ദില്ലി: ഇസ്രായേല്‍ സ്പെവെയര്‍ പെഗാസസ് ഫോണ്‍ ചോര്‍ത്തിയ സംഭവം കേന്ദ്ര സര്‍ക്കാര്‍ അറിവോടെയെന്ന് ഫോണ്‍ വിവരങ്ങള്‍ നഷ്ടപ്പെട്ട അജ്മല്‍ ഖാന്‍ ഏഷ്യാനെറ്റ് ന്യൂസിനോട്. കേന്ദ്ര സര്‍ക്കാരിനെതിരെ കോടതിയെ സമീപിക്കാനാണ് ഇന്ത്യയില്‍ നിന്നുള്ള ഇരുപതിലധികം പേരുടെ തീരുമാനം. ഏത് കേന്ദ്ര ഏജന്‍സിയുടെ അറിവോടെയാണ് ഫോണ്‍ ചോര്‍ത്തലെന്ന് സര്‍ക്കാര്‍ വ്യക്തനമാക്കണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടു

രണ്ട് ദിവസം മുമ്പാണ് വാട്ട്സ്ആപ്പിന്‍റെ സന്ദേശം അജ്മല്‍ ഖാനെ തേടിയെത്തിയത്. ഭീമാ കൊറേഗാവ് പ്രക്ഷോഭത്തില്‍ പങ്കെടുത്തതാവാം കാരണമെന്ന് അജ്മല്‍ സംശയിക്കുന്നു. ഇന്ത്യയില്‍ നിന്ന് ഇരുപതിലേറെപ്പേരുടെ ഫോണ്‍ വിവരങ്ങളാണ് പെഗാസസ് ചോര്‍ത്തിയെടുത്തത്. സ്പെവെയര്‍ നല്‍കാറുള്ളത് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കാണെന്ന് ഇസ്രായേലി കമ്പനി എന്‍എസ്ഒ അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ മെയില്‍ തന്നെ സര്‍ക്കാരിനെ ഫോണ്‍ ചോര്‍ത്തല്‍ വിവരം അറിയിച്ചെന്ന വാട്ട്സ്ആപ്പ് വിശദീകരണം വന്നതിന് പിന്നാലെ കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസും രംഗത്തെത്തി. 

എത്ര വില നല്‍കിയാണ് സ്പൈവെയര്‍ വാങ്ങിയതെന്നും ആരാണ് വിവരം ചോര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കുന്നതെന്ന് വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ആവശ്യപ്പെട്ടു. എന്നാല്‍ വാട്ട്സ്ആപ്പ് കൈമാറിയ സന്ദേശത്തില്‍ പെഗാസസിന്‍റെ വിശദാംശങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

ദില്ലിയില്‍ നിന്ന് അഞ്ജുരാജ് നടത്തിയ അഭിമുഖം: