രാജ്യത്തുടനീളം 4ജി നെറ്റ്‌വർക്ക് ആരംഭിക്കുന്നതിനായാണ് അധിക ഫണ്ട് അനുവദിച്ചിരിക്കുന്നത്. ബി‌എസ്‌എൻ‌എല്ലിന്റെ 5ജി നെറ്റ്‌വർക്കും ഉടൻ ആരംഭിക്കാൻ സാധ്യതയുണ്ട്.

പൊതുമേഖലാ ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന് (ബിഎസ്എൻഎൽ) കേന്ദ്ര സർക്കാരിൽ നിന്ന് 6,982 കോടി രൂപയുടെ അധിക ഫണ്ട് ലഭിക്കും. നേരത്തെ, ബിഎസ്എൻഎല്ലിന് സർക്കാരിൽ നിന്ന് ഏകദേശം 3.22 ലക്ഷം കോടി രൂപയുടെ ഫണ്ട് ലഭിച്ചിരുന്നു. ഇതിൽ ഏകദേശം രണ്ട് വർഷം മുമ്പ് അനുവദിച്ച 89,000 കോടി രൂപയുടെ 4ജി, 5ജിസ്പെക്ട്രവും ഉൾപ്പെടുന്നു.

രാജ്യത്തുടനീളം ബി‌എസ്‌എൻ‌എല്ലിന്റെ 4 ജി നെറ്റ്‌വർക്ക് ആരംഭിക്കുന്നതിനായി 6982 കോടി രൂപയുടെ അധിക മൂലധന ചെലവ് അംഗീകരിച്ചതായി ടെലികോം സഹമന്ത്രി പെമ്മസാനി ചന്ദ്രശേഖർ രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു. കഴിഞ്ഞ മാസം അവസാനം വരെ ബി‌എസ്‌എൻ‌എൽ 4 ജി നെറ്റ്‌വർക്കിനായി ഏകദേശം 96,300 സൈറ്റുകൾ സ്ഥാപിച്ചു. ഇതിൽ 91,281 സൈറ്റുകൾ കമ്മീഷൻ ചെയ്തു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ മൂന്നാം, നാലാം പാദങ്ങളിൽ കമ്പനി യഥാക്രമം 262 കോടി രൂപയും 280 കോടി രൂപയും അറ്റാദായം നേടിയതായി ചന്ദ്രശേഖർ പറഞ്ഞു. എങ്കിലും, ഈ സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ കമ്പനിക്ക് നഷ്‍ടം സംഭവിച്ചു.

ഈ മാസം ആദ്യം രാജ്യ തലസ്ഥാനമായ ഡൽഹിയിൽ ബി‌എസ്‌എൻ‌എൽ 4ജി സേവനം ആരംഭിച്ചു. ഡൽഹിയിലെ ഉപയോക്താക്കൾക്ക് ബി‌എസ്‌എൻ‌എൽ സിം കാർഡുകൾ വഴി അതിവേഗ ഡാറ്റയും വോയ്‌സ് സേവനങ്ങളും ഉപയോഗിക്കാൻ കഴിയും. ഒരു പങ്കാളിയുമായുള്ള നെറ്റ്‌വർക്ക് പങ്കിടൽ കരാറിലൂടെയാണ് ഈ സർക്കാർ ടെലികോം കമ്പനി ഈ സേവനം വാഗ്‍ദാനം ചെയ്തിരിക്കുന്നത്. ഇതോടൊപ്പം, വ്യാജ ലിങ്കുകളുള്ള എസ്എംഎസ് സന്ദേശങ്ങളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനായി രാജ്യത്തുടനീളം ആന്‍റി-സ്‍മിഷിംഗ്, ആന്റി-സ്പാം പരിരക്ഷണം എന്നിവയും ബിഎസ്എൻഎൽ ആരംഭിച്ചിട്ടുണ്ട്. ഏകദേശം 47,000 കോടി രൂപയുടെ മൂലധന ചെലവ് നടത്താൻ കമ്പനി പദ്ധതിയിടുന്നതായി ടെലികോം വകുപ്പ് (ഡിഒടി) നേരത്തെ പറഞ്ഞിരുന്നു. അടുത്ത വർഷത്തോടെ ഉപഭോക്താക്കളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനൊപ്പം മൊബൈൽ സേവനവുമായി ബന്ധപ്പെട്ട ബിസിനസ് 50 ശതമാനം വർദ്ധിപ്പിക്കാനും ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ബി‌എസ്‌എൻ‌എല്ലിന്റെ 5ജി നെറ്റ്‌വർക്കും ഉടൻ ആരംഭിക്കാൻ സാധ്യതയുണ്ട്. കമ്പനിയുടെ 5G സേവനം ക്യു-5ജി (Q-5G) എന്ന് വിളിക്കപ്പെടും. ഇതിൽ ക്യു എന്നാൽ ക്വാണ്ടം എന്നാണ് അർത്ഥമാക്കുന്നത്. അടുത്തിടെ, ബി‌എസ്‌എൻ‌എൽ സിം കാർഡുകൾ ഡോർസ്റ്റെപ്പ് ഡെലിവറി ചെയ്യുന്ന സേവനം ആരംഭിച്ചു. ഇതിനായി ഒരു ഓൺലൈൻ പോർട്ടലും ആരംഭിച്ചു. ഈ പോർട്ടൽ വഴി ഉപഭോക്താക്കൾക്ക് അവരുടെ വീടുകളിൽ സിം കാർഡുകൾ ലഭിക്കും. പ്രീപെയിഡ്, പോസ്റ്റ്‌പെയ്ഡ് സിം ഓപ്ഷനുകൾ ഇതിൽ ലഭ്യമാകും. സിം ഡെലിവറി ചെയ്യുന്നതിന് മുമ്പ്, ഉപഭോക്താക്കൾ സ്വയം കെവൈസി പരിശോധന നടത്തണം.