കാലിഫോര്‍ണിയ : ആകാശത്ത് ഭീമാകാരമായ ജെല്ലിഫിഷിനോട് സാമ്യമുള്ള രൂപം കണ്ട് കാലിഫോര്‍ണിയയിലെ ജനങ്ങള്‍ അമ്പരന്നു. അന്യഗ്രഹ ജീവികള്‍ ഭൂമിയിലേയ്ക്ക് എത്തുകയാണെന്ന് പോലും പലരും ഭയപ്പെട്ടു. പേടിച്ചരണ്ട ജനങ്ങള്‍ ടെലിവിഷന്‍ ചാനലുകളിലേയ്ക്കും പോലീസ് സ്‌റ്റേഷനുകളിലേയ്ക്കും തുടരെ തുടരെ വിളിച്ചുകൊണ്ടിരിന്നു. 

എന്നാല്‍, ജനങ്ങളെ അമ്പരപ്പെടുത്തിയ ആ ആകാശദൃശ്യം മറ്റൊന്നായിരുന്നു. പത്ത് ഉപഗ്രഹങ്ങളുമായി ഭ്രമണപഥത്തിലേയ്ക്ക് കുതിച്ച ഒരു സ്‌പേസ് റോക്കറ്റ് യാത്രയായിരുന്നു അത്. കാലിഫോര്‍ണിയയിലെ വാന്‍ഡന്‍ബെര്‍ഗ് എയര്‍ഫോഴ്‌സ് ബേസില്‍ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. വിക്ഷേപണ സ്ഥലത്തു നിന്നും 200 മൈല്‍ അകലെയുള്ളവര്‍ക്കു വരെ നഗ്‌നനേത്രങ്ങള്‍ കൊണ്ട് ആകാശദൃശ്യങ്ങള്‍ ലഭ്യമായി. 

ലോസ് ആഞ്ജലിസ് റോഡിലൂടെ യാത്രചെയ്യുകയായിരുന്ന പലരും വാഹനങ്ങള്‍ നിര്‍ത്തിയിറങ്ങി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി.