രാജ്യത്ത് വേഗത്തിൽ വളർന്ന് വരുന്ന ആപ്പ് അധിഷ്‌ഠിത ടെലിവിഷൻ സേവനങ്ങളെ നിയന്ത്രിക്കുന്നതിനായിട്ടാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുതിയ നീക്കവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ദില്ലി: ഇക്കാലത്ത്, പലരും കേബിൾ അല്ലെങ്കിൽ ഡിടിഎച്ച് ഉപയോഗിക്കുന്നതിന് പകരം അവരുടെ സ്മാർട്ട് ടിവികളിൽ ഇന്‍റര്‍നെറ്റിൽ നിന്ന് നേരിട്ട് ചാനലുകൾ കാണാൻ ഇഷ്‌ടപ്പെടുന്നു. സാംസങ്, എൽജി തുടങ്ങിയ കമ്പനികൾ ഫാസ്റ്റ് പ്ലാറ്റ്‌ഫോമിലൂടെ ഏകദേശം 150 ചാനലുകൾ സൗജന്യമായി വാഗ്‌ദാനം ചെയ്യുന്നു. ഇപ്പോഴിതാ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഈ ചാനലുകളെ നിയന്ത്രിക്കാൻ തീരുമാനിച്ചിരിക്കുന്നു. ഈ ഇന്‍റർനെറ്റ് അധിഷ്ഠിത ചാനലുകൾക്കായി പുതിയതും കർശനവുമായ ഒരു ചട്ടക്കൂട് നിർദ്ദേശിക്കുന്ന ഒരു കൺസൾട്ടേഷൻ പേപ്പർ ട്രായ് പുറത്തിറക്കി. ഇതിന്‍റെ ഭാഗമായി ട്രായ് ഈ സേവനങ്ങളെ "ആപ്ലിക്കേഷൻ ബേസ്‌ഡ് ലീനിയർ ടെലിവിഷൻ ഡിസ്ട്രിബ്യൂഷൻ" (ALTD) വിഭാഗത്തിലേക്ക് മാറ്റും.

ആപ്പ് അധിഷ്‌ഠിത ടെലിവിഷൻ സേവനങ്ങള്‍ക്ക് നിയന്ത്രണം വരുന്നു

രാജ്യത്ത് വേഗത്തിൽ വളർന്ന് വരുന്ന ആപ്പ് അധിഷ്‌ഠിത ടെലിവിഷൻ സേവനങ്ങളെ നിയന്ത്രിക്കുന്നതിനായിട്ടാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുതിയ നീക്കവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ആപ്പ് അധിഷ്ഠിത ലീനിയർ ടെലിവിഷൻ ഡിസ്ട്രിബ്യൂഷൻ (ALTD) സേവനങ്ങൾക്കും ഫ്രീ അഡ്‍സ്-സപ്പോർട്ടഡ് സ്ട്രീമിംഗ് ടെലിവിഷൻ (FAST) പ്ലാറ്റ്‌ഫോമുകൾക്കും ഒരു ഏകീകൃത ചട്ടക്കൂട് രൂപപ്പെടുത്തുന്നതിനായിട്ടാണ് ട്രായി കൺസൾട്ടേഷൻ പേപ്പർ പുറത്തിറക്കിയത്. ഈ വിഷയത്തിൽ വിവിധ പങ്കാളികളിൽ നിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും ക്ഷണിച്ചിരിക്കുകയാണ്.

വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ (MIB) നിർദ്ദേശത്തെ തുടർന്നാണ് ട്രായ് ഈ നടപടി സ്വീകരിച്ചത്. വ്യക്തമായ നിയന്ത്രണ സംവിധാനമില്ലാതെ ഫ്രീ അഡ്‍സ്-സപ്പോർട്ടഡ് സ്ട്രീമിംഗ് ടെലിവിഷൻ സേവനങ്ങൾ വേഗത്തിൽ വ്യാപകമാകുന്നതിൽ മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചിരുന്നു. സ്‌മാർട്ട് ടി.വികളിൽ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്‌തതായോ മൊബൈൽ ആപ്പുകൾ വഴിയോ ലഭ്യമാകുന്ന ഇത്തരം സേവനങ്ങൾ, ലൈസൻസ് ഇല്ലാതെയും രജിസ്ട്രേഷൻ കൂടാതെയും ഇന്‍റർനെറ്റിലൂടെ ലീനിയർ ടി.വി. ചാനലുകൾ പ്രേക്ഷകർക്ക് എത്തിക്കുന്നതാണ് എന്നതാണ് പ്രത്യേകത.

എഎൽടിഡി സേവനങ്ങൾ ബ്രോഡ്‌കാസ്റ്റിംഗ് രംഗത്ത് ഉയർന്നുവരുന്ന പുതിയ പ്രവണതയാണെന്ന് ട്രായ്‌ വിലയിരുത്തുന്നു. നിശ്ചിത സമയക്രമത്തിൽ സംപ്രേഷണം ചെയ്യുന്ന ചാനലുകളോടൊപ്പം ഓൺ-ഡിമാൻഡ് ഉള്ളടക്കവും ഇവ നൽകുന്നു. പരസ്യ വരുമാനത്തെ ആശ്രയിച്ചാണ് കൂടുതലായും ഇത്തരം പ്ലാറ്റ്‌ഫോമുകൾ പ്രവർത്തിക്കുന്നത്. കണക്റ്റഡ് ടി.വി, സ്‌മാർട്ട്ഫോൺ, ടാബ്‌ലെറ്റ്, വെബ് പ്ലാറ്റ്‌ഫോം എന്നിവയിലൂടെ ഈ സേവനങ്ങൾ ലഭ്യമാകുന്നത് പ്രേക്ഷകരുടെ കാണൽ ശീലങ്ങളിൽ വലിയ മാറ്റം ഉണ്ടാക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ഫാസ്റ്റ്, എഎൽടിഡി സേവനങ്ങളുടെ വ്യാപനം നിയന്ത്രണ രംഗത്ത് ചില പോരായ്മകൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് ട്രായ് പറയുന്നു. ഉള്ളടക്ക ഉത്തരവാദിത്വം, ഉപഭോക്തൃ സംരക്ഷണം, കേബിൾ ടി.വി, ഡിടിഎച്ച്, ഐപിടിവി തുടങ്ങിയ പരമ്പരാഗത സംവിധാനങ്ങളുമായുള്ള സമാന മത്സരം എന്നിവയിൽ പ്രശ്നങ്ങൾ ഉയർന്നിട്ടുണ്ട്. നിലവിലുള്ള ചട്ടങ്ങൾക്കു പുറത്താണ് ഈ പ്ലാറ്റ്‌ഫോമുകൾ പ്രവർത്തിക്കുന്നതെന്ന ആശങ്കയും ഉയരുന്നു. എഎൽടിഡി വിഭാഗത്തിൽ ടി.വി. നിർമ്മാതാക്കൾ, ഓപ്പറേറ്റിംഗ് സിസ്റ്റം കമ്പനികൾ, ആപ്പ് സേവനദാതാക്കൾ, ഉള്ളടക്ക സമാഹാരകർ തുടങ്ങിയവരാണ് പ്രധാന പങ്കാളികൾ. എന്നാൽ, ചാനലുകൾ സമാഹരിച്ച് വിതരണം ചെയ്യുന്നതിൽ ആപ്പ് പ്രൊവൈഡർമാർക്ക് മുഖ്യ പങ്കുണ്ടെന്നാണ് ട്രായിയുടെ നിരീക്ഷണം.

ചില എഎൽടിഡി പ്ലാറ്റ്‌ഫോമുകളിൽ പണമടച്ച് ലഭിക്കേണ്ട ചാനലുകൾ സൗജന്യമായി ലഭ്യമാകുന്നതും ചർച്ചയാവുന്നു. ഇത് നിലവിലുള്ള നിരക്കുകളെയും വിപണിയിലെ സമത്വത്തെയും ബാധിക്കാമെന്നാണ് വിലയിരുത്തൽ. കൂടാതെ, ഈ പ്ലാറ്റ്‌ഫോമുകളിലെ പ്രേക്ഷക വിവരങ്ങൾ ടി.വി. റേറ്റിംഗ് സംവിധാനത്തിൽ ഉൾപ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയും ട്രായ് ഉന്നയിക്കുന്നു. 2026 മെയ് നാലിനകം അഭിപ്രായങ്ങൾ സമർപ്പിക്കാനും മെയ് 18-നകം മറുപടികൾ നൽകാനും ട്രായി പങ്കാളികളെ ക്ഷണിച്ചിട്ടുണ്ട്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming