ദില്ലി: ടെലികോം രംഗത്ത് വന്‍മാറ്റങ്ങള്‍ സൃഷ്ടിച്ച ശേഷം ജിയോ ഡിടിഎച്ച് സേവനങ്ങളുമായി എത്തുന്നുവെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. ജിയോ സെറ്റ്‌ടോപ്പ് ബോക്‌സുകള്‍ ഏപ്രിലോടെ വിപണിയില്‍ പുറത്തിറക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. ഇതിന്‍റെ ചിത്രങ്ങള്‍ ചില ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു. അതിനു പിന്നാലെയാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തു വന്നിരിക്കുന്നത്.
ജിയോ ലോഗോയുള്ള നീലബോക്‌സോടെയുള്ള ചിത്രങ്ങളായിരുന്നു പുറത്തു വന്നിരുന്നത്. ഓഡിയോ വീഡിയോ ഔട്ട്പുട്ടിനൊപ്പം, യുഎസ്ബി, സ്റ്റാന്റേര്‍ഡ് കേബിള്‍ കണക്ടര്‍ തുടങ്ങിയവക്ക് വ്യത്യസ്ത പോര്‍ട്ടുകളും പുതിയ ജിയോ സെറ്റോപ്പ് ബോക്‌സിനുണ്ട്.
ബ്രോഡ്ബാന്റ് കണക്ഷന് വേണ്ട ഈതെര്‍നെറ്റ് പോര്‍ട്ടും ജിയോ സെറ്റോപ്പ് ബോക്‌സ് നല്‍കുന്നുണ്ട്. മാത്രമല്ല 1 ജിബിപിഎസ് സ്പീഡില്‍ ഇന്റര്‍നെറ്റ് സേവനം അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. 360 ചാനലുകളാണ് ഉപഭോക്താക്കള്‍ക്കായി എത്തിക്കുക എന്നാണ് റിപ്പോര്‍ട്ട്.
അവയില്‍ തന്നെ 50 ചാനലുകളും എച്ച്ഡി ആയിരിക്കും. മാത്രമല്ല ചാനല്‍ പരിപാടികള്‍ ഏഴ് ദിവസം വരെ സേവ് ചെയ്ത് വെക്കാമെന്നതും ജിയോയുടെ മാത്രം സെപ്ഷ്യല്‍ ഓഫറുകള്‍. സ്വന്തം ശബ്ദം കൊണ്ട് ടിവി റിമോട്ടിനെ നിയന്ത്രിക്കാമെന്നതും ജിയോ സെറ്റോപ്പ് ബോക്‌സിന്റെ പ്രത്യേകതയാണ് എന്നാണ് റിപ്പോര്‍ട്ട്.
(പ്രതീകാത്മക ചിത്രം)
