Asianet News MalayalamAsianet News Malayalam

അന്‍റാര്‍ട്ടിക്ക മേഖലയിലുണ്ടായിരുന്ന ഭീകരജീവിയെക്കുറിച്ച് തെളിവുകള്‍

Plesiosaur Ancient Sea Monster Discovered in Antarctica
Author
First Published Jan 1, 2018, 1:50 PM IST

ബ്രൂണേസ് അയേസ്:  15 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്‍റാര്‍റ്റിക്ക മേഖലയിലുണ്ടായിരുന്ന ഭീകരജീവിയെക്കുറിച്ച് തെളിവുകള്‍. അര്‍ജന്‍റീനയില്‍ നിന്നുള്ള ഗവേഷകരാണ്  15 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭൂമിയില്‍ ജീവിച്ചിരുന്ന ഉരഗജീവിയുടെ ഫോസിലുകള്‍ അന്‍റാറ്റിക്കന്‍ മഞ്ഞുപ്രദേശത്ത് കണ്ടെത്തിയത്. ജുറാസിക് കാലഘട്ടത്തിന്‍റെ അവസാന കണ്ണികളില്‍ ഒന്നായിരിക്കാം ഈ ജീവി എന്നാണ് ഇപ്പോഴത്തെ ശാസ്ത്രലോകത്തിന്‍റെ അനുമാനം. എന്നാല്‍ സാധാരണ ഉരഗ ഫോസിലുകള്‍ ലഭിക്കുന്ന പാറകളുടെ സാന്നിധ്യം ഈ ജീവിയുടെ ഫോസിലുകള്‍ കിട്ടിയ പ്രദേശത്ത് ഇല്ലെന്നതാണ് ശ്രദ്ധേയമായ കാര്യം.

 പ്ലീസിയസോറുകള്‍ എന്ന തരം ദിനോസറുകളുടെ വിഭാഗത്തിലാണ്  ഈ ഉരഗത്തെ പെടുത്തിയിരിക്കുന്നത്. പരിണാമഘട്ടത്തിലെ പല നിര്‍ണായക കണ്ണികളെയും കൂട്ടിയോജിപ്പിക്കാനാക്കാന്‍ സാധിക്കുന്ന കണ്ടെത്തലാണ് ഇതെന്നാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയ നാഷനല്‍ യൂണിവേഴ്‌സിറ്റി ഓഫ് ല മറ്റാന്‍സയിലെ വിദഗ്ധര്‍ പറയുന്നു. പറയുന്നു. ലോകത്ത് ഇന്നേവരെ രേഖപ്പെടുത്താത്ത കണ്ടെത്തലാണ് ഇതെന്നാണ് ഇവരുടെ അഭിപ്രായം. 

മാംസഭോജികളാണ് ഇത്തരം ജീവികള്‍. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നതിന് ആറു മീറ്ററിലേറെയുണ്ട് നീളം. നീളന്‍ കഴുത്താണ് മറ്റൊരു പ്രത്യേകത. ചിറകുകള്‍ക്കു സമാനമായ നാല് അവയവങ്ങളുമുണ്ട്. ഇവ ഒരു പങ്കായം പോലെ തുഴഞ്ഞായിരുന്നു സഞ്ചാരം. 12 മീറ്ററോളം നീളം വരും ഈ ചിറകുകള്‍ക്ക്. അതിവേഗത്തില്‍ സഞ്ചരിക്കാനുമുള്ള കഴിവുമുണ്ട് ഇവയ്ക്ക്. നീളന്‍ കഴുത്തിന്നറ്റത്ത് ചെറിയ തലയും ഇവയുടെ പ്രത്യേകതയാണ്. പരന്ന തരത്തിലുള്ള ശരീരമാണ് ഇവയ്ക്കുള്ളത്.  ഫോസിലിലെ കണ്ടെത്തലുകളില്‍ ഗവേഷകര്‍ ജീവിയുടെ ശരീരം അനുമാനിക്കുന്നത് ഇങ്ങനെയാണ്.

ഇപ്പോള്‍ കാലവസ്ഥ പ്രശ്നങ്ങളാല്‍ ഫോസില്‍ കണ്ടെത്തിയ ഭാഗത്തെ പരിവേഷണം നിര്‍ത്തി വച്ചിരിക്കുകയാണ്.  അര്‍ജന്‍റീനയിലെ നാഷനല്‍ സയ്ന്‍റിഫിക്ക് ആന്‍ഡ് ടെക്‌നിക്കല്‍ റിസര്‍ച്ച് കൗണ്‍സിലിലെ പാലിയന്‍റോളജിസ്റ്റുകളും ഗവേഷണത്തില്‍ പങ്കാളികളാണ്. അര്‍ജന്റീനയുടെ മറാംബിയോ ബേസില്‍ നിന്ന് രണ്ടു മണിക്കൂറോളം ഹെലികോപ്റ്ററില്‍ യാത്ര ചെയ്താല്‍ ഈ ഫോസില്‍ കണ്ടെത്തിയ സ്ഥലത്തെത്താം. ജനുവരിയില്‍ വീണ്ടും പരിവേഷണം ആരംഭിക്കാനാണ്  നാഷനല്‍ യൂണിവേഴ്‌സിറ്റി ഓഫ് ല മറ്റാന്‍സയിലെ ഗവേഷകരുടെ ശ്രമം.

Follow Us:
Download App:
  • android
  • ios