ലോകത്ത് ഏറ്റവും അധികം ഉപയോഗിക്കുന്ന ചാറ്റ്‌ബോട്ടായ ചാറ്റ്‌ജിപിടിയുടെ നിര്‍മ്മാതാക്കളാണ് മൈക്രോസോഫ്റ്റ് പിന്തുണയുള്ള സ്റ്റാര്‍ട്ടപ്പായ ഓപ്പണ്‍എഐ

കാലിഫോര്‍ണിയ: ഒരുവശത്ത് എഐ ടാലന്‍ഡുകളെ റാഞ്ചാനുള്ള കിടമത്സരം ടെക് കമ്പനികള്‍ക്കിടയില്‍ നടക്കുന്നു. ഇതിനിടെ, ആയിരത്തിലധികം വരുന്ന എഐ ഗവേഷകര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും വമ്പന്‍ ബോണസ് പ്രഖ്യാപിച്ചിരിക്കുകയാണ് ചാറ്റ്‌ജിപിടി നിര്‍മ്മാതാക്കളായ ഓപ്പണ്‍ എഐ. മൈക്രോസോഫ്റ്റ് പിന്തുണയുള്ള എഐ സ്റ്റാര്‍ട്ടപ്പായ ഓപ്പണ്‍എഐ, ഏറ്റവും നവീനമായ ജിപിടി-5 ലാര്‍ജ് ലാംഗ്വേഡ് മോഡല്‍ പുറത്തിറക്കിയതിന്‍റെ സമീപ ദിവസമാണ് വന്‍ പ്രഖ്യാപനം നടത്തി ടെക് ലോകത്തെ ഞെട്ടിച്ചത് എന്നാണ് റിപ്പോര്‍ട്ട്. സ്വാഗതം ടെക് ടോക്കിലേക്ക്.

അപ്ലൈഡ് എഞ്ചിനീയറിംഗും സ്കെയിലിംഗും സേഫ്റ്റിയും അടക്കമുള്ള വിവിധ വിഭാഗങ്ങളിലെ എഞ്ചിനീയര്‍മാര്‍ക്കും എഐ റിസര്‍ച്ചര്‍മാര്‍ക്കുമാണ് ഓപ്പണ്‍എഐയുടെ 'സ്പെഷ്യല്‍ വണ്‍-ടൈം അവാര്‍ഡ്'. ഓപ്പണ്‍എഐയിലെ ആയിരത്തിലധികം ജീവനക്കാര്‍ക്ക് ഈ ബോണസ് ലഭിക്കുമെന്ന് അമേരിക്കന്‍ ടെക് മാധ്യമമായ ദി വേര്‍ജ് റിപ്പോര്‍ട്ട് ചെയ്തു. എത്ര രൂപ വീതമാണ് എഐ വിദഗ്‌ധര്‍ക്ക് ഓപ്പണ്‍എഐ നല്‍കുക എന്ന് വ്യക്തമല്ല. 300 ബില്യണ്‍ ഡോളറിന്‍റെ മൂല്യം കണക്കാക്കുന്ന ഓപ്പണ്‍എഐ വലിയൊരു തുക സ്പെഷ്യല്‍ വണ്‍-ടൈം അവാര്‍ഡായി ജീവനക്കാര്‍ക്ക് നല്‍കുമെന്നാണ് സൂചന. ജീവനക്കാരുടെ ചുമതലയും സീനിയോരിറ്റിയും അടിസ്ഥാനമാക്കിയാവും ബോണസിന്‍റെ മൂല്യം നിശ്ചയിക്കുക. വേതനമായി വര്‍ഷംതോറും ദശലക്ഷക്കണക്കിന് ഡോളര്‍ ലഭിക്കുന്ന, ഓപ്പണ്‍എഐയിലെ ഏറ്റവും മുതിര്‍ന്ന എഐ റിസര്‍ച്ചര്‍മാര്‍ക്കാവും ഇതില്‍ കൂടുതല്‍ ബോണസിന് അവകാശം.

അതേസമയം, എഞ്ചിനീയര്‍മാര്‍ക്ക് ശരാശരി ലക്ഷക്കണക്കിന് ഡോളര്‍ ബോണസ് ലഭിക്കുമെന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. എന്നാല്‍ ഒറ്റത്തവണയായാവില്ല ഈ ബോണസ് ഓപ്പണ്‍എഐ വിതരണം ചെയ്യുക. അടുത്ത രണ്ട് വര്‍ഷത്തിനിടയില്‍ പണമോ, ഓപ്പണ്‍എഐ സ്റ്റോക്കോ, രണ്ടുംകൂടിയോ ആവും ഈ തുക ജീവനക്കാരുടെ കൈകളിലെത്തുക.

ആയിരത്തിലധികം പേര്‍, അഥവാ ഓപ്പണ്‍എഐയിലെ ഏതാണ്ട് മൂന്നിലൊന്ന് ജീവനക്കാര്‍ക്ക് ബോണസ് പോളിസിയുടെ ഗുണം കിട്ടും. ഓപ്പണ്‍എഐയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയധികം ജീവനക്കാര്‍ക്ക് ബോണസ് കിട്ടാനൊരുങ്ങുന്നത്. എഐ രംഗത്ത് ഓരോ ദിവസും കുതിക്കുന്ന കമ്പനി എന്ന നിലയ്ക്കാണ് ജീവനക്കാരെ സന്തോഷിപ്പിക്കാന്‍ വന്‍ ബോണസ് വിതരണം ചെയ്യുന്നത് എന്നാണ് ഓപ്പണ്‍എഐ സിഇഒ സാം ആള്‍ട്ട്‌മാന്‍റെ പക്ഷം. എന്നാല്‍ എഐ ഗവേഷകരെയും എഞ്ചിനീയര്‍മാരെയും റാഞ്ചാന്‍ ടെക് കമ്പനികള്‍ക്കിടയില്‍ വന്‍ കിടമത്സരം തന്നെ നടക്കുന്നുണ്ട് എന്നതാണ് ഇത്തരമൊരു മാസ് ബോണസ് വിതരണത്തിലേക്ക് ഓപ്പണ്‍എഐയെ നയിക്കുന്ന പ്രധാന ഘടകം. മെറ്റയും എക്‌സ്എഐയും അടക്കമുള്ള പല വമ്പന്‍മാരും ആകര്‍ഷകമായ ഓഫറുകളുമായി ഓപ്പണ്‍എഐയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് വിദഗ്‌ധരുടെ പിന്നാലെ ചര്‍ച്ചയുമായി രംഗത്തുണ്ട്. അതേസമയം, ബോണസ് ലഭിക്കാത്തവര്‍ ഓപ്പണ്‍എഐ വിടാനും സാധ്യതയുണ്ട്.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News