മെറ്റയുടെ സൂപ്പർഇന്‍റലിജൻസ് ലാബ്‍സിൽ നിന്ന് 600 പേരെ പിരിച്ചുവിടുന്നതായി കഴിഞ്ഞ ദിവസം ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. അങ്ങനെ ജോലി പോയവര്‍ക്ക് ജോലി നല്‍കാമെന്ന വാഗ്‌ദാനവുമായി സുദര്‍ശന്‍ കാമത്തിന്‍റെ 'സ്‌മോളസ്റ്റ് എഐ'.
സാന്‍ ഫ്രാന്‍സിസ്‌കോ: ഫേസ്ബുക്കിന്‍റെ മാതൃകമ്പനിയായ മെറ്റ സൂപ്പർഇന്‍റലിജൻസ് ലാബ്‍സിൽ നിന്ന് 600 പേരെ പിരിച്ചുവിടുന്നതായി കഴിഞ്ഞ ദിവസം ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ഒരുവശത്ത് എഐയില്‍ വലിയ നിക്ഷേപം മാര്‍ക് സക്കര്‍ബര്‍ഗിന്‍റെ മെറ്റ നടത്തുന്നതിനിടെയാണ് ഈ പിരിച്ചുവിടല്‍ എന്നതായിരുന്നു ഞെട്ടല്‍. മെറ്റ 'കഴിവ് പോരെന്ന്' പറഞ്ഞ് പുറന്തള്ളിയ ഇവരെ ജോലിക്കെടുക്കാമെന്ന് പറഞ്ഞ് കോടികളുടെ ഓഫര്‍ വച്ചുനീട്ടി ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ് ഇന്ത്യന്‍ വംശജനായ സുദര്‍ശന്‍ കാമത്തിന്‍റെ എഐ സ്റ്റാര്‍ട്ടപ്പായ 'സ്‌മോളസ്റ്റ് എഐ'. സോഷ്യല്‍ മീഡിയയിലൂടെയാണ് സുദര്‍ശന്‍ കാമത്തിന്‍റെ പ്രഖ്യാപനം.
എന്താണ് 'സ്‌മോളസ്റ്റ് എഐ'?
സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള 'Smallest AI' സ്‌പീച്ച് അധിഷ്‌ഠിതമായി പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് കമ്പനിയാണ്. വോയിസ് എഐ പ്ലാറ്റ്‌ഫോമുകള്‍ സൃഷ്‌ടിക്കുന്നതിലാണ് കമ്പനിയുടെ ശ്രദ്ധ. സ്‌മോളസ്റ്റ് എഐയുടെ സ്‌പീച്ച് എഐ വിഭാഗത്തിലേക്ക്, ഇപ്പോള്‍ മെറ്റയില്‍ നിന്ന് തൊഴില്‍ നഷ്‌ടമായവര്‍ക്ക് അപേക്ഷിക്കാം. രണ്ട് ലക്ഷം ഡോളറിനും ആറ് ലക്ഷം ഡോളറിനും മധ്യേയായിരിക്കും ജോലി ലഭിക്കുന്നവര്‍ക്ക് അടിസ്ഥാന ശമ്പളം. അതായത് അഞ്ചര കോടി ഇന്ത്യന്‍ രൂപയോളം ശമ്പളം മെറ്റയില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ക്ക് സ്‌മോളസ്റ്റ് എഐ നല്‍കും. ഇതിന് പുറമെ ഇക്വിറ്റി അധിഷ്‌ഠിത പ്രതിഫലവും പുതിയ ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കുമെന്നും സ്‌മാളസ്റ്റ് എഐ സ്ഥാപകന്‍ സുദര്‍ശന്‍ കാമത്ത് പറഞ്ഞു.
പിരിച്ചുവിടലില്‍ മെറ്റയ്‌ക്ക് രൂക്ഷ വിമര്‍ശനം
മെറ്റ അവരുടെ എഐ ഗവേഷണ വിഭാഗമായ സൂപ്പർഇന്‍റലിജൻസ് ലാബ്‍സിൽ ഏകദേശം 600 തസ്‍തികകൾ വെട്ടിക്കുറയ്ക്കുന്നതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. സ്കെയിൽ എഐയിലെ മെറ്റയുടെ 14.3 ബില്യൺ ഡോളർ നിക്ഷേപത്തിന്‍റെ ഭാഗമായി ജൂണിൽ നിയമിതനായ ചീഫ് എഐ ഓഫീസർ അലക്‌സാണ്ടർ വാങ് അയച്ച മെമ്മോയിലാണ് കമ്പനി വെട്ടിച്ചുരുക്കല്‍ പ്രഖ്യാപിച്ചത്. മെറ്റയുടെ എഐ ഇൻഫ്രാസ്‌ട്രെക്‌ചര്‍ യൂണിറ്റുകളിലെയും ഫണ്ടമെന്‍റല്‍ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് റിസർച്ച് യൂണിറ്റിലെയും (എഫ്എഐആർ) മറ്റ് ഉൽപ്പന്ന സംബന്ധിയായ തസ്‍തികകളിലെയും തൊഴിലാളികളെ ഈ തീരുമാനം ബാധിക്കും.
എഐ വിഭാഗത്തില്‍ നിന്ന് തൊഴിലാളികളെ മെറ്റ പിരിച്ചുവിടാന്‍ എടുത്ത തീരുമാനം വലിയ പ്രതിഷേധത്തിന് വഴിതുറന്നു. ഒരുവശത്ത് എഐ വിഭാഗത്തിലേക്ക് ജോലിക്ക് ആളുകളെ വാശിയോടെ എടുക്കുമ്പോഴാണ് മറുവശത്ത് മെറ്റയുടെ കൂട്ടപ്പിരിച്ചുവിടല്‍ നടക്കുന്നത് എന്നതാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ വർഷം ആദ്യം നിയമിച്ച നിരവധി ഉന്നത എഐ വിദഗ്‌ധർ ഉൾപ്പെടുന്ന ഒരു പുതിയ വിഭാഗമായ ടിബിഡി ലാബ്‌സിലെ ജീവനക്കാരെ ഏറ്റവും ഒടുവിലത്തെ പിരിച്ചുവിടലുകൾ ബാധിക്കില്ല. മെറ്റയ്ക്കുള്ളിൽ എഐ വിഭാഗം വീർപ്പുമുട്ടുകയായിരുന്നുവെന്ന് ഈ വിഷയവുമായി പരിചയമുള്ള ആളുകളെ ഉദ്ദരിച്ച് സിഎൻബിസി റിപ്പോർട്ട് ചെയ്യുന്നു. മെറ്റയിലെ പുതിയ പിരിച്ചുവിടല്‍ എഐ തൊഴിലുകള്‍ പോലും സുരക്ഷിതമല്ല എന്ന ആശങ്കയും ഉയര്‍ത്തുന്നു.


