16 വയസിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗം പൂർണ്ണമായും നിരോധിക്കണമെന്ന് വാദിക്കുന്ന ഒരു സ്വകാര്യ ബിൽ തെലുങ്കുദേശം പാർട്ടി (ടിഡിപി) എംപി എൽഎസ്കെ ദേവരായലു പാർലമെന്റിൽ നിർദ്ദേശിച്ചു.

ആഗോള ടെക് ഭീമന്മാരുടെ ഏറ്റവും വലിയ ഡാറ്റാ വിപണിയാണ് ഇന്ത്യ. എന്നാൽ ഇപ്പോൾ വമ്പൻ കമ്പനികളുടെ നെഞ്ചിടിപ്പേറ്റി യുവാക്കളുടെ ഡിജിറ്റൽ ആരോഗ്യവും ദേശീയ സുരക്ഷയും സംരക്ഷിക്കുന്നതിന് ശക്തമായ നിയമനിർമ്മാണ നടപടികൾ സ്വീകരിക്കാൻ രാജ്യം ഒരുങ്ങുകയാണ്. ഇപ്പോഴിതാ 16 വയസിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗം പൂർണ്ണമായും നിരോധിക്കണമെന്ന് വാദിക്കുന്ന ഒരു സ്വകാര്യ ബിൽ തെലുങ്കുദേശം പാർട്ടി (ടിഡിപി) എംപി എൽഎസ്കെ ദേവരായലു പാർലമെന്റിൽ നിർദ്ദേശിച്ചു.

റോയിട്ടേഴ്‌സിനോട് സംസാരിച്ച എംപി ദേവരായുലു ഗുരുതരമായ ഒരു ആശങ്കയിലേക്ക് വിരൽ ചൂണ്ടി. ഇന്ത്യൻ കുട്ടികൾ സോഷ്യൽ മീഡിയയ്ക്ക് അടിമകളാകുക മാത്രമല്ല, വിദേശ കമ്പനികൾക്ക് സൗജന്യ ഡാറ്റ ഖനനത്തിന്‍റെ ഇരകളായി മാറുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വൻകിട ടെക് കമ്പനികൾ ഈ ഡാറ്റ ഉപയോഗിച്ച് നൂതന എഐ സംവിധാനങ്ങൾ നിർമ്മിക്കുന്നുണ്ടെങ്കിലും ഇന്ത്യൻ ഉപയോക്താക്കൾക്ക് സാമ്പത്തികമോ തന്ത്രപരമോ ആയ നേട്ടമൊന്നും ലഭിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.

പ്രായം പരിശോധിക്കുന്നതിന് ആരാണ് ഉത്തരവാദി?

16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിലവിൽ ഉള്ളതോ പുതുതായി സൃഷ്ടിക്കുന്നതോ നിയമവിരുദ്ധമാണെന്ന് 15 പേജുള്ള ഈ സോഷ്യൽ മീഡിയ ബില്ലിൽ വ്യക്തമായി പറയുന്നു. അക്കൗണ്ട് സൃഷ്ടിക്കാൻ ശ്രമിക്കുന്ന ആരുടെയും പ്രായം പരിശോധിക്കുന്നതിന് മെറ്റ, ഗൂഗിൾ, എക്സ് പോലുള്ള പ്ലാറ്റ്‌ഫോമുകൾ മാത്രമായിരിക്കും ഉത്തരവാദികൾ. ലംഘനങ്ങൾ കണ്ടെത്തിയാൽ, അക്കൗണ്ടുകൾ ഉടനടി പ്രവർത്തനരഹിതമാക്കും. വിദേശ എഐ മോഡലുകളെ പരിശീലിപ്പിക്കാൻ ഇന്ത്യക്കാരിൽ നിന്നുള്ള ഡാറ്റ ഉപയോഗിക്കുന്നുണ്ടെന്നും ഇതിന് കർശന നിയന്ത്രണങ്ങൾ ആവശ്യമാണെന്നും ഇത് വ്യക്തമാക്കി.

ഓസ്‌ട്രേലിയയിൽ (16 വയസ്), ഫ്രാൻസിൽ (15 വയസ്) എന്നിങ്ങനെ വിവിധ ലോകരാജ്യങ്ങൾ അടുത്തിടെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെത്തുടർന്ന് ഇന്ത്യയുടെ നിലപാട് ആഗോളതലത്തിലെ ഇത്തരം ചർച്ചകളെ കൂടുതൽ ശക്തമാക്കുകയാണ്. ഇന്ത്യയിൽ നിലവിൽ ഏകദേശം 750 ദശലക്ഷം സ്മാർട്ട്‌ഫോൺ ഉപയോക്താക്കളുണ്ട്. ഇവിടെ കുറഞ്ഞ പ്രായ മാനദണ്ഡം ഫലപ്രദമായി നിലവിലില്ല. യുകെ, ഡെൻമാർക്ക്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലും നയ പഠനങ്ങൾ നടക്കുന്നുണ്ട്.

ടെക് ഭീമന്മാരുടെ നിശബ്ദതയും സാധ്യതയുള്ള പ്രതിഷേധങ്ങളും

മാതാപിതാക്കളുടെ മേൽനോട്ടത്തെ പിന്തുണയ്ക്കുന്നുവെന്ന് മെറ്റാ പറഞ്ഞിട്ടുണ്ട്. പക്ഷേ കർശനമായ നിയന്ത്രണങ്ങൾ കുട്ടികളെ സുരക്ഷിതമല്ലാത്തതും അനിയന്ത്രിതവുമായ പ്ലാറ്റ്‌ഫോമുകളിലേക്ക് തള്ളിവിടുമെന്ന മുന്നറിയിപ്പും മെറ്റ നൽകിയിട്ടുണ്ട്. അതേസമയം ഗൂഗിളും യൂട്യൂബും എക്‌സും ഇതുവരെ ഇക്കാര്യത്തിൽ അഭിപ്രായം പറഞ്ഞിട്ടില്ല.