ന്യൂയോര്‍ക്ക്: സുക്കര്‍ബര്‍ഗിനെ ഫേസ്ബുക്ക് മേധാവി സ്ഥാനത്ത് നിന്നും പുറത്താക്കുവാന്‍ പടയൊരുക്കം. ഇതിനായി ഓണ്‍ലൈനില്‍ ക്യാംപെയിന്‍ ആരംഭിച്ചിട്ടുണ്ട്. സ്വതന്ത്ര്യ കണ്‍സ്യൂമര്‍ വാച്ച് ഡോഗ് സംഓഫ്അസ് ആണ് ഇത്തരം ഒരു ക്യാംപെയിന് പിന്നില്‍. ഈ സംഘം ഫേസ്ബുക്കിലെ ഓഹരി ഉടമകള്‍ തന്നെയാണ്. ഇതിനകം ഇവരുടെ ഓണ്‍ലൈന്‍ പെറ്റീഷന് 3,33,000 ഒപ്പുകള്‍ ലഭിച്ചു കഴിഞ്ഞു. ഇതില്‍ 1500 പേര്‍ ഫേസ്ബുക്ക് ഓഹരി ഉടമകളാണെന്നാണ് സംഓഫ്അസ് അവകാശപ്പെടുന്നത്.

ഫേസ്ബുക്കിന്‍റെ എല്ലാ കാര്യവും സുക്കര്‍ബര്‍ഗ് ഒറ്റയ്ക്കാണ് ചെയ്യുന്നത് എന്നും, ഇത് ശരിയല്ലെന്നാണ് ഇപ്പോഴത്തെ പരാതിക്കാരുടെ അഭിപ്രായം. ഇത്തരത്തില്‍ അധികാരങ്ങള്‍ കേന്ദ്രീകരിക്കുന്നത് ഫേസ്ബുക്കിന്‍റെ അടിത്തട്ടിലെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു എന്നാണ് പരാതിക്കാരുടെ അഭിപ്രായം. സ്വതന്ത്ര്യമായ ഒരു നേതൃത്വമാണ് ഫേസ്ബുക്കിന് വേണ്ടത് എന്നാണ് ഇവരുടെ അഭിപ്രായം.

അടുത്തിടെ ഫേസ്ബുക്കിന് എതിരെ ഉയര്‍ന്നുവന്ന ന്യൂസ് സെന്‍സര്‍ഷിപ്പ് വിഷയത്തില്‍ അതൃപ്തിയുള്ള സംഘമാണ് സംഓഫ്അസ്. എന്നാല്‍ ഫേസ്ബുക്ക് വരുമാനത്തില്‍ വന്‍ വര്‍ദ്ധനയാണ് ഈ പാദത്തില്‍ എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത് കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഫേസ്ബുക്കിന്‍റെ വരുമാനം 1.56 ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ ആയിരുന്നെങ്കില്‍ ഈ വര്‍ഷം 3.57 ബില്ല്യണ്‍ ആയി ഉയര്‍ന്നിട്ടുണ്ട്.