മുംബൈ: റെയില്‍വേ ട്രാക്കില്‍ നിന്നും സെല്‍ഫി എടുത്ത് അപകടത്തില്‍ പെടുന്നവരുടെ വാര്‍ത്തകള്‍ ദിനംപ്രതിയാണ് വര്‍ദ്ധിച്ചുവരുന്നത്. ഓടിയടുക്കുന്ന ട്രെയിനിന് മുന്നിലും അപകടകരമായ മറ്റ് സ്ഥലങ്ങളിലുമെല്ലാം നിന്ന് സെല്‍ഫി എടുക്കുന്നതിനാണ് കൂടുതല്‍ ആളുകളും ശ്രമിക്കുന്നത്. 

സെല്‍ഫി പ്രേമം തലയ്ക്ക് പിടിച്ചിരിക്കുന്നവര്‍ക്ക് ഇനി പിടിവീഴും. ഓടിയടുക്കുന്ന ട്രെയിനിന് മുന്നിലോ പ്ലാറ്റ്‌ഫോമിന് അരികിലോ നിന്ന് സെല്‍ഫി എടുക്കുന്നവര്‍ക്കെതിരെ കേസ് എടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് റെയില്‍വേ. അഞ്ചുവര്‍ഷം വരെ തടവുശിക്ഷ ഇതിന് ലഭിച്ചേക്കാം. 1989 ലെ റെയിവേ നിയമത്തിലെ 145,147,153 വകുപ്പുകളാകും ഇത്തരക്കാര്‍ക്കെതിരെ ചുമത്തുകയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഓടിയടുക്കുന്ന ട്രെയിനിന് മുന്നിലോ പ്ലാറ്റ്‌ഫോമിന്റെ അരികിലോ നിന്ന് സെല്‍ഫി എടുത്താല്‍ 153-മത്തെ വകുപ്പ് അനുസരിച്ച് ഇവര്‍ക്കെതിരെ കേസ് എടുക്കാന്‍ റെയില്‍വേയ്ക്ക് അധികാരമുണ്ടാകും. ട്രെയിന്‍ ഇല്ലാത്ത റെയില്‍പാളത്തില്‍ നിന്ന് സെല്‍ഫി എടുത്താല്‍ 145-മത്തെ വകുപ്പ് ചുമത്തി കേസെടുക്കും.