മുംബൈ: 499 രൂപയുടെ പുതിയ റീചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ച് ജിയോ. ദിവസേന ഒരു ജിബി ഡാറ്റ അടിസ്ഥാനത്തില്‍ 91 ദിവസത്തേക്ക് 91 ജിബി ഡാറ്റയാണ് ഈ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് ലഭിക്കുക. നിലവില്‍ 459 രൂപയുടെ ഒരു പ്ലാന്‍ ജിയോ നല്‍കി വരുന്നുണ്ട്. ദിവസേന ഒരു ജിബി ഡാറ്റ അടിസ്ഥാനത്തില്‍ 84 ജിബി ഡാറ്റയാണ് ഈ പ്ലാനില്‍ ലഭിക്കുന്നത്.

നിലവില്‍ ജിയോ നല്‍കുന്ന 4,999 രൂപയുടെ വാര്‍ഷിക പ്ലാനിനേക്കാള്‍ ഏറെ ലാഭകരമാണ് 499 രൂപയുടെ പ്ലാന്‍. 4,999 രൂപയ്ക്ക് ഒരു വര്‍ഷത്തേക്ക് 350 ജിബി ഡാറ്റയാണ് ലഭിക്കുക. ദിവസേനയുള്ള ഡാറ്റാ ഉപയോഗ പരിധി ഇല്ല എന്നുള്ളതാണ് 4,999 രൂപയുടെ പ്ലാനിന്‍റെ പ്രത്യേകത. അതേസമയം, 499 രൂപ ആവര്‍ത്തിച്ച് റീച്ചാര്‍ജ് ചെയ്യുമ്പോള്‍ ഉപയോക്താവിന് വര്‍ഷം 1,996 രൂപ മാത്രമേ ചിലവ് വരികയുള്ളൂ. 

കൂടാതെ ദിവസേന ഒരു ജിബി ഡാറ്റ അടിസ്ഥാനത്തില്‍ ഒരുവര്‍ഷം 364 ജിബി ഡാറ്റ ഉപയോഗിക്കാനും സാധിക്കും. സാധാരണ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം 499 രൂപയുടെ പ്ലാന്‍ ഏറെ ലാഭകരമായിരിക്കും. എന്നാല്‍, ദിവസേനയുള്ള ഡാറ്റാ ഉപയോഗ നിയന്ത്രണവും ഇടക്കിടെ റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്കും ഏറ്റവും നല്ലത് 4999 രൂപയുടെ പ്ലാന്‍ ആണ്.

180 ദിവസത്തേക്ക് 125 ജിബി ഡാറ്റ ലഭിക്കുന്ന 1,999 രൂപയുടെ പ്ലാനാണ് ജിയോയുടെ മറ്റൊരു വലിയ പ്രീപെയ്ഡ് പ്ലാന്‍. ഈ പ്ലാനിനൊപ്പവും ദിവസേനയുള്ള ഒരു ജിബി ഉപയോഗ പരിധിയുണ്ടാവില്ല. മാത്രമല്ല, ഈ ഓഫര്‍ രണ്ട് തവണ ചെയ്യുമ്‌ബോള്‍ 3,998 രൂപയ്ക്ക് 250 ജിബി ഡാറ്റ ലഭിക്കും.