നിങ്ങളെ ആരെങ്കിലും റെക്കോര്‍ഡ് ചെയ്യുന്നുണ്ടോ, ഇനിയാ പേടി വേണ്ട. കണ്ടെത്തി തടയാനുള്ള സ്പെക്‌ടർ I എന്ന എഐ ടൂളുമായി സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ഡെവലൻസ് എന്ന സ്റ്റാർട്ടപ്പ് കമ്പനി.

സാന്‍ ഫ്രാന്‍സിസ്‌കോ: സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ഡെവലൻസ് എന്ന സ്റ്റാർട്ടപ്പ് കമ്പനി വികസിപ്പിച്ച പുതിയ പോർട്ടബിൾ ഉപകരണം ടെക് ലോകത്ത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. സ്പെക്‌ടർ I (Spectre I”) എന്ന പേരിലുള്ള ഈ ടൂൾ സമീപത്തുള്ള മൈക്രോഫോണുകൾ കണ്ടെത്തുകയും അവ വഴി നടത്തുന്ന ഓഡിയോ റെക്കോർഡിംഗ് തടയുകയും ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ ഉപകരണം പ്രവർത്തിക്കുന്നതെന്നും കമ്പനി പറയുന്നു.

സ്പെക്‌ടർ I

ആൻഡ്രോയിഡ് അതോറിറ്റി എന്ന ടെക് മാധ്യമമാണ് ഈ ടൂളിനെക്കുറിച്ച് ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. ഡെവലൻസ് സ്റ്റാർട്ടപ്പ് കമ്പനിയുടെ സിഇഒയായ ഐഡ ബരാദാരി ഈ പുതിയ ഡിവൈസിനെക്കുറിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പ്രഖ്യാപനം നടത്തി. അനാവശ്യമായ ഓഡിയോ റെക്കോർഡിംഗ് തടയാൻ കഴിയുന്ന “ആദ്യ സ്മാർട്ട് ഉപകരണം” എന്നാണ് അവർ സ്പെക്ടർ I-നെ വിശേഷിപ്പിച്ചത്. എന്നാൽ ഇതിനകം തന്നെ വിവിധ തരത്തിലുള്ള ഓഡിയോ ജാമിംഗ് ഉപകരണങ്ങൾ വിപണിയിൽ ലഭ്യമാണ് എന്നത് ശ്രദ്ധേയമാണ്.

കമ്പനിയുടെ അവകാശവാദമനുസരിച്ച് സ്പെക്ടർ I-ന് ഏകദേശം രണ്ട് മീറ്റർ വരെ പരിധിയുണ്ട്. ഈ പരിധിക്കുള്ളിൽ വരുന്ന മൈക്രോഫോണുകൾക്ക് വ്യക്തമായ ശബ്‍ദം റെക്കോർഡ് ചെയ്യാൻ കഴിയില്ല എന്നാണ് കമ്പനി പറയുന്നത്. മനുഷ്യർക്ക് കേൾക്കാനാവാത്ത തരത്തിലുള്ള ഒംനിഡയറക്ഷണൽ സിഗ്നലുകൾ പുറപ്പെടുവിച്ചാണ് ഈ പ്രവർത്തനം നടക്കുന്നത് എന്നാണ് കമ്പനി വിശദീകരിക്കുന്നത്. ഈ സിഗ്നലുകൾ റെക്കോർഡിംഗ് ഉപകരണങ്ങൾ ശേഖരിക്കുന്ന ശബ്‍ദത്തെ തടസപ്പെടുത്തുന്നതിനാൽ വ്യക്തമായ ഓഡിയോ ലഭിക്കില്ലെന്ന് കമ്പനി പറയുന്നു. ഇത് അൾട്രാസൗണ്ട് ഫ്രീക്വൻസി അടിസ്ഥാനമാക്കിയുള്ള സംവിധാനം ആയിരിക്കാമെന്ന് സാങ്കേതിക വിദഗ്‍ധർ കരുതുന്നു.

സ്പെക്ടർ I-ന്‍റെ മറ്റൊരു പ്രത്യേകതയായി കമ്പനി പറയുന്നത് സമീപത്തുള്ള മൈക്രോഫോണുകൾ കണ്ടെത്തി അവയുടെ വിവരങ്ങൾ രേഖപ്പെടുത്തുന്ന സംവിധാനമാണ്. എഐ, ഫിസിക്സ്, സിഗ്നൽ പ്രോസസിംഗ് തുടങ്ങിയവയോടെ പുതുമയാർന്ന സംയോജനം ഉപയോഗിച്ചാണ് ഈ കണ്ടെത്തൽ സംവിധാനം പ്രവർത്തിക്കുന്നതെന്ന് ഡെവലൻസ് കമ്പനി വ്യക്തമാക്കുന്നു. എങ്കിലും ഈ സാങ്കേതിക വിദ്യയുടെ പ്രവർത്തന രീതി സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഡിക്റ്റാഫോൺ പോലുള്ള റെക്കോർഡിംഗ് ഉപകരണങ്ങൾ, വയർഡ് മൈക്രോഫോണുകൾ, എയർപ്ലെയിൻ മോഡിലുള്ള സ്‍മാർട്ട്ഫോണുകൾ എന്നിവ കണ്ടെത്താൻ ഇതിന് കഴിയുമോ എന്നതും വ്യക്തമല്ല.

സ്വകാര്യത സംരക്ഷിക്കാൻ ഈ ഉപകരണം സഹായിക്കുമെന്നും ഡെവലൻസ് അവകാശപ്പെടുന്നു. പരസ്യങ്ങൾ നിർമ്മിക്കായി ഉപയോക്താക്കളെ ശ്രദ്ധിക്കുന്ന കമ്പനികളെ തടയാനും കോർപ്പറേറ്റ് ചാരപ്രവർത്തനങ്ങൾക്കും നിരീക്ഷണത്തിനുമെതിരെ പ്രതിരോധമായി ഈ ടൂൾ ഉപയോഗിക്കാൻ സാധിക്കുമെന്നും ഡെവലൻസ് പറയുന്നു. എങ്കിലും ഇതുവരെ സ്വതന്ത്രമായ പരിശോധനകളോ തെളിവുകളോ കമ്പനി പുറത്തുവിട്ടിട്ടില്ല. സ്പെക്ടർ I ഇപ്പോൾ 1,199 ഡോളർ (ഏകദേശം 1.14 ലക്ഷം രൂപ) വിലയ്ക്ക് പ്രീ-ഓർഡറിന് ലഭ്യമാണ്. ഡെപ്പോസിറ്റ് തിരികെ ലഭ്യമാണ് എന്നും 2026-ലെ രണ്ടാം പകുതിയോടെ ഉപകരണം വിതരണം ആരംഭിക്കുമെന്നുമാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming