ന്യൂയോര്‍ക്ക്: സമുദ്രത്തിലെ ഉപ്പില്‍ പ്ലാസ്റ്റിക്ക് അപകടകരമായ വിധത്തില്‍ കലരുന്നതായി കണ്ടെത്തല്‍. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, സ്പെയ്ന്‍, ചൈന തുടങ്ങിയ രാജ്യങ്ങളിലെ സമുദ്രങ്ങളിലെ ഉപ്പിലാണ് പ്ലാസ്റ്റിക്കിന്‍റെ അംശം കണ്ടെത്തിയത്. വാട്ടര്‍ ബോട്ടിലുകളുടെ അവശിഷ്ടങ്ങളും മൈക്രോഫൈബറുമാണ് കൂടുതലായി ഉപ്പിന്‍റെ മലിനീകരണത്തിന് കാരണമാകുന്നത്. ഓരോ വര്‍ഷവും 12.7 മില്ല്യണ്‍ പ്ലാസ്റ്റിക്കുകളാണ് കടലില്‍ എത്തിച്ചേരുന്നത്.

ഓരോ മിനിറ്റിലും പ്ലാസ്റ്റിക്ക് ചവറുകള്‍ അടങ്ങിയ ട്രക്ക് സമുദ്രത്തില്‍ മറിക്കുന്നതിന് തുല്ല്യമാണിത്. സര്‍വ്വവ്യാപിയായി പ്ലാസ്റ്റിക്ക് മാറുകയാണെന്നും കഴിക്കുന്ന കടല്‍ മത്സ്യങ്ങളിലും , കുടിക്കുന്ന ബിയറിലും വെള്ളത്തിലും, കാറ്റിലും വരെ പ്ലാസ്റ്റിക്ക് അടങ്ങിയിട്ടുണ്ടെന്നാണ് ന്യൂയോര്‍ക്കിലെ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയലെ പ്രൊഫസര്‍ ഷെറി മാസണ്‍ പറയുന്നത്. 

പഠനത്തിന്‍റെ ഭാഗമായി ലോകത്തിന്‍റെ പല ഭാഗത്ത് നിന്നായി കൊണ്ടുവരുന്ന ഉപ്പ് പരിശോധിച്ചിരുന്നു. അമേരിക്കയില്‍ 90 ശതമാനം ആളുകളും ഉപ്പ് ഭക്ഷണത്തില്‍ അധികമായി ഉപയോഗിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഒരു വര്‍ഷം അമേരിക്കയില്‍ താമസിക്കുന്ന ആള്‍ കഴിക്കുന്നത് 660 പ്ലാസ്റ്റിക്ക് തരികളാണ്. എന്നാല്‍ ഇത് ശരീരത്തെ ഏത് രീതിയിലാണ് ബാധിക്കുന്നത് എന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല കാരണം ആരും ഇതിനെ കുറിച്ച് ഇതുവരെ പഠനം നടത്തിയിട്ടില്ലെന്ന് സ്പെയിനിലെ അലികാന്‍റ് യൂണിവേഴ്സിറ്റി പ്രൊഫസര്‍ പറയുന്നു.

ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് കടല്‍ വിഭവങ്ങളില്‍ മൈക്രോപ്ലാസ്റ്റിക്കുകള്‍ അടങ്ങിയിട്ടുണ്ടെന്ന് സ്പെയിനിലെ ഗവേഷകര്‍ വെളിപ്പെടുത്തിയത്. കടലിലെ ഉപ്പിലും കടല്‍ വിഭവങ്ങളിലും ഏറ്റവും കൂടുതലായി കണ്ടെത്തുന്നത് പോളിത്തീന്‍ പ്ലാസ്റ്റിക്കുകളാണ്. വെള്ളകുപ്പികള്‍ നിര്‍മ്മിക്കാനായി ഉപയോഗിക്കുന്നത് പോളിത്തീന്‍ കൊണ്ടാണ്. മനുഷ്യര്‍ ഭക്ഷിക്കുന്ന ഉപ്പ് അടങ്ങിയിരിക്കുന്ന എല്ലാ ഭക്ഷണങ്ങളിലും മേയ്ക്ക് അപ്പ് സാധനങ്ങളിലും പ്ലാസ്റ്റിക്ക് അടങ്ങിയിരിക്കുന്നു.