സംസ്ഥാനത്ത് ഇന്ന് ഉച്ച മുതലാണ് ജിയോ സേവനങ്ങള്‍ തകരാറിലായത്, എന്താണ് കാരണമെന്ന് വ്യക്തമല്ല

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ജിയോയുടെ നെറ്റ്‌വര്‍ക്ക് കേരളത്തില്‍ ഉള്‍പ്പടെ പ്രവര്‍ത്തനരഹിതമായി. ജിയോ മൊബൈല്‍, ജിയോഫൈബര്‍ സേവനങ്ങളില്‍ തടസ്സം നേരിടുന്നതായി നിരവധി ഉപഭോക്താക്കള്‍ ഡൗണ്‍ഡിറ്റക്റ്ററില്‍ പരാതിപ്പെട്ടു. ഇന്ന് ഉച്ച മുതലാണ് ജിയോ സേവനങ്ങള്‍ തകരാറിലായത്. ജിയോ നെറ്റ്‌വര്‍ക്ക് ഡൗണായതായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ നിരവധി പേര്‍ പോസ്റ്റ് ചെയ്തിരിക്കുന്നതും കാണാം.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ജിയോ നെറ്റ്‌വര്‍ക്ക് ലഭിക്കുന്നില്ലെന്ന് ഡൗണ്‍ഡിറ്റക്റ്ററില്‍ ഉപഭോക്താക്കളുടെ പരാതികള്‍ പ്രത്യക്ഷപ്പെട്ടത്. മിനിറ്റുകള്‍ക്കകം ഏഴായിരത്തിലേറെ പരാതികള്‍ ഡൗണ്‍ഡിറ്റക്റ്ററില്‍ രേഖപ്പെടുത്തി. ഡൗണ്‍ഡിറ്റക്റ്ററില്‍ സമര്‍പ്പിക്കപ്പെട്ട പരാതികള്‍ മാത്രമാണിത്. ജിയോ സേവനങ്ങളിലെ തടസ്സം ബാധിച്ച ഉപഭോക്താക്കളുടെ എണ്ണം ഇതിലും ഏറെയായിരിക്കും. ജിയോയുടെ മൊബൈല്‍ ഇന്‍റര്‍നെറ്റ് ലഭ്യമല്ല എന്നായിരുന്നു കൂടുതല്‍ ഉപഭോക്താക്കളുടെയും പരാതി. മൊബൈല്‍ കോളുകള്‍ ലഭിക്കുന്നില്ല, ജിയോഫൈബര്‍ തടസപ്പെട്ടു എന്നിങ്ങനെയുള്ള ഉപഭോക്തൃ പരാതികളായിരുന്നു തൊട്ടുപിന്നിലുണ്ടായിരുന്നത്. കേരളത്തില്‍ ജിയോ സേവനങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതി എക്‌സില്‍ നിരവധി കാണാം. എന്താണ് ജിയോ നെറ്റ്‌വര്‍ക്ക് തടസ്സപ്പെടാന്‍ കാരണമെന്ന് വ്യക്തമല്ല.

Asianet News Live | Israel - Iran conflict | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News