സ്മാര്‍ട്ട്‌ഫോണ്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയാത്തവരാണ് നമ്മളില്‍ പലരും. എന്നാല്‍ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ സ്മാര്‍ട്ട്‌ഫോണ്‍ മൂലം നിങ്ങള്‍ക്ക് നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. അമേരിക്കയിലെ സാന്‍ ഡീഗോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍നിന്നുള്ള ജീന്‍ ട്വെംഗെ പുറത്ത് വിട്ട പഠന റിപ്പോര്‍ട്ട് പ്രകാരം, സ്മാര്‍ട്ട്‌ഫോണുകളുടെയും കമ്പ്യൂട്ടറുകളുടെയും നീണ്ട ഉപയോഗം, കൗമാരപ്രായക്കാരില്‍ വിഷാദരോഗത്തിനും ആത്മഹത്യക്കും കാരണമാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

500,000 കൗമാരക്കാരില്‍ നടത്തിയ ചോദ്യോത്തര വിവരങ്ങള്‍ ശേഖരിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. 48 % കൗമാരക്കാര്‍ ദിവസത്തില്‍ അഞ്ച് മണിക്കൂറോ അതില്‍ കൂടുതലോ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നു. ഇവരില്‍ കുറഞ്ഞത് ഒരു ആത്മഹത്യയുമായി ബന്ധപ്പെട്ട സംഭവമെങ്കിലും റിപ്പോര്‍ട്ടു ചെയ്തതായി കണ്ടെത്തിയിട്ടുണ്ടെന്നും പഠനത്തില്‍ പറയുന്നു. സ്മാര്‍ട്ട് ഫോണുകളുടെ അമിത ഉപയോഗം കൗമാരക്കാരില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നതായി വ്യക്തമായിട്ടുണ്ട്. ഇത് കൂടുതലും സ്ത്രീകളിലാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. 

അമേരിക്കന്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍റ് പ്രിവന്‍ഷനില്‍ സൂക്ഷിച്ചിരിക്കുന്ന ഡാറ്റയുടെ സ്ഥിതിവിവരക്കണക്കുകള്‍ ഇപ്രകാരമാണ്. 13 നും 18 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളുടെ ആത്മഹത്യാനിരക്ക് 2010 ല്‍ നിന്ന് 2015 ആയപ്പോള്‍ 65 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. ആത്മഹത്യയെ കുറിച്ച് ചിന്തിക്കുകയും ആത്മഹത്യക്കായി പ്ലാന്‍ ചെയ്യുകയും കടുത്ത വിഷാദത്തിന് അടിമപ്പെടുന്നവരും 12 ശതമാനം കൂടിയിട്ടുണ്ട്. 

വിഷാദ രോഗത്തിന്‍റെ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൗമാര പെണ്‍കുട്ടികളുടെ എണ്ണം 58ശതമാനമായും വര്‍ദ്ധിച്ചിട്ടുണ്ട്. ക്ലിനിക്കല്‍ സൈക്കോളജിക്കല്‍ സയന്‍സ് എന്ന ജേണലില്‍ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.