കൊച്ചി: കുറ്റവാളികളെ പിടികൂടാനും കാണാതായ കുട്ടികളെ കണ്ടെത്താനുമുള്ള ശ്രമത്തില്‍ രാജ്യവ്യാപകമായി ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ഇന്ത്യ തയ്യാറെടുക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനങ്ങളില്‍ ഒന്നായിരിക്കാം ഇത്. ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ അടുത്തയാഴ്ച കരാര്‍ വിളിക്കാനിരിക്കെ നിരവധി പേര്‍ മറുവാദവുമായി രംഗത്തെത്തിയിട്ടുണ്ട്.

സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം നല്‍കുന്ന അപകടങ്ങളെക്കുറിച്ചും വര്‍ദ്ധിച്ച നിരീക്ഷണങ്ങള്‍ നല്‍കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും മനുഷ്യാവകാശ സാങ്കേതിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. എന്നാല്‍, പൗരന്മാരുടെ സുരക്ഷയെ പ്രതിയുള്ള പൊതു സ്ഥലങ്ങളില്‍ നിന്നുള്ള പൊതു നിരീക്ഷണ സംവിധാനം മാത്രമാണിതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം.

പൊലീസ് സേനയെ നവീകരിക്കുക, കുറ്റകൃത്യങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുക, ക്രിമിനലുകളെ തിരിച്ചറിയുക എന്നിവയ്ക്കുള്ള ശ്രമത്തിന്റെ ഭാഗമായാണിതെന്ന് ഇന്ത്യയുടെ ദേശീയ ക്രൈം ബ്യൂറോ അഭിപ്രായപ്പെടുന്നു. എന്നാല്‍, ഫേസ് റെക്കഗ്നീഷനു വേണ്ടിയുള്ള ക്യാമറ എവിടെ വിന്യസിക്കും, എന്ത് ഡാറ്റ ഉപയോഗിക്കും, ഡാറ്റകള്‍ എങ്ങനെ സംഭരിക്കും എങ്ങനെ നിയന്ത്രിക്കും എന്നതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലാത്തത് ദുരൂഹത സൃഷ്ടിക്കുന്നുണ്ടെന്ന് ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അപര്‍ ഗുപ്ത പറഞ്ഞു.

'ഡാറ്റാ പ്രൊട്ടക്ഷന്‍ നിയമവും ഇലക്ട്രോണിക് നിരീക്ഷണ ചട്ടക്കൂടും ഇല്ലാതെ ഇത് സാമൂഹിക നിയന്ത്രണത്തിനും ഇടയാക്കും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആധാര്‍ ഡാറ്റാ ലംഘനത്തെക്കുറിച്ചും കാര്‍ഡുകള്‍ സേവനങ്ങള്‍ക്കായി നിര്‍ബന്ധിതമായി ഉപയോഗിക്കുന്നതിനെക്കുറിച്ചും വ്യാപകമായി പരാതി ഉയര്‍ന്നപ്പോള്‍ 2017ലെ സുപ്രധാന വിധിന്യായത്തില്‍ സുപ്രീംകോടതി, വ്യക്തിഗത സ്വകാര്യത ഒരു മൗലികാവകാശമാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.

എന്നിട്ടും ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യയുടെ ആവിഷ്‌കാരമോ ആധാറിനെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുമായി ബന്ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശമോ ഈ വിധി പരിശോധിച്ചിട്ടില്ലെന്നും ഗുപ്ത പറഞ്ഞു. ക്ലൗഡ് കമ്പ്യൂട്ടിംഗിന്റെയും കൃത്രിമ ഇന്റലിജന്‍സ് സാങ്കേതികവിദ്യകളുടെയും ഉയര്‍ച്ച കുറ്റവാളികളെ ട്രാക്കുചെയ്യുന്നത് മുതല്‍ കാണാതാകുന്ന നിരവധി വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നത് വരെയുള്ള നിരവധി ആപ്ലിക്കേഷനുകള്‍ക്ക് ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ഉപയോഗിക്കുന്നുണ്ട്. ഇതിനെ പിന്തുടര്‍ന്നാണ് രാജ്യത്തും ഈ സംവിധാനത്തെക്കുറിച്ച് ആലോചനയുണര്‍ന്നത്.

എന്നിരുന്നാലും ഇതിനു കാര്യമായ തിരിച്ചടി ഉണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഫേഷ്യല്‍ റെഗ്നീഷ്യന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് നിരോധിച്ചു കഴിഞ്ഞു. കൂടാതെ, ലോകത്തില്‍ പലേടത്തും ഇത്തരത്തിലുള്ള നിരീക്ഷണ വിരുദ്ധ ക്യാംപ്‌യെനും ജനപ്രിയമാവുകയാണ്. ഇത്തരത്തില്‍ ലോകത്തെ ഏറ്റവും കൂടുതല്‍ നിരീക്ഷിക്കപ്പെടുന്ന നഗരങ്ങളില്‍ ഇന്ത്യയില്‍ നിന്നും ദില്ലി, ചെന്നൈ എന്നിവയുമുണ്ട്.

ജൂലൈയില്‍ ഏതാനും ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍, പരീക്ഷാടിസ്ഥാനത്തില്‍ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യ ആരംഭിച്ചിട്ടുണ്ട്. ഈ രീതി പിന്തുടരുന്നതു കൊണ്ട് കാണാതായ മൂവായിരത്തോളം കുട്ടികളെ വെറും ദിവസങ്ങള്‍ക്കുള്ളില്‍ തിരിച്ചറിഞ്ഞതായി ദില്ലി പൊലീസ് അറിയിച്ചു. എന്നാല്‍, ഇതു സംബന്ധിച്ചു പഠനങ്ങള്‍ നടത്തിയ ടെക്‌നോളജി സൈറ്റായ കോംപാരിടെക്, 'പൊതു സിസിടിവി ക്യാമറകളുടെ എണ്ണവും കുറ്റകൃത്യമോ സുരക്ഷയോ തമ്മില്‍ വലിയ ബന്ധമില്ല' എന്ന് കണ്ടെത്തി.

ഇതിനു പുറമേ, പലപ്പോഴും സ്ത്രീകളെയും വംശീയ ന്യൂനപക്ഷങ്ങളില്‍ നിന്നുള്ളവരെയും ലിംഗമാറ്റക്കാരെയും തിരിച്ചറിയുന്നതില്‍ സാങ്കേതികവിദ്യ കൃത്യമല്ലെന്ന് തെളിഞ്ഞിട്ടുണ്ട്.

അതിനാല്‍, തദ്ദേശവാസികളും ന്യൂനപക്ഷങ്ങളും പോലുള്ള ദുര്‍ബല വിഭാഗങ്ങളെ കൂടുതലായി പ്രതിനിധീകരിക്കുന്ന ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയില്‍ ഇത് ഉപയോഗിക്കുന്നത് കൂടുതല്‍ ദുരുപയോഗത്തിനു വഴിവെക്കുമെന്ന് ബ്രിട്ടന്‍ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ ആര്‍ട്ടിക്കിള്‍ 19 ലെ അഭിഭാഷകനും കൃത്രിമ ഇന്റലിജന്‍സ് ഗവേഷകനുമായ വിദുഷി മര്‍ദ പറഞ്ഞു. ഏതായാലും, ഫേഷ്യല്‍ റെഗ്നീഷ്യന്‍ സാങ്കേതിക വിദ്യ രാജ്യത്ത് ഉപയോഗിക്കാന്‍ തീരുമാനിച്ചാല്‍ അതു ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് അഭിപ്രായങ്ങള്‍ ഉയരുന്നത്.