സ്ഥലത്തെ പ്രമുഖന്‍റെ  മകളെ ഒരു പറ്റം ആളുകള്‍ തട്ടിക്കൊണ്ടുപോകുന്നു. ഭീകരസംഘത്തിലെ തലവന്‍ മകളുടെ  നേര്‍ക്ക് തോക്ക് ചൂണ്ടിയിട്ട് , അച്ഛന്റെ ഫോണ്‍ നമ്പര്‍ ഡയല്‍ ചെയ്യിക്കുന്നു. “കുട്ടിയെ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ തിരിച്ചു കിട്ടണമെങ്കില്‍ 10 ലക്ഷം രൂപ തരണം,അല്ലെങ്കില്‍ ………” വാചകം മുഴുപ്പിക്കാതെ ഫോണ്‍ കട്ട് ചെയുന്നു.  പറഞ്ഞ മോചനദ്രവ്യം കൊടുക്കുന്നു.കുട്ടി തിരികെ വീട്ടിലേക്കു പോകുന്നു..

പല സിനിമകളിലും കണ്ടു ശീലിച്ച ഈ രംഗം, ഇന്റര്‍നെറ്റിന്‍റെ ന്യൂനതകളെ മുതലാക്കി ചില വിരുതന്മാര്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ചെയ്‌താല്‍ എങ്ങനെയിരിക്കും അതാണ്‌ ബ്രിട്ടനിലും നൂറോളം രാജ്യങ്ങളിലും രണ്ടു ദിവസമായി പണി തന്നുകൊണ്ടിരിക്കുന്ന റാന്‍സംവെയര്‍ എന്ന സൈബര്‍ ആക്രമണം. ഒരാളെ തടഞ്ഞു വെച്ചതിനു ശേഷം തിരികെ ലഭിക്കാന്‍ ആവശ്യപ്പെടുന്ന തുകയാണല്ലോ 'റാന്‍സം' (മോചന ദ്രവ്യം) എന്ന് പറയുന്നത്. അത് പോലെ കമ്പ്യൂട്ടറിലെ നമ്മുടെ ഫയലുകളിലേക്ക് പ്രവേശനം നിഷേധിച്ച്, മോചന ദ്രവ്യം ആവശ്യപ്പെടുന്ന സൈബര്‍ ആക്രമണമാണ് ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വണ്ണാ ക്രൈ എന്ന് പേരുള്ള വണാക്രിപ്റ്റര്‍ 2.0 റാന്‍സം പ്രോഗ്രാം നമ്മുടെ കമ്പ്യൂട്ടറില്‍ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങള്‍ നമുക്ക് ഉപയോഗിക്കാന്‍ പറ്റാത്ത രീതിയിലേക്ക് മാറ്റുന്നു (ഇതിനെ എന്‍ക്രിപ്ഷന്‍ എന്ന് വിളിക്കുന്നു). മേല്‍പ്പറഞ്ഞ വിവരങ്ങള്‍ തിരികെ ലഭിക്കാന്‍ 16 അല്ലെങ്കില്‍ 24 അക്ക കീ  (Decryption key) എന്‍റര്‍ ചെയ്യണമെന്നു സ്ക്രീനില്‍  കാണിക്കുന്നു . എന്നാല്‍  ആ കീ കിട്ടാന്‍  ഇത്ര  തുക ‘മോചനദ്രവ്യ’(Ransome) മായി നല്‍കണം.

അത് ബിറ്റ്കോയിനായി അവര്‍ പറയുന്ന അഡ്രെസ്സിലേക്ക് അയച്ചു കൊടുക്കാനാണ് ആവശ്യപ്പെടുക. ബിറ്റ് കോയിന്‍ കിട്ടുന്നതോടെ ഹാക്കര്‍ന്മാര്‍  കീ നല്‍കുകയും, ഫയലുകള്‍ പഴയ സ്ഥിതിയില്‍ ലഭിക്കുകയും ചെയ്യുന്നു.സാധാരണ പണം പോലെ കൈ കൊണ്ട് തൊടാന്‍ പറ്റാത്ത വിര്‍ച്വല്‍ ലോകത്ത് വിരാജിക്കുന്ന ഒരു ഇ-കറന്‍സി ആണ് ബിറ്റ്കോയിന്‍ (BITCOIN).

ഇന്‍റര്‍നെറ്റ് വഴി ലോകത്തില്‍ എവിടേക്കും ഈ കറന്‍സി കൈമാറാം. ആരുമറിയാതെ.എന്നാല്‍ പണം കിട്ടിയാലും ഹാക്കര്‍മാര്‍ കീ തരുമെന്നോ, തന്നാല്‍ തന്നെ പുതിയ കോഡ് ഇട്ട് മറ്റൊരു “കിഡ്നാപ്പിംഗ്” നടത്തുമോ എന്നും യാതൊരു ഉറപ്പുമില്ല.അതായിത് സ്വന്തം ഫയല്‍ തുറക്കാന്‍ വല്ലവനും പണം കൊടുക്കേണ്ട അവസ്ഥ

എന്ത് കൊണ്ടു ഈ സൈബര്‍ ആക്രമണങ്ങളെ ഭയക്കണം?

ഇന്ന് ഇന്‍റര്‍നെറ്റുമായി കണക്ട് ചെയ്യപ്പെടാത്തതായി ഒന്നും തന്നെയില്ല. മൊബൈല്‍ ഫോണ്‍ മുതല്‍ വാച്ച് വരെ ,  ഗൂഗിള്‍ സെല്‍ഫ് ഡ്രൈവിംഗ് കാര്‍  മുതല്‍ വീട്ടുപകരണങ്ങള്‍ നെറ്റുമായി ബന്ധിപ്പിക്കുന്ന  Internet of Things  വരെ നെറ്റുമായി കണക്റ്റഡാണ്. 

എന്നാല്‍ റാന്‍സംവെയര്‍ പോലൊരു ആക്രമണം വന്നാല്‍ നമ്മുടെ രാജ്യത്തെ തന്നെ നിശ്ചലമാക്കാന്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് കഴിയുമെന്ന് ചിന്തിച്ചിട്ടുണ്ടോ?ഭാവിയിലെ യുദ്ധം എങ്ങനെയായിരിക്കും? ചില സാധ്യതകള്‍ 

ഒരു സിഗ്നല്‍ മതി;ഒരായിരം പേരെ കൊല്ലാന്‍

ട്രാഫിക് സിഗ്നലില്‍ പച്ച തെളിഞ്ഞാല്‍ വാഹനങ്ങള്‍ക്ക് കടന്ന് പോകാനും,ചുമപ്പ് തെളിഞ്ഞാല്‍ വാഹനം  നിര്‍ത്താനുമാണ് സാധാരണയുള്ള നിര്‍ദേശം. എന്നാല്‍ പച്ച തെളിയേണ്ടിടത്ത് ചുമപ്പും, ചുമപ്പിന്റെ സ്ഥാനത്തു പച്ച ലൈറ്റും തെളിഞ്ഞാല്‍ എന്ത് സംഭവിക്കും. അത് വരുത്തി വെക്കുന്ന ട്രാഫിക് ജാമും, അപകട മരണവും ഒരു നഗരത്തെ തന്നെ സ്തംഭിപ്പിക്കില്ലേ?

വാഹന ഗതാഗതത്തെ നിയന്ത്രിക്കുന്ന ട്രാഫിക് സിഗ്നലുകള്‍ കൈകാര്യം ചെയ്യുന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ ഹാക്ക് ചെയ്യപ്പെട്ടാല്‍ ഇവ സാധ്യമാകുമെന്നാണ് മിഷിഗന്‍ സര്‍വകലാശാലയിലെ  ഗവേഷകര്‍ കണ്ടെത്തിയത്. അതിനു വേണ്ടത് ഒരു കമ്പ്യൂട്ടറും ഒരു വയര്‍ലെസ്സ് റേഡിയോയും!!? ന്യൂയോര്‍ക്കിലെയോ പാരിസിലെയോ ട്രാഫിക് സിസ്റ്റം ഹാക്ക് ചെയ്യാതിരിക്കാന്‍ റാന്‍സം ഹാക്കര്‍മാര്‍ രംഗത്തിറങ്ങിയാല്‍ അത് മതിയാകും ഒരു പ്രദേശം മുഴുവന്‍ നിശ്ചലമാക്കാന്‍.

യൂറോപ്യന്‍ റെയില്‍ ട്രാഫിക് സിസ്റ്റം (ERTMS) എന്ന റെയില്‍വേ സിഗ്നലിംഗ് സംവിധാനത്തില്‍  ഇത്തരത്തില്‍ സുരക്ഷവീഴ്ച്ച ഉണ്ടെന്നും, സൈബര്‍ ആക്രമണം കൊണ്ടു ട്രെയിനുകള്‍ കൂട്ടി ഇടിക്കപ്പെട്ടേക്കാം എന്നും   ദി ടെലിഗ്രാഫ് പത്രം മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അണുസ്ഫോടനം ഒരു ക്ലിക്ക് അകലെ?

ദക്ഷിണ കൊറിയയുടെ 23 ആണവ റിയാക്റ്റര്‍ പ്രവര്‍ത്തിപ്പിക്കുന്ന കമ്പനിയുടെ  കമ്പ്യൂട്ടര്‍  ശൃംഖല  തകര്‍ത്തത് ഉത്തര  കൊറിയയിലെ ഒരു കമ്പനിയാണെന്ന് പറയപ്പെടുന്നു . ഈ ആക്രമണത്തില്‍ അതീവ രഹസ്യ വിവരങ്ങള്‍  ചോരുകയുണ്ടായി .കമ്പനിയിലെ ജീവനക്കാര്‍ക്ക് അയച്ച 6000ഫിഷിംഗ് ഇ -മെയിലില്‍നിന്നാണ് ആക്രമണം നടന്നത്. 

മുമ്പ് ഇറാന്‍റെ ആണവകേന്ദ്രത്തിന്റെ പ്രവര്‍ത്തനം തന്നെ Stuxnet എന്ന വൈറസ് താറുമാറാക്കിയിരുന്നു. അതായിത് വരും കാലത്ത് നമ്മുടെ അതീവ സുരക്ഷിതമാക്കേണ്ട പ്രതിരോധ രഹസ്യങ്ങള്‍ ഏതെങ്കിലും വിരുതന്മാര്‍ ചോര്‍ത്തിയെടുത്താലോ? അതിനു ശത്രു രാജ്യം പിന്തുണ കൊടുത്താലോ? ഹാക്കര്‍മാര്‍ ഓപ്പറേറ്റ് ചെയ്യുന്ന സ്ഫോടനങ്ങള്‍  അകലെയല്ല എന്ന് ഭയപ്പെടെണ്ടിയിരിക്കുന്നു.

വെബ്‌ കാമിലെ  വീഡിയോ ഷെയര്‍ ചെയ്യാതിരിക്കണമെങ്കില്‍?

നമ്മുടെ ലാപ്ടോപിലെ വെബ്‌ ക്യാം നമ്മള്‍ അറിയാതെ തന്നെ ഓണ്‍ ആകുന്നു.നമ്മുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഒപ്പിയെടുത്ത് നമുക്ക് തന്നെ ഇ\-മെയില്‍ അയക്കുന്നു,കൂടെ ഒരു കുറിപ്പും  “ഈ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റ് വഴി പ്രച്ചരിപ്പിക്കതിരിക്കാന്‍ ഇത്ര ബിറ്റ് കോയ്നുകള്‍ തരണം” പല സ്ഥലങ്ങളിലും വ്യാപകമായി നടക്കുന്ന ഒരു സൈബര്‍ ആക്രമണമാണിത് . യുറോപ്പിലെ പ്രമുഖ ഹോട്ടല്‍ ശൃംഖലയുടെ  ഇലക്ട്രോണിക്ക് ലോക്ക് സിസ്സ്റ്റം ഹാക്ക് ചെയ്ത ഹാക്കര്‍മാര്‍ അതിഥികളെ റൂമില്‍ പൂട്ടി ഇടുകയും,ആയിരകണക്കിന് ബിറ്റ് കോയ്നുകള്‍ ആവശ്യപ്പെടുകയും ചെയ്തത് വാര്‍ത്തയായിരുന്നു.


മാര്‍ക്ക് സുക്കര്‍ബര്‍ഗ് ലാപ്ടോപ്പിലെ വെബ്‌ക്യാം ടേപ്പ് ഉപയോഗിച്ച് മറച്ചിരിക്കുന്നു

ഇത് പോലെ  വളരെ തിരക്കുള്ള ദിവസം സാന്‍ഫ്രാന്‍സിസ്ക്കോയിലെ മെട്രോ റെയില്‍ ടിക്കറ്റിംഗ്  സംവിധാനം തകര്‍ക്കുകയുണ്ടായി. എന്നാല്‍ ആ ദിവസം എല്ലാവര്‍ക്കും സൌജന്യ യാത്ര അനുവദിച്ചാണ് അധികൃതര്‍ ‘പകരം വീട്ടിയത്.

ബ്രേക്കും ക്ലച്ചും  ഹാക്കര്‍ ഓഫ്‌ ആക്കിയാല്‍?

ഡ്രൈവര്‍ ഇല്ലാതെ ഓടുന്ന കാറുകള്‍- ഏറെ ഗവേഷണം നടക്കുന്ന രംഗമാണ്. ഗൂഗിളിന്റെ ഡ്രൈവര്‍ലെസ് കാര്‍ ഇതിനോടകം തന്നെ വാര്‍ത്തകളില്‍ നിറഞ്ഞു കഴിഞ്ഞു. എന്നാല്‍ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഈ ഡ്രൈവര്‍ ഇല്ലാ വാഹനത്തിന്റെ ബ്രേക്കും ക്ലച്ചും ഒരു ഹാക്കര്‍ക്ക് റിമോട്ട് കൊണ്ടു നിയന്ത്രിക്ക്കാന്‍ കഴിയുമത്രേ. ബോധപൂര്‍വ്വം വാഹനം ഇടിപ്പിക്കുന്ന  കൊട്ടെഷന്‍കാരുടെ  പണി  ഹാക്കര്‍മാര്‍ ഏറ്റെടുത്താല്‍ എന്തായിരിക്കും പൊതു നിരത്തില്‍ സംഭവിക്കുക.

കറന്‍റ് കളയുന്ന ‘റഷ്യന്‍ മാഫിയ’

നല്ല മഴയുള്ള രാത്രി. എല്ലായിടത്തും കറന്റ്‌ പോകുന്നു. എന്നാല്‍ കുറച്ചു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ചില സ്ഥലങ്ങളില്‍ കറന്റ്‌ വന്നു;സ്വാഭാവികം. എന്നാല്‍ മിക്ക സ്ഥലത്തും ദിവസങ്ങള്‍ കഴിഞ്ഞിട്ടും വെട്ടമില്ല. ജീവനക്കാര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും ഒരു ഫലവുമുണ്ടായില്ല . ഒരു സാധാരണ സംഭവത്തില്‍ നിന്നും ഒരു സൈബര്‍ അക്രമണത്തിലേക്കുള്ള ദൂരം ചെറുതായിരുന്നു .ഉക്രൈനിലെ പവര്‍ ഗ്രിഡ് റഷ്യന്‍ ഹാക്കര്‍മാര്‍ കയ്യടക്കിയപ്പോള്‍  കഴിഞ്ഞ വര്ഷം സംഭവിച്ച ഒരു സൈബര്‍ അറ്റാക്ക് ആയിരുന്നത്. ഇതിനിടയില്‍ പല ആശുപത്രികളും  പ്രവര്‍ത്തനം നിര്‍ത്തി വെച്ചു, ചില രോഗികള്‍ മരിച്ചു, വ്യവസായ രംഗത്ത് കനത്ത  തിരിച്ചടി നേരിട്ടു..

കരുതിയിരിക്കണം ഇന്ത്യ

രാജ്യത്തെ മുന്‍നിര ഐ ടി കമ്പനിയായ വിപ്രോയ്ക്ക് കഴിഞ്ഞ ആഴ്ച്ച കിട്ടിയ സന്ദേശം ഇങ്ങനെയായിരുന്നു “500 കോടി ബിറ്റ് കോയ്നായി  തരിക;അല്ലെങ്കില്‍ മാരക വിഷം ഉപയോഗിച്ച് ആക്രമണം നടത്തും” ലോകത്തെ മികച്ച ഐ ടി വ്യവസായങ്ങളില്‍ ഒന്നാണ് ഇന്ത്യ. വിവിധ സ്റ്റാര്‍ട്ടപ്പുകള്‍ സജീവമായ രാജ്യം. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ “നിങ്ങളുടെ പുതിയ പ്രോജെക്റ്റ്‌ ഓപ്പണ്‍ ചെയ്യാന്‍,  കോടികള്‍  തരണമെന്ന് ഹാക്കര്‍മാര്‍ പറഞ്ഞാല്‍, അതിനെ നേരിടാന്‍ ഐ ടി രംഗം സജീവമാണോ ? 

ഇന്ത്യയുടെ ഐ ടി വളര്‍ച്ചയെ അസൂയയോടെ നോക്കുന്ന ഒരു രാജ്യം തന്നെ അത്തരത്തില്‍ ഒരു സൈബര്‍ ആക്രമണം നടത്തിയാലോ?

റാന്‍സം അറ്റാക്ക് വരുമ്പോളെങ്കിലും ഇന്ത്യയും ഗൗരവപൂര്‍വ്വം ഈ വിഷയം കാണേണ്ടിയിരിക്കുന്നു. കോടികണക്കിന് ജനങ്ങളുടെ ആധാര്‍ വിവരങ്ങള്‍ പോലും ചോരുന്നു എന്ന വാര്‍ത്തകള്‍ കേള്‍ക്കുന്ന ഈ സമയത്ത് മതിയായ സുരക്ഷയോ, അതിനു വേണ്ട സുരക്ഷാ ഉദ്യോഗസ്ഥരോ നമുക്ക് ഉണ്ടോ എന്ന ചോദ്യവും പ്രസക്തമാണ്. റാന്‍സം ആക്രമണങ്ങളില്‍ ലോകത്തെ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിലെ  70ശതമാനം എ.ടി എം മെഷിനുകള്‍ ഇപ്രകാരം ആക്രമിക്കപ്പെട്ടെക്കാം എന്ന ആശങ്ക സൈബര്‍ സുരകക്ഷാ വിദഗ്ദര്‍ പങ്കുവെക്കുന്നുണ്ട് 

ഇന്റര്‍നെറ്റുമായി ഇണപിരിയാത്ത ബന്ധമാണ് നമുക്കുള്ളത്; വിപണിയില്‍ ഇറങ്ങുന്ന ഓരോ ഉല്‍പ്പന്നങ്ങള്‍ക്കുമുള്ളത് .എന്നാല്‍ വേണ്ടത്ര ശ്രദ്ധ ഇവയുടെ സുരക്ഷിത്വത്തിനു നല്‍കിയില്ലെങ്കില്‍ അടുത്ത ലോക മഹായുദ്ധം മിസൈലും  അണുശക്തിയും തോക്കുകളും കൊണ്ടായിരിക്കില്ല, കീബോര്‍ഡും മൌസും കൊണ്ടായിരിക്കും.. മുഖം പരസ്യമാക്കാതെ ഇന്റെര്‍നെറ്റിന്റെ വിശാല മൈതാനത്ത് നടക്കുന്ന ‘ചെലവു കുറഞ്ഞ’ എന്നാല്‍ അതിഭീകര ശക്തിയുള്ള സൈബര്‍ യുദ്ധം.