ഫേസ്ബുക്കിന് മുന്‍പ് ലോകത്തിന് ഹരമായിരുന്ന സോഷ്യല്‍ നെറ്റ്വര്‍ക്കായിരുന്നു ഓര്‍ക്കൂട്ട്. എന്നാല്‍ പിന്നീട് പ്രചാരം നശിച്ച ഓര്‍ക്കൂട്ടിനെ അതിനെ എറ്റെടുത്ത ഗൂഗിള്‍ 2014 സെപ്റ്റംബര്‍ 30ന് അവസാനിപ്പിച്ചു. ഗൂഗിള്‍ ഉദ്യോഗസ്ഥനായിരുന്ന ഓർക്കട ബുയുക്കൊട്ടനും ഗിതിന്‍ ജോസ് എന്നിവര്‍ ചേര്‍ന്നാണ് സ്വതന്ത്ര പ്രോജക്റ്റ് എന്ന നിലയില്‍ ഓര്‍ക്കുട്ട് വികസിപ്പിച്ചെടുത്തത്. ഇതിലെ ഓർക്കട ബുയുക്കൊട്ടന്‍ വീണ്ടും എത്തുന്നു ഓര്‍ക്കൂട്ടിന്‍റെ പിതാവിന്‍റെ പുതിയ പ്രോജക്ടിന്‍റെ പേര് ഹലോ.കോം 

ഹലോയിലേക്ക് സ്വാഗതം ചെയ്ത് ഓർക്കട് ബുയുക്കൊട്ടന്‍ ഒരു സന്ദേശം പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഇംഗ്ലിഷ്, ടര്‍ക്കിഷ്, ഫ്രഞ്ച്, സ്പാനിഷ്‌, പോര്‍ച്ചുഗീസ് ഭാഷകളിലാണ് ഓർക്കട് ബുയുക്കൊട്ടന്‍റെ സന്ദേശം. ഹലോ ഡോട്ട് കോം സന്ദര്‍ശിച്ചാല്‍ ഹലോ ആപ്പിന്റെ ആപ്പിള്‍/ആന്‍ഡ്രോയ്ഡ് പതിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. പക്ഷേ, ഹലോ ഇന്ത്യയില്‍ എത്തിയിട്ടില്ല.

ലൈക്കുകള്‍ക്ക് പകരം സ്നേഹത്താല്‍ നിര്‍മ്മിക്കപ്പെട്ട ആദ്യത്തെ സോഷ്യല്‍ നെറ്റ്‌വര്‍ക്കാണ് ഹലോയെന്നാണ് ഓർക്കട് പറയുന്നത്. ഫേസ്ബുക്ക് അടക്കമുള്ളവയില്‍ നിന്നും വ്യത്യസ്തമായി, യൂസര്‍മാരെ വീണ്ടും ആപ്പ് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന രീതിയിലാണ് ഹലോയുടെ രൂപകല്‍പന. 

ആപ്പിലെ ആക്ടിവിറ്റികള്‍ക്ക് കോയിന്‍സ്, റിവാര്‍ഡുകള്‍, പോയിന്റുകള്‍ എന്നിവ ലഭിക്കും. ഇതിനനുസരിച്ച് ഗെയിമുകളുടെ മാതൃകയില്‍ ലെവലുകളും ഉണ്ടാകും. പോസ്റ്റുകള്‍, ലൈക്കുകള്‍, കമന്റുകള്‍ എന്നിവയുടെ എണ്ണത്തിന്‍ഖെ അടിസ്ഥാനത്തിലാകും കര്‍മ പോയിന്‍റുകള്‍ ലഭിക്കുക. ഫേസ്ബുക്ക്‌, ട്വിറ്റര്‍ എന്നിവയില്‍ നിന്ന് വ്യത്യസ്തമായി താല്‍പര്യങ്ങളുടെയും വികാരങ്ങളുടെയും അടിസ്ഥാനത്തില്‍ ആളുകളെ ബന്ധിപ്പിക്കുകയാണ് ഹലോ ലക്ഷ്യമിടുന്നത്.

വിഷ്വല്‍ ആപ്ലിക്കേഷന്‍ എന്ന രീതിയില്‍ അവതരിപ്പിക്കുന്ന ഹലോയില്‍ ചിത്രങ്ങളുടെ രൂപത്തില്‍ മാത്രമേ പോസ്റ്റുകള്‍ ചെയ്യാനാകൂ. ടെക്സ്റ്റ് പോസ്റ്റുകള്‍ ഈ ആപ്പിൽ അനുവദിക്കില്ല. എന്തായാലും ഹാലോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.