ന്യൂയോര്‍ക്ക്: മനുഷ്യ ഭ്രൂണത്തില്‍ ജനിതകമാറ്റം വരുത്തുന്നതില്‍ വിജയം കൈവരിച്ച് അമേരിക്കന്‍, ദക്ഷിണകൊറിയന്‍ ഗവേഷക സംഘം. ജീനുകളെ നിയന്ത്രിക്കുക വഴി പതിനായിരത്തോളം ജനിതക രോഗങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളി അവസാനിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. ജീവന്‍റെ തന്മാത്രയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡിഎന്‍എയെ എഡിറ്റ് ചെയ്താണ് ലോകം കാത്തിരുന്ന നേട്ടം അമേരിക്കന്‍ ദക്ഷിണ കൊറിയന്‍ ഗവേഷക സംഘം കൈവരിച്ചത്.

 ക്രിസ്പര്‍ എന്ന ജീനോം എഡിറ്റിംഗ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇത് സാധ്യമായത്. ജീനുകളെ നിയന്ത്രിക്കുക വഴി തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന പതിനായിരത്തോളം ജനിതക രോഗങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളി അവസാനിപ്പിക്കാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോകത്ത് അഞ്ഞൂറിലൊരാളെ ബാധിക്കുന്ന ജനിതക രോഗമായ ഹൈപ്പര്‍‍ട്രോഫിക് കാര്‍ഡിയോമയോപ്പതി ഉണ്ടാക്കുന്ന ജീനുകളെ ഭ്രൂണത്തില്‍ നിന്ന് വേര്‍തിരിക്കുകയായിരുന്നു തങ്ങളെന്ന് അന്താരാഷ്ട്ര ജേണലായ നേച്ചറില്‍ പ്രസിദ്ധീകരിച്ച പേപ്പറിലൂടെ ഗവേഷക സംഘം അവകാശപ്പെട്ടു. 

ഇത്തരത്തില്‍ രോഗവിമുക്തമായ ഭ്രൂണം അഞ്ച് ദിവസത്തോളം വളര്‍ത്തിയ ശേഷമാണ് ഗവേഷണം അവസാനിപ്പിച്ചതെന്നും ഗവേഷക സംഘത്തിന്‍റെ തലവന്‍ ഡോ. ഷൗക്കരാത് മിതാലിപോവ് വ്യക്തമാക്കി. ഹൈപ്പര്‍‍ട്രോഫിക് കാര്‍ഡിയോ മയോപ്പതി ബാധിതനായി ആളില്‍ നിന്നെടുത്ത ബീജം അരോഗ്യമുള്ള അണ്ഡവുമായി ക്രിസ്പര്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സംയോജിപ്പിച്ചാണ് എഡിറ്റിംഗ് നടത്തിയത്.

എല്ലായ്പ്പോഴും ഇത് വിജയിക്കണമെന്നില്ലെങ്കിലും 72 ശതമാനം ഭ്രൂണവും ജനിതകമാറ്റം ഉണ്ടാക്കുന്ന ജീനുകളില്‍ നിന്നു മുക്തമായത് പ്രതീക്ഷയോടെയാണ് ലോകം നോക്കിക്കാണുന്നത്. സ്തനാര്‍ബുധം ഉള്‍പ്പെടെ ഒട്ടേറെ രോഗങ്ങളെ പിഴുതെറിയാന്‍ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

ജനിതകഎഡിറ്റിങ് വഴി പാരമ്പര്യരോഗ വാഹകരായ ജീനുകളെ അതാതു ഡി.എന്‍.എയില്‍ നിന്ന് ഒഴിവാക്കാനാകും. അതേസമയം ജനിതകവിളകളും ക്ലോണിംഗും ഉയര്‍ത്തിയ പോലെ സാമൂഹികവും നൈതികവുമായ ചര്‍ച്ചകള്‍ക്ക് ഇതിനോടകം തന്നെ തുടക്കമായിട്ടുണ്ട്.