ദില്ലി: റിലയൻസ് ജിയോക്ക് എതിരെ മൊബൈൽ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കേന്ദ്രടെലികോം മന്ത്രാലയത്തിന് പരാതി നൽകി. പരീക്ഷണ പ്രവർത്തനം എന്ന പേരിൽ ജിയോ പൂർണ സേവനങ്ങളാണ് ലഭ്യമാക്കുന്നതെന്നാണ് ആരോപണം.

റിലയന്‍സ് ഒരുക്കുന്ന 4ജി സേവനം കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ആഗസ്റ്റ് 15ന് അവതരിപ്പിക്കാന്‍ ഇരിക്കെയാണ് പുതിയ ആരോപണം. ടെലികോം ഓപ്പറേറ്റര്‍മാര്‍ തന്നെയാണ് റിലയന്‍സ് ജിയോയ്ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുന്നത്. ടെസ്റ്റ് പരീക്ഷണത്തില്‍ തന്നെ റിലയന്‍സ് ജിയോ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് മൊബൈൽ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കേന്ദ്ര ടെലികോം മന്ത്രാലയത്തിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

എന്നാല്‍ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ക്ക് എതിരെ റിലയന്‍സ് ജിയോ ശക്തമായി രംഗത്ത് എത്തിയിട്ടുണ്ട്. അടിസ്ഥാനങ്ങള്‍ ഒന്നുമില്ലാത്തതാണ് ഇപ്പോഴത്തെ പരാതി, ഞങ്ങളോട് മാത്രമല്ല ട്രായിയോട് കൂടിയാണ് ടെലികോം ഓപ്പറേറ്റീവ് അസോസിയേഷന്‍ ഉടക്കുന്നത് എന്നാണ് റിലയന്‍സ് വക്താവ് പറയുന്നത്. ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് ഒരു അടിസ്ഥാനവും ഇല്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.

ആദ്യഘട്ടത്തില്‍ റിലയന്‍സ് ജീവനക്കാര്‍ക്ക് മാത്രമായിരുന്നു പരീക്ഷണാടിസ്ഥാനത്തില്‍ ജിയോ നല്‍കിയത്. പിന്നീട് ഇവര്‍ നിര്‍ദേശിക്കുന്നവര്‍ക്കും നല്‍കിവന്നു. ഇപ്പോള്‍ റിലയന്‍സ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍റായ ലൈഫിന് ഒപ്പം ജിയോ കണക്ഷന്‍ നല്‍കുന്നുണ്ട്. അതിനാല്‍ തന്നെ ഇത് വാണിജ്യാടിസ്ഥാനത്തില്‍ സര്‍വ്വീസ് ആരംഭിക്കും മുന്‍പ് ജിയോ പൂർണ സേവനങ്ങളാണ് ലഭ്യമാക്കുന്നത് നിയമവിരുദ്ധമാണെന്നാണ് ടെലികോം അസോസിയേഷന്‍ പരാതി. അതേ സമയം ജിയോയുടെ വരവിനെ തുടര്‍ന്ന് വിവിധ കമ്പനികള്‍ തങ്ങളുടെ 4ജി നിരക്കുകളില്‍ വലിയ കുറവ് വരുത്തിയിരുന്നു.