Asianet News MalayalamAsianet News Malayalam

സൈബര്‍ലോകത്തെ മൂന്നിലൊന്ന് പെണ്‍കുട്ടികള്‍ ലൈംഗിക ആക്രമണത്തിന്‍റെ ഇരകള്‍

One third of teenage girls sexually harassed online
Author
First Published Dec 7, 2017, 10:58 AM IST

ലണ്ടന്‍: സൈബര്‍ ലോകത്ത് എത്തുന്ന, കൗമാരപ്രായക്കാരായ  പെൺകുട്ടികളിൽ മൂന്നിലൊന്ന് ഭാഗം ലൈംഗികമായ അധിക്ഷേപത്തിനും പീഡനത്തിനും ഇരയാകുന്നുവെന്ന് ചൈൽഡ്നെറ്റ് ഇന്‍റര്‍നാഷണല്‍ റിപ്പോർട്ട്. പീഡനത്തിനിരയാകുന്ന 13-17 വയസ് പ്രായമുള്ളവരിൽ 31 ശതമാനം പെൺകുട്ടികളാണ്. എന്നാൽ 11 ശതമാനം ആൺകുട്ടികളും ഓൺലൈൻ ലൈംഗിക പീഡനത്തിനിരയാകുന്നുവെന്ന് ഇത് സംബന്ധിച്ച് ബിബിസി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

വിവിധ രാജ്യങ്ങളിലെ കൗമാരപ്രായക്കാരിൽ നടത്തിയ അന്വേഷണത്തിന് ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്, സൈബര്‍ ലോകത്ത് എത്തുന്ന പത്തിൽ ഒരാൾ ബലാൽസംഗം ഉൾപ്പെടെയുള്ള ലൈംഗികാതിക്രമ ഭീഷണികൾക്ക് ഇരയാകുന്നുവെന്ന് കണ്ടെത്തി.  സര്‍വേയില്‍ പങ്കെടുത്തവരില്‍ 26 ശതമാനം പെൺകുട്ടികള്‍ അവരുടെ ലൈംഗിക സ്വഭാവം സംബന്ധിച്ച് അപവാദം കേട്ടിട്ടുണ്ട്. 

കാമുകൻമാർ നഗ്നചിത്രങ്ങൾ പങ്കുവയ്ക്കാൻ ആവശ്യപ്പെടാറുണ്ടെന്ന് 12 ശതമാനം പെൺകുട്ടികൾ വെളിപ്പെടുത്തി. 33 ശതമാനം പെൺകുട്ടികളും 14 ശതമാനം ആൺകുട്ടികളും ഓൺലൈനിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളിൽ ലൈംഗിക അഭിപ്രായം രേഖപ്പെടുത്തുന്നു.  മറ്റൊരാളുടെ ലൈംഗിക ചെയ്തികൾ രഹസ്യമായി പകർത്തി ഓൺലൈനിൽ പങ്കുവെക്കുന്നതിനെ കുറിച്ചുള്ള ഭീതിയാണ് 23 ശതമാനം പേർ പങ്കുവെച്ചത്. 

പ്രതികാരം ചെയ്യാനായി, സമ്മതമില്ലാതെ അശ്ലീല ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിപ്പിക്കുന്നവരും വർധിച്ചിട്ടുണ്ട്.  ഓൺലൈനിലെ മൂന്നിലൊന്ന് (31%) പേരും വ്യക്തമായ വയസ് നൽകാറില്ല. ലൈംഗിക ചിത്രങ്ങൾ, അഭിപ്രായങ്ങൾ അല്ലെങ്കിൽ സന്ദേശങ്ങൾ പങ്കുവയ്ക്കാൻ വ്യാജ പ്രൊഫൈലുകൾ സൃഷ്ടിക്കുന്നവരും കുറവല്ല.

പെൺകുട്ടികൾക്കെതിരായ ലൈംഗിക പീഡനങ്ങൾ വ്യാപകമായി നടക്കുന്നത് വാട്സാപ്പ്, സ്നാപ്ചാറ്റ്, ഫെയ്സ്ബുക്ക് വഴിയാണ്. ഡിജിറ്റൽ ടെക്നോളജി ചെറുപ്പക്കാരുടെ ജീവിതത്തിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്. പക്ഷേ, പുതിയ തരത്തിലുള്ള ലൈംഗിക പീഡനത്തിന്റെ കേന്ദ്രങ്ങളായി മാറുകയാണ് സോഷ്യൽമീഡിയ നെറ്റ്‌വർക്കുകൾ. 

Follow Us:
Download App:
  • android
  • ios