Asianet News MalayalamAsianet News Malayalam

ഫ്ലിപ്പ്കാര്‍ട്ടിനെതിരെ പാളയത്തില്‍ പട; അവസരം മുതലാക്കാനൊരുങ്ങി ആമസോണ്‍

Price war in ecommerce as Amazon cuts its referral fee for certain categories
Author
First Published Jun 17, 2016, 5:23 AM IST

ഇ കൊമേഴ്സ് വെബ്സൈറ്റുകള്‍ വഴി വില്‍പ്പന നടത്തുന്ന വ്യാപാരികള്‍ വില്‍പ്പന വിലയുടെ നിശ്ചിത ശതമാനം വെബ്സൈറ്റിന് നല്‍കണമെന്നതാണ് വ്യവസ്ഥ. അടുത്തിടെയാണ് ഈ നിരക്കുകളില്‍ ഫ്ലിപ്പ്കാര്‍ട്ടും പിന്നാലെ ആമസോണും മാറ്റം വരുത്തിയത്. ചില വിഭാഗങ്ങളിലെ ഉല്‍പ്പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം വരെയാണ് ഫ്ലിപ്പ്കാര്‍ട്ട് തങ്ങളുടെ കമ്മീഷന്‍ വര്‍ദ്ധിപ്പിച്ചത്.  ഇതിന് പുറമെ  ഉപഭോക്താക്കള്‍ തിരികെ നല്‍കുന്ന ഉല്‍പ്പന്നങ്ങളുടെ റിവേഴ്സ് ഷിപ്പിങ് ചാര്‍ജ്ജും വര്‍ദ്ധിപ്പിച്ചു. ജൂണ്‍ 20 മുതല്‍ പുതിയ നിരക്കുകള്‍ വ്യാപാരികളില്‍ നിന്ന് ഇടാക്കിത്തുടങ്ങും. നേരത്തെ വ്യാപാരികളുടെ പിഴവ് കൊണ്ട് തിരിച്ചെടുക്കേണ്ട വരുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമാണ് ഫ്ലിപ്പ്കാര്‍ട്ട് ഷിപ്പിങ് ചാര്‍ജ്ജ് വ്യാപാരികളില്‍ നിന്ന് ഈടാക്കിയിരുന്നത്. എല്ലാ വിഭാഗങ്ങളിലും വിറ്റഴിക്കപ്പെടുന്ന ഉല്‍പ്പന്നങ്ങളുടെ എട്ടു മുതല്‍ 10 ശതമാനം വരെ തിരിച്ചെടുക്കേണ്ടി വരുന്നുവെന്നാണ് കണക്കുകള്‍.

ഓണ്‍ലൈന്‍ വ്യാപാര വെബ്സൈറ്റുകള്‍ വഴി കച്ചവടം നടത്തുന്ന ചെറുകമ്പനികളുടെ രണ്ട് സംഘടനകളാണ് കഴിഞ്ഞയാഴ്ച ഫ്ലിപ്കാര്‍ട്ടിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. വ്യാപാരനയങ്ങളില്‍ ഏകപക്ഷീയമായ മാറ്റമാണ് ഫ്ലിപ്പ്കാര്‍ട്ട് നടപ്പാക്കുന്നതെന്നും ഇതില്‍ പ്രതിഷേധിച്ച് ഒന്നുകില്‍ ഫ്ലിപ്പ്കാര്‍ട്ടുമായുള്ള കരാര്‍ അവസാനിപ്പിക്കുകയോ അല്ലെങ്കില്‍ കരാര്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ സാധാനങ്ങളുടെ വില്‍പ്പന നിര്‍ത്തിവെയ്ക്കുകയോ ചെയ്യുമെന്നാണ് ഇവര്‍ പറയുന്നത്. 90,000ല്‍ അധികം വരുന്ന ഫ്ലിപ്പ്കാര്‍ട്ട് വ്യാപാരികളില്‍ ആയിരത്തോളം സ്ഥാപനങ്ങളാണ് ഇപ്പോള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ പ്രതിഷേധം വ്യാപിക്കുമെന്നാണ് സൂചന.

അതേസമയം മുഖ്യഎതിരാളിയുടെ ആഭ്യന്തര പ്രശ്നം പരമാവധി മുതലാക്കാനാണ് ആമസോണിന്റെ ശ്രമം. വ്യാപാരികളില്‍ നിന്ന് ആമസോണ്‍ റിവേഴ്സ് ശിപ്പിങ് ചാര്‍ജ്ജ് ഇടാക്കുന്നില്ല. ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളടക്കം വ്യാപകമായി വിറ്റുപോകുന്ന വിഭാഗങ്ങള്‍ക്ക് കമ്മീഷന്‍ നിരക്ക് കുറയ്ക്കുകയും ചെയ്തു. ഫ്ലിപ്പ്കാര്‍ട്ട് നിരക്ക് കൂട്ടി മൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് ആമസോണിന്റെ നിരക്ക് കുറയ്ക്കാനുള്ള തീരുമാനം പുറത്തുവന്നത്. വ്യാപാരികള്‍ ഈ ആനുകൂല്യം ഉപഭോക്താക്കള്‍ക്കും നല്‍കാന്‍ തയ്യാറായാല്‍ കൂടുതല്‍ വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാക്കാനും കഴിയും. ഇന്ത്യയിലെ ബിസിനസ് മെച്ചപ്പെടുത്തുന്നതിനായി മൂന്ന് ബില്യന്‍ ഡോളറാണ് ആമസോണ്‍ നീക്കിവെച്ചിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios