ലണ്ടന്‍: തുണ്ടുകടലാസ് കൊണ്ടല്ല ഇപ്പോള്‍ സ്മാര്‍ട്ട് ഉപകരണങ്ങളാണ് കോപ്പിയടിക്കാര്‍ വരുന്നത്. പറയുന്നത് ലോകത്തിലെ തന്നെ ഏറ്റവും വലിയ യൂണിവേഴ്സിറ്റികളില്‍ ഒന്നാണ്. 2012 നു ശേഷം ലണ്ടനിലെ ക്യൂന്‍ മേരി സര്‍വകലാശാലകളിലെ കോപ്പിയടിയില്‍ 42 ശതമാനം വര്‍ധനയുണ്ടായെന്നാണു സര്‍ക്കാര്‍ രേഖകള്‍. ഓണ്‍ലൈനായി വാങ്ങുന്ന 938 രൂപയ്‌ക്ക്‌ ലഭിക്കുന്ന ഉപകരണങ്ങളാണു പലപ്പോഴും വിദ്യാര്‍ഥികളുടെ ആയുധം. 

ഇവകൂടാതെ സ്‌മാര്‍ട്ട്‌ ഫോണുകള്‍, വാച്ചുകള്‍, ശ്രവണസഹായി എന്നിവയെയും വിദ്യാര്‍ഥികള്‍ കോപ്പിയടിക്ക്‌ ഉപയോഗിക്കുന്നതായി ദ്‌ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. കോപ്പിയടിക്കു പിടിയിലായ മൂന്നില്‍ രണ്ട്‌ വിദ്യാര്‍ഥികളും സ്‌മാര്‍ട്ട്‌ ഡിവൈസുകളെയാണ്‌ ആശ്രയിച്ചതെന്നാണു ക്യൂന്‍ മേരി സര്‍വകലാശാലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇ- ബേയില്‍നിന്ന്‌ 1,000 രൂപയില്‍ താഴെ വിലയ്‌ക്കു ലഭിക്കുന്ന വയര്‍ലെസ്‌ നാനോ ഇയര്‍ഫോണിനെയാണു കൂടുതല്‍ വിദ്യാര്‍ഥികളും ആശ്രയിച്ചത്‌. മുടി ധാരാളമുള്ള വിദ്യാര്‍ഥികള്‍ ഇത്‌ ഉപയോഗിച്ചാല്‍ കണ്ടെത്താന്‍ പ്രയാസമാണ്‌. യുവി ലൈറ്റ്‌ പെന്നാണു മറ്റൊരു വിഭാഗത്തിനു പ്രിയം. 

സൂത്രവാക്യങ്ങള്‍ സൂക്ഷിക്കാന്‍ കഴിയുന്ന കാല്‍കുലേറ്ററുകളും തരംഗമായി മാറുകയാണ്‌. 14 മുതല്‍ 24 വയസുവരെയുള്ളവരാണു കോപ്പിയടിക്കു സ്‌മാര്‍ട്ട്‌ ഉപകരണങ്ങളെ ആശ്രയിക്കുന്നവരില്‍ മുന്നില്‍.