറ്റ്-ഇൻ ഇമേജ് വെരിഫിക്കേഷൻ ടൂൾ നൽകിയതായി ഗൂഗിൾ പറയുന്നു. ഗൂഗിളിന്റെ എഐ ടൂളുകൾ ഉപയോഗിച്ച് ഒരു ഫോട്ടോ സൃഷ‌്‌ടിച്ചതാണോ അതോ എഡിറ്റ് ചെയ്‌തതാണോ എന്ന് ഈ ടൂളിന് പരിശോധിക്കാൻ കഴിയും. പുതിയ ജെമിനി 3-പവർഡ് നാനോ ബനാന പ്രോ മോഡലിനൊപ്പമാണ് ബില്‍ട്ട്-ഇന്‍ എഐ ഇമേജ് വെരിഫിക്കേഷന്‍ ടൂള്‍ ഗൂഗിള്‍ അവതരിപ്പിച്ചത്. എഐ സൃഷ്‍ടിച്ച ഉള്ളടക്കത്തെക്കുറിച്ച് ഉപയോക്താക്കൾക്ക് പരമാവധി സുതാര്യത നൽകുക എന്നതാണ് ലക്ഷ്യമെന്നും ഗൂഗിൾ പറയുന്നു.
ഈ സിസ്റ്റം സിന്ത്ഐഡി എന്ന ഡിജിറ്റൽ വാട്ടർമാർക്കിംഗ് സാങ്കേതികവിദ്യയിലാണ് പ്രവർത്തിക്കുന്നത്. ഗൂഗിളിന്‍റെ എഐ ഉപകരണങ്ങൾ ഉപയോഗിച്ച് ഒരു ഫോട്ടോ സൃഷ്‌ടിക്കുമ്പോൾ, സിന്ത്ഐഡി അതിനുള്ളിൽ ഒരു അദൃശ്യ അടയാളം സ്ഥാപിക്കുന്നു. ഈ വാട്ടർമാർക്ക് ഫോട്ടോയുടെ ഗുണനിലവാരത്തെയോ രൂപഭാവത്തെയോ മാറ്റില്ല. നഗ്നനേത്രങ്ങൾക്ക് ഈ അടയാളം അദൃശ്യമാണ്. പക്ഷേ ജെമിനിക്ക് അത് സ്‍കാൻ ചെയ്യാൻ കഴിയും. ചിത്രം ഗൂഗിളിന്‍റെ എഐ സിസ്റ്റം സൃഷ്‍ടിച്ചതാണോ അല്ലയോ എന്ന് നിർണ്ണയിക്കാൻ ഈ മാർക്ക് ജെമിനിയെ സഹായിക്കുന്നു.
അതേസമയം, ഈ സവിശേഷതയ്ക്ക് ഒരു പ്രധാന പോരായ്‌മ കൂടിയുണ്ട്. ഗൂഗിളിന്‍റെ എഐ ടൂളുകൾ ഉപയോഗിച്ച് സൃഷ്‍ടിച്ചതോ എഡിറ്റ് ചെയ്‌തതോ ആയ ചിത്രങ്ങൾ മാത്രമേ ജെമിനിക്ക് തിരിച്ചറിയാൻ കഴിയൂ. മറ്റൊരു പ്ലാറ്റ്‌ഫോം അല്ലെങ്കിൽ മറ്റൊരു കമ്പനിയുടെ/ഡെവലപ്പറുടെ എഐ മോഡൽ ഉപയോഗിച്ചാണ് ഫോട്ടോ സൃഷ്‌ടിച്ചതെങ്കിൽ, ജെമിനിക്ക് അത് പരിശോധിക്കാൻ കഴിയില്ല. എങ്കിലും, ഈ സവിശേഷത വലിയ തോതിൽ ഉപയോഗപ്രദമാകും. ഗൂഗിൾ പറയുന്നതനുസരിച്ച്, 2023-ൽ സിന്ത്ഐഡി ആരംഭിച്ചതിനുശേഷം എഐ ജനറേറ്റ് ചെയ്‌ത 20 ബില്യണിലധികം ചിത്രങ്ങൾ വാട്ടർമാർക്ക് ചെയ്‌തിട്ടുണ്ട് എന്നാണ്. ഇപ്പോൾ ജെമിനി ആപ്പ് ഉപയോഗിച്ചും ഇവ പരിശോധിക്കാൻ കഴിയും.
ചിത്രം എഐ ആണോ അല്ലയോ എന്ന് എങ്ങനെ പരിശോധിക്കാം?
ഉപയോക്താക്കൾക്ക് ഈ സവിശേഷത വളരെ ലളിതമായി ഉപയോഗിക്കാം. നിങ്ങൾ പരിശോധിക്കാൻ ആഗ്രഹിക്കുന്ന ചിത്രം തിരഞ്ഞെടുക്കുക. അത് സോഷ്യൽ മീഡിയയിൽ നിന്നുള്ള ഒരു ഫോട്ടോയോ, ഒരു ചാറ്റിൽ ലഭിച്ച ഒരു ഫോട്ടോയോ, അല്ലെങ്കിൽ നിങ്ങളുടെ ഫോണിൽ/ലാപ്‌ടോപ്പിൽ സേവ് ചെയ്‌ത ഒരു ചിത്രമോ ആകാം. ചിത്രം ജെമിനിയിലേക്ക് അപ്‌ലോഡ് ചെയ്യുക. തുടർന്ന്, 'ഇത് ഗൂഗിൾ എഐ സൃഷ്‍ടിച്ച ചിത്രമാണോ?' അല്ലെങ്കിൽ 'ഇത് എഐ ജനറേറ്റഡ് ചിത്രമാണോ?' എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കുക. തുടർന്ന് ജെമിനി ചിത്രത്തിലെ സിന്ത്ഐഡി വാട്ടർമാർക്കിനായി പരിശോധിക്കുകയും അതിന്‍റെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി വ്യക്തമായ ഉത്തരം നിങ്ങള്‍ക്ക് നൽകുകയും ചെയ്യും.



