ലണ്ടന്‍: പോക്കിമോൻ സംബന്ധിച്ച വാര്‍ത്തകള്‍ ദിവസവും മാധ്യമങ്ങളില്‍ നിറയുകയാണ്. അവസാനം വന്നത് 26 കാരിയായ ഒരു അദ്ധ്യാപിക പോക്കിമോന്‍ കളിക്കായി ജോലി രാജിവച്ചു എന്നതാണ്. ലണ്ടനില്‍ നിന്നുള്ള സോഫിയ പെഡ്റാസ വെറുതെ കളിക്കാന്‍ അല്ല, പോക്കിമോനെ ആള്‍ക്കാര്‍ക്ക് പിടിച്ച് കൊടുത്ത് പണം സമ്പാദിക്കാനാണ് ജോലി രാജിവച്ചത്. പോക്കിമോന്‍ പിടിച്ച് കളക്ട് ചെയ്ത് ഇ-ബേ വഴി പങ്കുവയ്ക്കുക എന്നതാണ് ഇവരുടെ ഐഡിയ.

അതേസമയം സോഷ്യൽമീഡിയ രംഗത്തെ ഭീമന്മാരായ ഫേസ്ബുക്കിനേയും കീഴടക്കി മുന്നേറുകയാണ് പോക്കിമോന്‍. നേരത്തെ അമേരിക്കന്‍ ഓൺലൈൻ ഉപയോക്താക്കള്‍ ഏറ്റവും കൂടുതൽ സമയം ചെലവിട്ടിരുന്ന ആപ്പ് ഫേസ്ബുക്കായിരുന്നു. എന്നാൽ പോക്കിമോൻ ഈ ടൈം കുറച്ചെന്നാണ് റിപ്പോര്‍ട്ട്.

ജിപിഎസിന്‍റെ സഹായത്തോടെ പ്രവർത്തിക്കുന്ന പോക്കിമോൻ കളിക്കാനായി മിക്കവരും ദിവസവും ചെലവിടുന്നത് ശരാശരി 75 മിനിറ്റാണ്. എന്നാൽ ഫെയ്സ്ബുക്കിനായി സമയം കണ്ടെത്തുന്നത് കേവലം 35 മിനിറ്റ് മാത്രം. ഓൺലൈൻ ലോകത്തെ സമയക്രമത്തെ ഒന്നടങ്കം മാറ്റിമറിക്കുന്നതാണ് പോക്കിമോന്റെ വരവെന്നാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്‍റെ അഭിപ്രായം.

വാട്സാപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് മെസഞ്ചർ എന്നിവ ഉപയോഗിക്കാൻ കണ്ടെത്തിയിരുന്ന സമയത്തിന്‍റെ ഒരുഭാഗം പോക്കിമോനെ പിടിക്കാൻ ചെലവിടുകയാണ് വലിയോരു വിഭാഗം ഓണ്‍ലൈന്‍കാര്‍. മുൻനിര സോഷ്യൽമീഡിയ കമ്പനികൾക്ക് വൻ നഷ്ടം വരുത്തുന്നതാണ് പോക്കിമോന്‍റെ കടന്ന് വരവ് എന്നാണ് ടെക് ഇക്കോണമിസ്റ്റുകളുടെ വാദം. 

പോക്കിമോൻ പുറത്തിറങ്ങിയതിനു ശേഷം യുട്യൂബിന്റെ 7 ശതമാനവും സ്നാപ്ചാറ്റിന്റെ 18 ശതമാനവും ദിവസ ഉപയോഗം അമേരിക്കയില്‍ കുറഞ്ഞെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്. ആദ്യ ആഴ്ചയിൽ തന്നെ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്ത ആപ്ലിക്കേഷൻ എന്ന റെക്കോർ‍ഡും പോക്കിമോൻ സ്വന്തമാക്കിയിട്ടുണ്ട്.