ദില്ലി: ടെലികോം റെഗുലേറ്ററി അതോററ്റിയുടെ താക്കീതോടെ ഫ്രീ ഓഫറായ സമ്മര്‍ സര്‍പ്രൈസ് പിന്‍വലിച്ചിരിക്കുകയാണ് ജിയോ. സർപ്രൈസ് ഓഫർ നിർത്തലാക്കാനും പ്രൈം അംഗത്വമെടുക്കുന്ന കാലാവധി അവസാനിപ്പിക്കാനുമാണ് ട്രായ് ജിയോയുട് ആവശ്യപ്പെട്ടത്. എന്തായാലും ഓഫര്‍ അവസാനിച്ചതില്‍ ഉപയോക്താക്കള്‍ക്ക് നിരാശയുണ്ട്, എന്നാല്‍ നിരാശ നീളില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്.

മറ്റു ടെലികോം കമ്പനികളെ മറികടക്കാൻ ഞെട്ടിപ്പിക്കുന്ന ഓഫറുകളുമായി വരുന്നുവെന്നാണ് സൂചനകള്‍. കുറഞ്ഞ നിരക്കിൽ കൂടുതൽ സേവനങ്ങൾ നൽകി നിയമപരമായി തന്നെ വിപണി പിടിക്കാനുള്ള സൂത്രങ്ങളാണ് ജിയോ ഇപ്പോൾ ആലോചിക്കുന്നത്.

വരിക്കാരെ പിടിച്ചുനിർത്തുന്ന പുതിയ താരീഫ് പട്ടിക ഉടൻ തന്നെ പുറത്തുവിടുമെന്നാണ് ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റിൽ സൂചിപ്പിക്കുന്നത്. " ആകര്‍ഷകമായ ഓഫറുകളുമായി പുതിയ താരീഫ് നിരക്കുകള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന്" ജിയോ തങ്ങളുടെ സൈറ്റില്‍ പറയുന്നത്.

സൗജന്യം നിർത്തി കുറഞ്ഞ നിരക്കിൽ കൂടുതൽ സേവനങ്ങൾ നൽകാനായാൽ നിയമപരമായി മറ്റു കമ്പനികൾക്ക് ജിയോയ്ക്കെതിരെ പരാതി നല്‍കാനാവില്ല. ഇതിലൂടെ വരിക്കാരെ നേടുവനാണ് ജിയോ ശ്രമിക്കുന്നത്.

ജിയോ പ്രൈം അംഗത്വമെടുത്ത് 303 രൂപ പാക്ക് ആക്ടിവേറ്റ് ചെയ്യുന്നവര്‍ക്ക് മൂന്നു മാസം ഫ്രീ സേവനം നൽകുമെന്നാണ് ജിയോ അറിയിച്ചിരുന്നത്. ഈ ഓഫറാണ് ഇപ്പോൾ വിലക്കിയിരിക്കുന്നത്, ഇതിന് പകരം എന്ത് എന്നതാണ് പുതിയ ചോദ്യം.