ബാങ്കുകൾ ഉപയോഗിക്കുന്ന 1600 സീരീസ് കോളുകൾ സ്പാമായി കണക്കാക്കരുതെന്ന് ട്രായ് നിർദ്ദേശിച്ചു. പ്രമോഷണൽ കോളുകൾക്കായുള്ള 140 സീരീസ് ഡിഎൻഡി വഴി നിയന്ത്രിക്കാമെന്നും ട്രായ് വ്യക്തമാക്കുന്നു. എന്നാൽ, ഈ സീരീസുകളിൽ നിന്ന് ധാരാളം സ്പാം കോളുകൾ വരുന്നുണ്ടെന്നും ഉപയോക്താക്കൾ അവ ബ്ലോക്ക് ചെയ്യുന്നുണ്ടെന്നും ട്രൂകോളർ വാദിക്കുന്നു.
ബാങ്കുകൾ ഉൾപ്പെടെയുള്ള നിയന്ത്രിത സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന 1600 സീരീസിലെ ഫോൺ നമ്പറുകളിൽ നിന്ന് വരുന്ന കോളുകളെ സ്പാം എന്ന് അടയാളപ്പെടുത്തുകയോ തടയുകയോ ഫിൽട്ടർ ചെയ്യുകയോ ചെയ്യരുതെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) വ്യക്തമാക്കി. അതേസമയം, ട്രൂകോളർ പോലുള്ള കോൾ മാനേജ്മെന്റ് ആപ്പുകളെ നിയന്ത്രിക്കാൻ നിയമപരമായ അധികാരം ലഭിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തെ (മെഐടിവൈ) ട്രായ് സമീപിച്ചതായും റിപ്പോർട്ടുകളുണ്ട്. 1600, 140 നമ്പർ സീരീസുകളെ സംബന്ധിച്ച് പ്രചരിച്ച ചിലറിപ്പോർട്ടുകൾ ആശയക്കുഴപ്പവും തെറ്റായ വ്യാഖ്യാനവും സൃഷ്ടിച്ച സാഹചര്യത്തിലാണ് ട്രായിയുടെ ഔദ്യോഗിക വിശദീകരണം.
എന്താണ് 1600, 140 നമ്പർ സീരീസുകൾ?
ട്രായിയുടെ വിശദീകരണമനുസരിച്ച്, 1600 സീരീസ് പ്രധാനപ്പെട്ട സേവന-ഇടപാട് സംബന്ധമായ കോളുകൾക്കായി മാത്രം മാറ്റിവെച്ചതാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ), സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി), ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ), പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (പിഎഫ്ആർഡിഎ) എന്നിവയുടെ നിയന്ത്രണത്തിലുള്ള ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ഇൻഷുറൻസ് കമ്പനികൾ തുടങ്ങിയവയ്ക്ക് നിലവിലെ ഉപഭോക്താക്കളെ ബന്ധപ്പെടാനാണ് ഈ നമ്പറുകൾ ഉപയോഗിക്കാനാകുക. സർക്കാർ വകുപ്പുകൾക്കും പൗരന്മാരുമായി ആശയവിനിമയം നടത്താൻ ഈ സീരീസ് ഉപയോഗിക്കാം.
യഥാർഥ സേവന കോളുകൾ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ തിരിച്ചറിയാനും വിശ്വാസ്യത ഉറപ്പാക്കാനുമാണ് 1600 സീരീസ് കൊണ്ടുവന്നതെന്ന് ട്രായ് അറിയിച്ചു. ടെലികോം കൊമേഴ്‌സ്യൽ കമ്മ്യൂണിക്കേഷൻസ് കസ്റ്റമർ പ്രിഫറൻസ് റെഗുലേഷൻ (ടിസിസിസിപിആർ) പ്രകാരം, ടെലികോം സേവനദാതാക്കൾക്കും കോൾ മാനേജ്മെന്റ് ആപ്പുകൾക്കും 1600 സീരീസിലെ കോളുകളെ സ്പാം എന്ന് അടയാളപ്പെടുത്താനോ തടയാനോ ഫിൽട്ടർ ചെയ്യാനോ അനുമതിയില്ല.
അതേസമയം, 140 സീരീസ് എല്ലാ മേഖലകളിലെയും പ്രമോഷണൽ കോളുകൾക്കായാണ് അനുവദിച്ചിരിക്കുന്നത്. ഈ നമ്പറുകൾ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ ടെലികോം സേവനദാതാക്കളിൽ രജിസ്റ്റർ ചെയ്യുകയും ട്രായിയുടെ വാണിജ്യ ആശയവിനിമയ ചട്ടങ്ങൾ പാലിക്കുകയും വേണം.
ഉപഭോക്താക്കൾക്ക് 'ഡു നോട്ട് ഡിസ്റ്റർബ്' (ഡിഎൻഡി) സംവിധാനത്തിലൂടെ പ്രമോഷണൽ കോളുകൾ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാം. ഒരു പ്രത്യേക മേഖലയിലെ പ്രചാരണ കോളുകൾ വേണ്ടെന്ന് ഉപഭോക്താവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ, ഡിഎൻഡി സംവിധാനത്തിലൂടെ അവ തടയാനാകും. എന്നാൽ അത്തരം കോളുകളെ ആപ്പുകൾ സ്വമേധയാ സ്പാം എന്ന് അടയാളപ്പെടുത്തുകയോ ഫിൽട്ടർ ചെയ്യുകയോ ചെയ്യരുതെന്നും ട്രായ് വ്യക്തമാക്കി.
ട്രൂകോളറിന്റെ എതിർപ്പ്
കോൾ മാനേജ്മെന്റ് ആപ്പുകളെ കൂടുതൽ കർശനമായി നിയന്ത്രിക്കാൻ ട്രായ് പുതിയ ചട്ടങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നതോടെയാണ് ട്രൂകോളറും ട്രായിയും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായത്. 2026-ലെ ടെലികോം കൊമേഴ്‌സ്യൽ കമ്മ്യൂണിക്കേഷൻ പ്രിഫറൻസ് (മൂന്നാം ഭേദഗതി) ചട്ടങ്ങളുടെ കരട് പ്രകാരം, നിശ്ചിത കൊമേഴ്‌സ്യൽ നമ്പർ സീരീസുകളിൽ നിന്നുള്ള കോളുകളെ പ്രത്യേക രീതിയിൽ സ്പാം എന്ന് അടയാളപ്പെടുത്താനോ തടയാനോ ആപ്പുകൾക്ക് കഴിയില്ല.
ഇതിന് ട്രൂകോളർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഋഷിത് ജുൻജുൻവാല ശക്തമായി എതിർപ്പ് രേഖപ്പെടുത്തി. 140, 1600 സീരീസുകളിൽ നിന്നുള്ള സ്പാം കോളുകൾ വൻതോതിൽ വർധിച്ചിട്ടുണ്ടെന്നും പ്രതിദിനം 5.1 കോടി കോളുകൾ ഉപയോക്താക്കൾ സ്വീകരിക്കാതെ ഒഴിവാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ എട്ട് മാസത്തിനിടെ ട്രൂകോളർ ഉപയോക്താക്കളിൽ 140 സീരീസിലെ 81 ശതമാനം കോളുകളും 1600 സീരീസിലെ 79 ശതമാനം കോളുകളും ആളുകൾ അവഗണിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. പ്രതിദിനം ഏകദേശം നാല് ലക്ഷം 140 സീരീസ് കോളുകളും 1.25 ലക്ഷം 1600 സീരീസ് കോളുകളും ഉപയോക്താക്കൾ സ്വയം ബ്ലോക്ക് ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1600 സീരീസിലെ നമ്പറുകളെ ട്രൂകോളർ സ്പാം എന്ന് അടയാളപ്പെടുത്തുന്നില്ലെന്നും, എന്നാൽ നിരവധി പേർ ബ്ലോക്ക് ചെയ്യുന്ന നമ്പറുകൾക്ക് 'ഫ്രീക്വന്റ്ലി ബ്ലോക്ക്ഡ്' എന്ന മുന്നറിയിപ്പ് മാത്രമാണ് നൽകുന്നതെന്നും ജുൻജുൻവാല വ്യക്തമാക്കി. സ്പാം, തട്ടിപ്പ് കോളുകളിൽ നിന്ന് കോടിക്കണക്കിന് ഇന്ത്യൻ ഉപയോക്താക്കളെ സംരക്ഷിക്കുന്നതിൽ ട്രൂകോളർ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും, തെറ്റായ പ്രവർത്തനം നടത്തുന്നവർക്കെതിരെയാണ് നടപടിയെടുക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
