കുറഞ്ഞ വിലയ്ക്ക് ഇന്‍റര്‍നെറ്റ് ലഭിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ് ഇന്നത്തെക്കാലത്ത് ഇന്ത്യയില്‍. ഇന്‍റര്‍നെറ്റ് വിലക്കുറവിലാണ് ലഭിക്കുന്നത് എന്ന ചിന്ത ജനതയില്‍ ഉണ്ടായാല്‍ മാത്രമേ ദിവസേനയുള്ള ജീവിതത്തില്‍ അത് ഉപയോഗപ്പെടുത്തുന്നതിലും ലഘൂകരണം വരുകയുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ജിയോ ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ഓഫറുകള്‍ അത്തരത്തില്‍ പരിഗണിക്കപ്പെടേണ്ടതാണോ?, ഏതോരു തുടക്ക കമ്പനിയും ചെയ്യും പോലെയാണ് ജിയോയും ചെയ്യുന്നത് എന്ന് പറയുന്നവരും ഉണ്ട്. ആദ്യം ഫ്രീകൊടുത്ത് രുചി നല്‍കുക, പിന്നീട് പണം വാങ്ങുക.. പക്ഷെ പുതിയ ഒരു വിഭാഗത്തെ വേഗതയേറിയ ഇന്‍റര്‍നെറ്റ് ലോകത്ത് എത്തിക്കണം എന്നതാണ് റിലയന്‍സ് ഉദ്ദേശിക്കുന്നത് എന്ന് അവര്‍ പറയുന്നു. ഇതിന്‍റെ യാഥാര്‍ത്ഥ്യം എന്താണ്..?

ആളുകളെ ഓണ്‍ലൈനില്‍ പിടിച്ചുനിര്‍ത്തണമെങ്കില്‍ തീര്‍ച്ചയായും അതിന്‍റെ നിരക്ക് താഴെ നില്‍ക്കണം. ഇന്ന് ലോകത്ത് ഏത് വികസ്വരരാജ്യത്തെക്കാള്‍ ഡാറ്റയ്ക്ക് ഏറ്റവും കൂടുതല്‍ പണം പിഴിയുന്നത് ഇന്ത്യയിലാണ്. പക്ഷെ ലോകത്തിലെ ഏറ്റവും ഇന്‍റര്‍നെറ്റ് സ്പീഡ് നല്‍കുന്ന 10 രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യ ഇല്ലതാനും, ജിയോ വോയിസ് കോളിംഗ് ഫ്രീ ആക്കുകയും ഡാറ്റ നിരക്ക് കുറയ്ക്കുകയും ചെയ്യുമ്പോള്‍ അത് ഫോണ്‍ ഉപയോഗിച്ചുള്ള വീഡിയോ കാണല്‍, മറ്റ് കണ്ടന്‍റ് ഉപയോഗം എന്നിവ കുത്തനെ ഉയര്‍ത്തും എന്നതില്‍ സംശയമില്ല.

ഇതുവരെ ഇന്ത്യന്‍ വിപണിയില്‍ നടന്ന യാഥാര്‍ത്ഥ്യം കൂടിയാണ് ഈ ജിയോ പ്രഖ്യാപിച്ച വലിയ വില വീഴ്ചയിലൂടെ തെളിയുന്നത്. ഐഡിയ, ഏയര്‍ടെല്‍, വോഡഫോണ്‍.. തുടങ്ങിയ ഇന്നത്തെ ഇന്ത്യന്‍ വിപണിയിലെ കമ്പനികള്‍ ശരിക്കും തമ്മില്‍ മത്സരിക്കുന്നുണ്ടായിരുന്നോ, 90 ശതമാനം വിപണി ആധിപത്യവും കൈയ്യാളുന്ന ഈ കമ്പനികള്‍ എന്നാല്‍ ഒരു നുകത്തില്‍ കെട്ടിയ കാളകളായിരുന്നു എന്ന് പറയാം. തങ്ങളുടെ ഉപയോക്താക്കള്‍ക്ക് അവര്‍ നല്ല സേവനം നല്‍കാന്‍ ശ്രമിക്കുന്നില്ല എന്ന് പറയാന്‍ കഴിയില്ല, അതിനപ്പുറം തമ്മില്‍ മികച്ച സേവനമാണ് അവര്‍ നടത്തുന്നത്. ഒരേ പോലെ ഡാറ്റ ചാര്‍ജും, കോള്‍ ചാര്‍ജും ദിനം പ്രതിവര്‍ദ്ധിച്ചതോടെ സമീപ വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ടെലികോം മേഖലയില്‍ മത്സരം ഇല്ലാതായി എന്നതാണ് സത്യം. ആത്യന്തികമായി ഇത് ഉപയോക്താവിനെ ബാധിച്ചു എന്ന് പറയുന്നതാണ് സത്യം. 

ബിഎസ്എന്‍എല്ലിന്‍റെ കഥ നമ്മുക്ക് അറിയാവുന്നതാണ്. ഒരു ദശാബ്ദത്തിന് ഇടയില്‍ ക്രമനുഗതമായ ടെക്നോളജി വളര്‍ച്ചയ്ക്ക് അപ്പുറം ഇന്ത്യന്‍ ടെലികോം മേഖലയില്‍ വന്ന മാറ്റങ്ങള്‍ വളരെ കുറച്ചാണ്

1) 2G, 2G അഴിമതി
2ജി ലേലത്തോടെ ഇന്ത്യയില്‍ എത്തിയത് നിരവധി കമ്പനികളാണ് ഇത് അന്ന് കോള്‍ നിരക്കുകള്‍ വളരെ കുറച്ചു. എന്നാല്‍ 2G എന്നത് അഴിമതി വിഷയം ആയപ്പോള്‍ പല കമ്പനികളും പൂട്ടി വീണ്ടും ബോള്‍ പഴയ കീ പ്ലേയേര്‍സ് കമ്പനികളുടെ കയ്യിലായി

2) ടാറ്റ ഡോക്കോമോ വന്നത് ഓര്‍മ്മയുണ്ടോ, സെക്കന്‍റ് ബില്ലിംങ്ങ് ആദ്യമായി കൊണ്ടുവന്നത് ഡോക്കോമയാണ്.. ഇന്ന് വിപണിയിലെ എല്ലാ ടെലികോം ഓപ്പറേറ്റര്‍മാരും ഇത് പയറ്റുന്നു.

ഇത്തരം ചെറിയ 'വലിയ' മാറ്റങ്ങളാണ് വിപണിയില്‍ ഉണ്ടായിട്ടുള്ളത്. അതിലേക്കാണ് ജിയോയുടെ കടന്നുവരവ് എന്നതാണ് ശ്രദ്ധേയം. എന്താണ് 2ലക്ഷം കോടിയോളം മുതല്‍മുടക്കിയ റിലയന്‍സ് ഇനി ഇതില്‍ എന്തെങ്കിലും കെണി ഒരുക്കിയിട്ടുണ്ടോ എന്ന് സംശയിക്കുന്നവരുണ്ട്. മുന്‍ ഇന്‍ കമിംഗ് കോളിന് പോലും ചാര്‍ജ് ഉണ്ടായിരുന്ന കാലത്ത് 500 രൂപ ഫോണുമായി എത്തി വിപണി പിടിച്ചവരാണ് റിലയന്‍സ് എന്നാല്‍ അത് പോലെ തന്നെ അവര്‍ വിപണി വിടുകയും ചെയ്തു. ആ അനുഭവം മുന്നോട്ടുവച്ച് നെറ്റിചുളിക്കുന്നവരുണ്ട്. എന്നാല്‍ അത്തരത്തിലുള്ള ആശങ്കകള്‍ അസ്ഥാനത്താണെന്നും ഇത് റിലയന്‍സ് എന്ന കമ്പനിയുടെ അക്കൗണ്ടില്‍ കാണേണ്ടതല്ലെന്നും നാട്ടില്‍ നടക്കുന്ന സ്വഭാവിക ഇന്‍റര്‍നെറ്റ് വ്യാപനത്തിന്‍റെ ഭാഗമാണെന്ന് പറയുന്നവരും കുറവല്ല. 

വരാന്‍ പോകുന്ന മാറ്റങ്ങള്‍

- ഇരട്ട സിം ഉപയോഗിക്കുന്നവര്‍ കോള്‍ ഫ്രീ ആയതിനാല്‍ ഒരു സ്ലോട്ടില്‍ തീര്‍ച്ചയായും ജിയോ സിം പരിഗണിക്കും 

- 4ജി സ്മാര്‍ട്ട്ഫോണുകളുടെ വില്‍പ്പനയില്‍ പെട്ടന്ന് വളര്‍ച്ചയുണ്ടാകും.

-ട്രയല്‍ സമയത്ത് നല്‍കിയിരുന്ന വേഗത ഉപയോക്താക്കള്‍ക്ക് ആളുകള്‍ കൂടുന്നതോടെ ജിയോയ്ക്ക് നല്‍കാന്‍ കഴിയുമോ എന്നത് സംശയമാണ്.

-മറ്റ് ടെലികോം ഓപ്പറേറ്റര്‍മാര്‍ കോള്‍ ഡാറ്റ നിരക്കുകളില്‍ വന്‍ കുറവ് വരുത്തും

-ഇന്‍റര്‍നെറ്റ് കമ്പനികളുടെ ഡാറ്റ ഉപയോഗം വര്‍ദ്ധിക്കും

-ഇന്‍റര്‍നെറ്റില്‍ വീഡിയോ കാണുന്നവരുടെ എണ്ണം വര്‍ദ്ധിക്കും

-ഹോസ്റ്റിംഗിനും മറ്റുമായി ഇന്‍റര്‍നെറ്റ് കമ്പനികള്‍ കൂടുതല്‍ തുക കണ്ടെത്തേണ്ടിവരും.

-എക്സ്ട്ര സ്റ്റോറേജ് ഡിവൈസുകളുടെ വില്‍പ്പനയില്‍ കുതിച്ചുചാട്ടം സംഭവിച്ചേക്കാം.

എങ്കിലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇന്ത്യന്‍ ടെലികോം രംഗത്തെ രക്തരഹിത വിപ്ലവം എന്നൊക്കെ തലക്കെട്ട് കൊടുക്കാം എങ്കിലും ജിയോയുടെ കടന്നുവരവില്‍ സാധാരണ ഉപയോക്താക്കളും, സര്‍ക്കാര്‍ സംവിധാനങ്ങളായ ട്രായി പോലുള്ള സംവിധാനങ്ങളും ശ്രദ്ധിക്കേണ്ട പലകാര്യങ്ങളുമുണ്ട്.

വിപണി മത്സരം നിലനിര്‍ത്തണം - ജിയോയുമായി മത്സരിക്കാന്‍ ഉതകുന്ന രീതിയില്‍ പബ്ലിക് വൈഫൈ അടക്കമുള്ളവയ്ക്ക് സാധ്യത നിലനിര്‍ത്താന്‍ കൂടുതല്‍ സ്പെക്ട്രം കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാന്‍ സര്‍ക്കാറിന് കഴിയണം. സ്പെക്ട്രം വില്‍പ്പന വെറും കച്ചവടമായി സര്‍ക്കാര്‍ കാണരുത് എന്ന് ചുരുക്കം

നെറ്റ് ന്യൂട്രാലിറ്റി ഉറപ്പുവരുത്തുക - നെറ്റ്ന്യൂട്രാലിറ്റി നയങ്ങള്‍ വ്യക്തമായി രൂപീകരിച്ച് നടപ്പാക്കുകയും , കഴിഞ്ഞവര്‍ഷം നമ്മളെല്ലാം പൊരുതി രൂപീകരിച്ച ഡിഫറന്‍ഷ്യല്‍ പ്രൈസിങ്ങ് നയം വ്യക്തമായി ഉപേക്ഷ കൂടാതെ നടപ്പിലാക്കുകയും വേണം

സ്വകാര്യത- ഞങ്ങളുടെ അടുത്ത ഓയല്‍, ഡാറ്റയാണ് എന്നാണ് റിലയന്‍സ് മേധാവി മുകേഷ് അംബാനി പറയുന്നത്. അതിനാല്‍ തന്നെ ഉപഭോക്താവിന്റെ സ്വകാര്യത ഉറപ്പുവരുത്തുന്ന രീതിയില്‍ ഡീപ്പ് പാക്കറ്റ് ഇന്‍സ്പെക്ഷന്‍ തടയുന്ന നെറ്റ് ന്യൂട്രാലിറ്റി നയങ്ങള്‍ വരണം .

സേവനത്തിന്‍റെ ഗുണമേന്‍മ ഉറപ്പുവരുത്തണം - ആളുകളെ കൂട്ടുന്നതിന് അനുസരിച്ച് നെറ്റ്വര്‍ക്ക് സേവനത്തിലെ ഗുണമേന്‍മ കുറഞ്ഞ് പോകുന്നില്ലെന്ന് റഗുലേറ്ററി അതോറെറ്റി ഉറപ്പുവരുത്തണം.