സാംസങിന്റെ ഫ്ലാഗ്‌ഷിപ്പ് ഫോണായ ഗാലക്‌സി നോട്ട് 7 ലോകവ്യാപകമായി കമ്പനി തിരിച്ചുവിളിക്കുന്നു. ഈ മോഡലിന്റെ ബാറ്ററി പൊട്ടിത്തെറിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തതിനെ തുടര്‍ന്നാണ് ഫോണ്‍ തിരിച്ചുവിളിക്കാന്‍ കാരണമെന്ന് അറിയുന്നു. ഉപഭോക്താക്കളുടെ സുരക്ഷയ്‌ക്കാണ് കമ്പനി മുന്‍ഗണന നല്‍കുന്നതെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും സാംസങ് അധികൃതര്‍ അറിയിച്ചു. ഫോണിന്റെ തകരാര്‍ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും. ഇതിന്റെ കാരണമെന്തെന്ന് വൈകാതെ പുറത്തുവിടുമെന്നും സാംസങ് അധികൃതര്‍ വ്യക്തമാക്കി. അടുത്തിടെ ബാറ്ററി തകരാര്‍ മൂലം സാംസങ് ഗാലക്‌സി നോട്ട് 7 ബുക്ക് ചെയ്തവര്‍ക്ക് വിതരണം ചെയ്യുന്നത് വൈകിപ്പിച്ചിരുന്നു. എന്നാല്‍ ഏറെ സൂക്ഷ്‌മതയോടെയ വികസിപ്പിച്ചെടുത്ത ബാറ്ററിക്ക് എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാന്‍ സാംസങിലെ എന്‍ജിനിയര്‍മാര്‍ക്ക് സാധിച്ചിട്ടില്ലെന്നാണ് അറിയുന്നത്. അതേസമയം സാംസങിന്റെ എതിരാളികളായ ആപ്പിള്‍, അവരുടെ പുതിയ ഐഫോണ്‍ മോഡല്‍ അടുത്ത ആഴ്‌ച സാന്‍ ഫ്രാന്‍സിസ്‌കോയില്‍ പുറത്തിറക്കാനിരിക്കുകയാണ്. പുതിയ ഐഫോണ്‍ വരുന്ന സമയത്ത് തങ്ങളുടെ അഭിമാന മോഡല്‍ തിരിച്ചുവിളിക്കേണ്ട വന്നത് വിപണിയില്‍ തിരിച്ചടിയാകുമോയെന്ന ആശങ്ക സാംസങ് അധികൃതര്‍ക്ക് ഉണ്ട്.