പൂനെ: തലച്ചോറ് തുളച്ച് വെടിയുണ്ട കയറിയിട്ടും യുവാവ് അത്ഭുതകരമായി രക്ഷപെട്ടു. സഞ്ജയ് എന്ന 24കാരനാണ് അത്ഭുതകരമായി രക്ഷപെട്ടത്. ടൈംസ് ഓഫ് ഇന്ത്യ പത്രമാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ജനുവരിയില്‍ ഒരു വഴക്ക് തീര്‍ക്കാന്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് സഞ്ജയ്ക്ക് വെടിയേറ്റത്. വെടിയുണ്ട തലച്ചോറ് തുളച്ച് അകത്ത് കയറി. ജനുവരി രണ്ടിന് രാവിലെ 11.30ഓടെയാണ് സഞ്ജയ്ക്ക് വെടിയേറ്റത്. 

തുടര്‍ന്ന് ഇയാളെ പൂനെയിലെ റൂബി ഹാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടുത്തെ വിദഗ്ധ ചികിത്സയുടെ ഫലമായാണ് സഞ്ജയ് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചു വന്നത്. സെറിബ്രത്തെയും സെറിബല്ലത്തെയും വേര്‍തിരിക്കുന്ന ഭാഗം വരെ വെടിയുണ്ട തുളഞ്ഞ് കയറിയിരുന്നു. സി.ടി സ്‌കാന്‍ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. 

അതീവ സങ്കീര്‍ണമായ ഒന്നിലധികം ശസ്ത്രക്രിയകള്‍ക്ക് ശേഷമാണ് വെടിയുണ്ട നീക്കം ചെയ്തത്. ശസ്ത്രക്രിയക്ക് ശേഷം പതിനഞ്ച് ദിവസത്തിനകം വെന്റിലേറ്ററിന്റെ സഹായമില്ലാതെ ശ്വസിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ചെയ്യുനാകുന്ന വിധം സഞ്ജയ് ആരോഗ്യനില വീണ്ടെടുത്തു. രണ്ട് മാസത്തെ ചികിത്സയ്ക്ക് ശേഷം മാര്‍ച്ച് രണ്ടിന് സഞ്ജയ് ആശുപത്രി വിട്ടു.