Asianet News MalayalamAsianet News Malayalam

യഥാര്‍ഥമോ വ്യാജനോ? എഐ ചിത്രങ്ങള്‍ തിരിച്ചറിയാന്‍ എളുപ്പവഴികളുണ്ട്; വീഡിയോ പങ്കുവെച്ച് പിഐബി

ഒര്‍ജിനലിനെ വെല്ലുന്നതെങ്കിലും എഐ ചിത്രങ്ങള്‍ കണ്ടെത്താന്‍ ചില കുറുക്കുവഴികളുണ്ട്

PIB shares video on how to spot AI Generated images like a Pro
Author
First Published May 22, 2024, 12:01 PM IST

ദില്ലി: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ (എഐ) അപകടസാധ്യതകൾ വ്യക്തമാക്കുന്ന വീഡിയോ പങ്കുവെച്ച് കേന്ദ്ര സർക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ. എഐ നിർമ്മിത ചിത്രങ്ങൾ എങ്ങനെ എളുപ്പത്തില്‍ തിരിച്ചറിയാം എന്ന് വീഡിയോയില്‍ പിഐബി വിശദീകരിക്കുന്നു. 

ഒര്‍ജിനലിനെ വെല്ലുന്നതെങ്കിലും എഐ ചിത്രങ്ങള്‍ കണ്ടെത്താന്‍ ചില കുറുക്കുവഴികളുണ്ട്. ചിത്രങ്ങളില്‍ എന്തെങ്കിലും അസ്വാഭാവികമായ കാര്യങ്ങളുണ്ടോ എന്ന് കണ്ടെത്തുകയാണ് ആദ്യം വേണ്ടത്. എഐ ചിത്രങ്ങളെ തിരിച്ചറിയുന്നതിനുള്ള ആദ്യപടിയാണ് ഇത്. വിരലുകളുടെ എണ്ണം, വസ്ത്രങ്ങളിലും മറ്റുമുള്ള അസ്വാഭാവികതകൾ, എഴുത്തുകളിൽ കാണുന്ന പ്രശ്നങ്ങൾ, അസാധാരണമായ നിഴൽ, അസ്വാഭാവികമായ വെളിച്ചം, വസ്തുക്കൾ, അവയുടെ സ്ഥാനം, ഗുരുത്വബലം ഇല്ലെന്ന പോലെ വായുവിൽ ഉയർന്നു നിൽക്കുന്നതും മറ്റുമായ വസ്തുക്കളുടെ സ്ഥാനം, അസാധാരണമായ നിറങ്ങൾ, മൂക്ക്, കണ്ണ്, ചുണ്ടുകൾ, ചിരി, മുടി തുടങ്ങി മനുഷ്യ മുഖത്തെ വിവിധ ഭാഗങ്ങളിലുള്ള അസ്വാഭാവികത എന്നിവയെല്ലാം നിരീക്ഷിച്ചാല്‍ ചിത്രം യഥാര്‍ഥമോ എഐ നിര്‍മിതമോ എന്ന സൂചനയിലേക്ക് എത്താനാകും. എഐ ചിത്രങ്ങളില്‍ സാധാരണയായി കൈകളില്‍ അഞ്ചിലധികം വിരലുകളും ഒരു കൂട്ടം ആളുകളുടെ ചിത്രമെടുത്താല്‍, അതില്‍ ഒന്നിലധികം പേര്‍ക്ക് ഒരേ മുഖഛായയും ദൃശ്യമാകാറുണ്ട്. 

അടുത്തിടെയാണ് ഡീപ്പ് ഫേക്ക് ഉള്ളടക്കത്തിനെതിരെ കേന്ദ്ര സർക്കാർ നിലപാട് കടുപ്പിച്ചത്. ഡീപ്പ് ഫേക്ക് ഉള്ളടക്കങ്ങളിൽ അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി പ്രത്യേക ഓഫീസറെ നിയമിക്കുമെന്ന് അന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നു. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുമായി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ചർച്ചകളും നടത്തിയിരുന്നു. കൂടാതെ ഐടി നിയമ ലംഘനവുമായി ബന്ധപ്പെട്ട ആശങ്കകൾ ഉപഭോക്താക്കളുടെ ശ്രദ്ധയിൽപ്പെടുത്താനും പരാതി നൽകുന്നതിനുള്ള സഹായം നൽകുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യം ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യും. അതിനുശേഷം ഉള്ളടക്കത്തിന്റെ സോഴ്സ് കണ്ടെത്തിയാകും നടപടികൾ തുടരുക. ഡീപ്പ്‌ ഫേക്കുകള്‍ ഷെയർ ചെയ്തവർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്യുമെന്ന് മന്ത്രി പറഞ്ഞിരുന്നു.

Read more: ആര് ഭരിക്കും? വാതുവെപ്പ് വഴി അനധികൃതമായി ഒഴുകുന്നത് കോടികള്‍; എന്താണ് ഫലോഡി സട്ട മാര്‍ക്കറ്റ്?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


 

Latest Videos
Follow Us:
Download App:
  • android
  • ios