ഫ്ലോറിഡ: സ്പേസ് എക്സ് റോക്കറ്റ് വിക്ഷേപണത്തറയില്‍ വച്ച് തന്നെ പൊട്ടിത്തെറിച്ചതിന്‍റെ ഏറ്റവും വലിയ നഷ്ടം ഫേസ്ബുക്കിന്. ഫേസ്ബുക്കിന്‍റെ അമോസ് ആറ് സാറ്റ്‌ലൈറ്റ് വഹിച്ചുള്ള റോക്കറ്റാണ് തകര്‍ന്നത്. ഈ വിവരം ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ്ഗ് തന്നയെയാണ് അറിയിച്ചിരിക്കുന്നത്. 

ഫ്‌ളോറിഡയിലെ കേപ്പ് കനാവെറലിലുള്ള വിക്ഷേപണ തറയിലാണ് സംഭവം. ഫേസ്ബുക്കിന്‍റെ സ്വപ്‌ന പദ്ധതിയായ ഇന്‍റര്‍നെറ്റ്.ഓര്‍ഗ് പദ്ധതിക്കേറ്റ കനത്ത തിരിച്ചടിയാണിതെന്നും അതില്‍ താന്‍ അതീവ ദൂഖിതനാണ് സുക്കര്‍ബര്‍ഗ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സാമ്പത്തികമായുണ്ടായ നഷ്ടത്തെക്കാള്‍ ഈ പദ്ധതി വൈകുന്നതിലുള്ള വിഷമമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ലക്ഷ്യത്തില്‍ പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്നതിനിടയിലാണ് പൊട്ടിത്തെറിയുണ്ടായത്. എന്നാല്‍ സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. ചൊവ്വാ പര്യവേഷണം ഏറ്റവും കുറഞ്ഞനിരക്കില്‍ സാധ്യമാക്കുകയാണ് സ്‌പേസ് എക്‌സിന്റെ പ്രഖ്യാപിത ലക്ഷ്യം. സ്വന്തമായി നിര്‍്മ്മിച്ച ആളില്ലാ ബഹിരാകാശ വാഹനം ചൊവ്വയിലേക്ക് അയക്കാനും സ്‌പേസ് എക്‌സ് ലക്ഷ്യമിടുന്നുണ്ട്.