ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാന്റെ സാങ്കേതിക വൈദഗ്ധ്യത്തെക്കുറിച്ച് 'ദ ന്യൂയോർക്കർ' റിപ്പോർട്ട് സംശയങ്ങൾ ഉന്നയിക്കുന്നു. അദ്ദേഹത്തിന്റെ അസാധാരണമായ നേതൃത്വപാടവത്തെയും നിക്ഷേപകരെ ആകർഷിക്കാനുള്ള കഴിവിനെയും റിപ്പോർട്ട് അംഗീകരിക്കുമ്പോൾ തന്നെ, അടിസ്ഥാന സാങ്കേതിക പരിജ്ഞാനത്തെക്കുറിച്ച് സ്ഥാപനത്തിനകത്ത് ഭിന്നാഭിപ്രായങ്ങളുണ്ടെന്നും സൂചിപ്പിക്കുന്നു.

കൃത്രിമ ബുദ്ധി (AI) ഗവേഷണ മേഖലയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളാണ് ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ. എഐയുടെ ഭാവിയെക്കുറിച്ച് അദേഹം നടത്തിയ പ്രവചനങ്ങൾ ഈ മേഖലയിൽ നടക്കുന്ന ചർച്ചകളെ തന്നെ സ്വാധീനിച്ചിട്ടുണ്ട്. എന്നാൽ അടുത്തിടെ പുറത്തുവന്ന ഒരു റിപ്പോർട്ട് സാം ആള്‍ട്ട്‌മാന്‍റെ സാങ്കേതിക അറിവിനെക്കുറിച്ച് ചില സംശയങ്ങൾ ഉയർത്തിയിട്ടുണ്ട്.

‘ദ ന്യൂയോർക്കർ’ പ്രസിദ്ധീകരിച്ച ഈ റിപ്പോർട്ട് ഓപ്പൺഎഐയിൽ ഇപ്പോൾ പ്രവർത്തിക്കുന്നതും മുമ്പ് പ്രവർത്തിച്ചിരുന്നവരുമായ നിരവധി ആളുകളുമായി നടത്തിയ അഭിമുഖങ്ങളെ അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയത്. റിപ്പോർട്ടിൽ, സാം ആൾട്ട്മാനെ വളരെ പ്രഭാവശാലിയായ ഒരു വ്യക്തിയായി ചിലർ വിശേഷിപ്പിക്കുന്നു. വ്യത്യസ്ത ഗ്രൂപ്പുകളെ ഒരേ ലക്ഷ്യത്തിലേക്ക് കൊണ്ടുവരാൻ അദേഹത്തിന് കഴിവുണ്ടെന്നും അവർ പറയുന്നു.

എന്നാൽ, ചില എഞ്ചിനീയർമാർ അദ്ദേഹത്തിന് അടിസ്ഥാന സാങ്കേതിക പദങ്ങൾ പോലും പൂർണ്ണമായി കൈകാര്യം ചെയ്യുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നും ചില പ്രധാന ആശയങ്ങൾ അദേഹത്തെ ചിലപ്പോൾ കുഴയ്ക്കാറുണ്ടെന്നും അഭിപ്രായപ്പെടുന്നു. ഇതുവഴി, സാം ആൾട്ട്മാന്‍റെ സാങ്കേതിക അറിവിന്‍റെ ആഴത്തെക്കുറിച്ച് സ്ഥാപനത്തിനകത്ത് തന്നെ വ്യത്യസ്‍ത അഭിപ്രായങ്ങൾ നിലനിൽക്കുന്നതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു.

സാം ആൾട്ട്മാന്‍റെ വിദ്യാഭ്യാസ പശ്ചാത്തലവും വ്യത്യസ്‍തമാണ്. രണ്ട് വർഷത്തെ കമ്പ്യൂട്ടർ സയൻസ് പഠനത്തിന് ശേഷം 2005 ൽ സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി വിട്ട് സാം ആൾട്ട്മാൻ തന്‍റെ ആദ്യ കമ്പനിയായ ലൂപ്റ്റ് ആരംഭിച്ചു. തുടർന്ന് അദേഹം ഒരു എഞ്ചിനീയർ എന്നതിലുപരി, നിക്ഷേപകരെയും പ്രതിഭകളെയും ഒരുമിപ്പിക്കുന്ന ഒരു ‘ഡീൽമേക്കർ’ എന്ന നിലയിലാണ് പ്രശസ്‍തി നേടിയത്. കഴിവുകളും ഫണ്ടിംഗും ഒരുമിച്ച് കൊണ്ടുവരാൻ കഴിയുന്ന ഒരു ഡീൽമേക്കറായിട്ടായിരുന്നു അദേഹത്തിന്‍റെ വളർച്ച.

റിപ്പോർട്ടിൽ പരാമർശിക്കപ്പെടുന്ന മുൻ ഓപ്പൺഎഐ ഗവേഷകൻ കരോൾ വെയിൻറൈറ്റ് പറയുന്നത്, ആളുകൾക്ക് അവർ തിരിച്ചറിയാതെ തന്നെ അവരുടെ ചിന്താഗതിയെ സ്വാധീനിക്കാനുള്ള അപൂർവ ശേഷി സാം ആൾട്ട്മാന് ഉണ്ട് എന്നാണ്. ഈ കഴിവാണ് ഓപ്പൺഎഐയുടെ വളർച്ചയ്ക്കിടെ വിവിധ വിഭാഗങ്ങളുടെ ആവശ്യങ്ങൾ തമ്മിൽ തുലനം പാലിക്കാൻ അദ്ദേഹത്തെ സഹായിച്ചതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അതായത്, നിക്ഷേപകർക്കും ഗവേഷകർക്കും നയരൂപകർത്താക്കൾക്കും ആവശ്യമുള്ള സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ട് ഓപ്പൺഎഐയുടെ വളർച്ചയെ നയിക്കാൻ ഈ കഴിവ് സാം അൾട്ട്മാനെ സഹായിച്ചു.

2023-ൽ സംഭവിച്ച ഒരു പ്രധാന സംഭവവും റിപ്പോർട്ടിൽ ചർച്ച ചെയ്യുന്നു. അന്ന് വിശ്വാസ്യതയും സുതാര്യതയും സംബന്ധിച്ച ആശങ്കകളെ തുടർന്ന് ഓപ്പൺഎഐ ബോർഡ് സാം അൾട്ട്മാനെ താൽക്കാലികമായി സിഇഒ സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. സുരക്ഷാ പ്രോട്ടോകോളുകളെക്കുറിച്ച് അദ്ദേഹം മതിയായ വ്യക്തത പാലിച്ചില്ലെന്നും ചില വിഷയങ്ങളിൽ രഹസ്യപരമായ സമീപനം സ്വീകരിച്ചു എന്നുമായിരുന്നു അന്നത്തെ ആരോപണങ്ങൾ.

മൊത്തത്തിൽ, ഈ റിപ്പോർട്ട് സാം ആൾട്ട്മാനെ ഒരു കഴിവുള്ള നേതാവായും ശക്തമായ ആശയവിനിമയ ശേഷിയുള്ള വ്യക്തിയായും ചിത്രീകരിക്കുന്നതിനൊപ്പം, അദേഹത്തിന്‍റെ സാങ്കേതിക അറിവിനെക്കുറിച്ച് വ്യത്യസ്‍ത അഭിപ്രായങ്ങൾ നിലനിൽക്കുന്നുവെന്നും സൂചിപ്പിക്കുന്നു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming