മുംബൈ: ബ്രോഡ്ബാന്‍ഡ് രംഗത്തും വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് റിലയന്‍സ് ജിയോ. എതിരാളികള്‍ക്ക് ശക്തമായൊരു തിരിച്ചടിയാണ് ബ്രോഡ്ബാന്‍ഡ് രംഗത്തേയ്ക്കൂടി ജിയോ എത്തുന്നതോടെ നടക്കുന്നത്. ജിയോ 4ജിക്ക് സമാനമായി മൂന്നു മാസത്തേയ്ക്ക് വെല്‍ക്കം ഓഫര്‍ നല്‍കി സേവനം ഉപഭോക്താക്കളിലേക്ക് അതിവേഗം പടര്‍ത്താനാണ് റിലയന്‍സിന്‍റെ പുതിയ നീക്കം. 

ജൂണിലാണ് സേവനം ആരംഭിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ജൂണ്‍ മുതല്‍ 90 ദിവസത്തേയ്ക്ക് തികച്ചും സൗജന്യമായിരിക്കും എന്നും അധികൃതര്‍ അറിയിച്ചു. ഒരു സെക്കന്‍റില്‍ 100 എംബി ഡൗണ്‍ലോഡ് വേഗതയാണ് ജിയോ ഫൈബറിനുള്ളത്. 

അഞ്ചു നഗരങ്ങളില്‍ പരീക്ഷണം പൂര്‍ത്തിയായി വരുന്നതായും അധികൃതര്‍ അറിയിച്ചു. വൈകാതെ തന്നെ രാജ്യത്തെ എല്ലാ വീടുകളിലും ഈ സേവനം എത്തിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും ജിയോ അധികൃതര്‍ വ്യക്തമാക്കി. പ്രതിമാസം 100 ജിബി ഡാറ്റ എന്ന കണക്കിലാണ് സൗജന്യമായി ഉപഭോക്താവിന് ലഭിക്കുക. നൂറു ജിബി ഉപയോഗം കുറഞ്ഞു കഴിയുമ്പോള്‍ വേഗത 1 എംബിപിഎസായി കുറയും. 

ബ്രോഡ്ബാന്‍ഡ് സര്‍വീസ് 90 ദിവസത്തേക്ക് സൗജന്യമായാണ് ലഭ്യമാകുകയെങ്കിലും കണക്ഷന്‍ ലഭിക്കുന്നതിന് റീഫണ്ട് ഇനത്തിലുള്ള 4,500 രൂപയുടെ റീച്ചാര്‍ജ് അനിവാര്യമാണ്. ബ്രോഡ്ബാന്‍ഡ് ഉപയോഗം അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്നതോടെ ഈ തുക പൂര്‍ണ്ണമായും ഉപഭോക്താവിന് തിരിച്ചുനല്‍കുന്നതാണ് ജിയോയുടെ സംവിധാനം. എന്നാല്‍ ബ്രോഡ്ബ്രാന്‍ഡിന്റെ താരിഫും പ്ലാനും സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി പുറത്തുവിട്ടിട്ടില്ല.