മുംബൈ: ഇന്ത്യൻ ടെലികോം മേഖലയെ അടിമുടി മാറ്റിയ റിലയന്‍സ് ജിയോയുടെ അൺലിമിറ്റഡ് വെല്‍ക്കം ഓഫര്‍ ഒരു വർഷത്തേക്കു നീട്ടി. എന്നാല്‍ താരീഫ് നിരക്കുകള്‍ ഉണ്ടാകും. 303 രൂപ മാസം മുടക്കിയാല്‍ ഫ്രീ 4ജി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്സ് കോളും ലഭിക്കും. ഇത്തരം മെമ്പര്‍മാരെ ജിയോ പ്രൈം മെമ്പര്‍സ് എന്നാണ് പറയുക. 2017 മാർച്ച് 31 വരെ കാലാവധിയുണ്ടായിരുന്ന ഓഫറാണ് 2018 മാര്‍ച്ച് 31 വരെ നീട്ടിയത്. പ്രൈം മെമ്പേഴ്സ് ആകണമെങ്കില്‍ ഈ വരുന്ന ഏപ്രിലില്‍ ജിയോ ഉപയോക്താവ് 99 രൂപ അടക്കണം.
നിലവിലുള്ള വരിക്കാർക്കും പുതുതായി ചേരുന്നവർക്കും ആനുകൂല്യം ലഭിക്കും. ജിയോ ഡേറ്റ, വോയിസ്, വിഡിയോ, മറ്റ് ആപ്ലിക്കേഷനുകൾ എന്നിവയാണ് സൗജന്യമായി ലഭിക്കുന്നത്. 100 മില്യൺ ഉപഭോക്താക്കളെന്ന ചരിത്രനേട്ടവും റിലയൻസ് ജിയോ പിന്നിട്ടതായി മുംബൈയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുകേഷ് അംബാനി പറഞ്ഞു.
170 ദിവസങ്ങൾ കൊണ്ടാണ് ഈ നേട്ടം. ജിയോ സമൂഹത്തിലെ ഓരോരുത്തർക്കും അവകാശപ്പെട്ടതാണ് ഈ നേട്ടമെന്ന് മുകേഷ് അംബാനി വ്യക്തമാക്കി. സുസ്ഥിര തൊഴിൽദിനങ്ങൾ ഉറപ്പാക്കാൻ റിലയൻസ് ജിയോക്ക് സാധിച്ചിട്ടുണ്ടെന്നും ഇത് രാജ്യത്തിനാകെ നേട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജിയോയെ വിശ്വസിക്കുന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും മുകേഷ് അംബാനി പറഞ്ഞു.
