അന്താരാഷ്ട്രതലത്തിൽ സാംസങ്ങിന്‍റെ ഏറ്റവും വലിയ സ്‍മാർട്ട്‌ഫോൺ നിർമ്മാണ യൂണിറ്റ് നോയിഡയിലാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സാംസങ്ങിന്‍റെ സ്‍മാർട്ട്‌ഫോൺ കയറ്റുമതിയുടെ ഒരു പ്രധാന കേന്ദ്രവുമാണ് ഇന്ത്യ.
നോയിഡ: ദക്ഷിണ കൊറിയൻ ഇലക‌്‌ട്രോണിക്‌സ് ബ്രാൻഡായ സാംസങ്, ഇന്ത്യയിലെ ഉൽപ്പാദനം വിപുലീകരിക്കാൻ പദ്ധതിയിടുന്നു. ഉത്തർപ്രദേശിലെ നോയിഡയിലുള്ള സാംസങ്ങിന്‍റെ ഫാക്‌ടറിയിൽ സ്മാർട്ട്ഫോൺ ഡിസ്‌പ്ലേകൾ നിർമ്മിക്കാനാണ് നീക്കം. കേന്ദ്ര സർക്കാരിന്‍റെ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്‍റീവ് (പിഎൽഐ) പദ്ധതി പ്രകാരം സ്‍മാർട്ട്‌ഫോൺ ഡിസ്‌പ്ലേകൾ നിർമ്മിക്കാൻ കമ്പനി അപേക്ഷിച്ചിട്ടുണ്ട്.
സാംസങ്ങിന്‍റെ ഇന്ത്യന്‍ പദ്ധതി
ഇന്ത്യയില്‍ ഡിസ്‌പ്ലെകള്‍ നിര്‍മ്മിക്കാന്‍ സാംസങ് ഇപ്പോൾ സർക്കാരിന്‍റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. അന്താരാഷ്ട്രതലത്തിൽ സാംസങ്ങിന്‍റെ ഏറ്റവും വലിയ സ്‍മാർട്ട്‌ഫോൺ നിർമ്മാണ യൂണിറ്റ് നോയിഡയിലാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സാംസങ്ങിന്‍റെ സ്‍മാർട്ട്‌ഫോൺ കയറ്റുമതിയുടെ ഒരു പ്രധാന കേന്ദ്രമായി ഇവിടം മാറിയിട്ടുണ്ട്. ഈ ഫാക്‌ടറിയിൽ സ്മാർട്ട്ഫോൺ ഡിസ്‌പ്ലേകൾ നിർമ്മിക്കാനുള്ള പദ്ധതികളുണ്ട്. സ്‍മാർട്ട്‌ഫോൺ പിഎൽഐ സ്‍കീമിന് കീഴിൽ കമ്പനി ഒരു വിപുലീകരണവും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സാംസങ്ങിന്‍റെ പ്രസിഡന്‍റും സിഇഒയുമായ ജെബി പാർക്ക് പറഞ്ഞു. ഈ പദ്ധതിയുടെ പുതിയ ഘട്ടത്തിൽ ആനുകൂല്യങ്ങൾ തുടരാനുള്ള സാധ്യതയെക്കുറിച്ച് കമ്പനി സർക്കാരുമായി ചർച്ച നടത്തിവരികയാണെന്ന് അദേഹം പറഞ്ഞു.
ഈ പദ്ധതി പ്രകാരം, സർക്കാർ നിശ്ചയിച്ചിട്ടുള്ള വാർഷിക ഉൽപാദന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് കമ്പനികൾക്ക് നികുതി ആനുകൂല്യങ്ങളും സാമ്പത്തിക പ്രോത്സാഹനങ്ങളും ലഭിക്കും. എങ്കിലും വിയറ്റ്നാമിൽ നിന്ന് ഇന്ത്യയിലേക്ക് ഉൽപാദനം മാറ്റാൻ സാംസങ് പദ്ധതിയിടുന്നില്ല. വിയറ്റ്നാം കമ്പനിയുടെ ഏറ്റവും വലിയ അന്താരാഷ്ട്ര ഉൽപാദന അടിത്തറയായി തുടരും. ഇന്ത്യയിൽ ഡിമാൻഡ് വർധിച്ചാൽ കമ്പനിക്ക് കൂടുതൽ നിക്ഷേപങ്ങൾ നടത്താം. സ്‍മാർട്ട്‌ഫോണുകൾക്കുള്ള ചിപ്‌സെറ്റുകൾ രാജ്യത്ത് നിന്ന് ലഭ്യമാക്കാനും സാംസങ് പദ്ധതിയിടുന്നു. ഇതിനായി ഈ വിതരണക്കാർ ഗുണനിലവാരത്തിന്‍റെയും വിലയുടെയും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. സാധ്യമാകുന്നിടത്തെല്ലാം പ്രാദേശിക പങ്കാളികളുമായി പ്രവർത്തിക്കാൻ കമ്പനി താൽപ്പര്യപ്പെടുന്നുവെന്ന് ജെബി പാർക്ക് പറഞ്ഞു.
സാംസങ്ങിന്‍റെ അന്താരാഷ്ട്ര ബിസിനസിന് ഇന്ത്യ ഒരു പ്രധാന വിപണിയായി മാറിയിരിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം, കമ്പനിയുടെ രാജ്യത്തെ വരുമാനം 11 ബില്യൺ ഡോളർ കവിഞ്ഞു. ഈ വരുമാനത്തിന്‍റെ ഏകദേശം 42 ശതമാനം കയറ്റുമതിയാണ്. ഇന്ത്യയിലെ കമ്പനിയുടെ വരുമാനത്തിന്‍റെ ഏകദേശം 70 ശതമാനം സ്‍മാർട്ട്‌ഫോണുകളിൽ നിന്നാണ്. അടുത്ത ദശകത്തിൽ, രാജ്യത്ത് നിന്നുള്ള വരുമാനത്തിൽ സ്‍മാർട്ട്‌ഫോൺ ഇതര വിഭാഗങ്ങളുടെ വിഹിതം ഏകദേശം 50 ശതമാനമായി ഉയർത്താൻ സാംസങ് പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ.



