സിഇഒയുടെ വിവാദ പരാമര്‍ശത്തെത്തുടര്‍ന്ന് ഇന്ത്യക്കാരുടെ എതിര്‍പ്പിനും പ്രതിഷേധത്തിനും ആക്രമണത്തിനും വിധേയമായെങ്കിലും ഇന്ത്യക്കാരോട് നന്ദിയാണുള്ളതെന്ന് പറഞ്ഞ് സ്‌നാപ് ചാറ്റ് രംഗത്ത്. സ്‌നാപ് ചാറ്റ് ഇന്ത്യ പോലുള്ള ദരിദ്ര രാജ്യങ്ങള്‍ക്ക് ഉള്ളതല്ലെന്ന് സിഇഒ ഇവാന്‍ സ്പീഗല്‍ പറഞ്ഞതായുള്ള റിപ്പോര്‍ട്ടാണ് ഇന്ത്യക്കാരെ സ്‌നാപ് ചാറ്റിന് എതിരാക്കിയത്. 

സിഇഒ ഇന്ത്യക്കാര്‍ക്കെതിരെ പരാമര്‍ശം നടത്തിയിട്ടില്ലെന്നും ഇന്ത്യയിലെ ഉപഭോക്താക്കളോട് നന്ദിയാണുള്ളതെന്നും സ്‌നാപ്ചാറ്റ് വക്താവ് അറിയിച്ചു. തങ്ങളുടെ മുന്‍ ജോലിക്കാരനായ അന്തോണി പോംപ്ലിയാനോ വ്യാജ പ്രചരണം നടത്തിയതാണെന്നും സ്‌നാപ് ചാറ്റ് വിശദീകരിച്ചു. സ്‌നാപ് ചാറ്റ് എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്നും കമ്പനി പറഞ്ഞു. 

സ്‌നാപ് ചാറ്റ് സിഇഒയുടെ പരാമര്‍ശത്തെത്തുടര്‍ന്ന് തുടങ്ങിയ ഇന്ത്യക്കാരുടെ സൈബര്‍ ആക്രമണം ഇപ്പോഴും തുടരുകയാണ്. ട്രോളുകളും വിമര്‍ശനങ്ങള്‍ക്കും പുറമേ ബോയകോട്ട് സ്‌നാപ്ചാറ്റ് എന്ന ഹാഷ്ടാഗില്‍ ആപ്പ് അണ്‍ഇന്‍സ്‌റ്റോള്‍ ചെയ്യുകയും ചെയ്തു.