സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്‍റര്‍നെറ്റിന് ഇന്ത്യയില്‍ ഉയര്‍ന്ന വിലയായേക്കും, സ്റ്റാര്‍ലിങ്ക് ഡിഷിന് 33,000 രൂപയും പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ തുകയായി 3,000 രൂപയും നല്‍കേണ്ടിവരുമെന്ന് സൂചന
മുംബൈ: ഇലോൺ മസ്‌കിന്‍റെ സാറ്റ്‌ലൈറ്റ് ഇന്‍റർനെറ്റ് കമ്പനിയായ സ്റ്റാർലിങ്ക് ഉടൻ തന്നെ ഇന്ത്യയിൽ സേവനം ആരംഭിക്കാൻ ഒരുങ്ങുകയാണ്. അടുത്ത രണ്ട് മാസത്തിനുള്ളിൽ ഇന്ത്യയിൽ കമ്പനി പ്രവർത്തനം ആരംഭിക്കും എന്നും ഇന്ത്യയിലെ സ്റ്റാർലിങ്ക് സേവനത്തിന്‍റെ വില കമ്പനി അന്തിമമാക്കി എന്നുമാണ് പുതിയ റിപ്പോർട്ടുകൾ. സ്റ്റാർലിങ്ക് സാറ്റ്‌ലൈറ്റ് ഡിഷിനായി ഉപഭോക്താക്കൾ ഏകദേശം 33,000 രൂപ ഒറ്റത്തവണ പേയ്‌മെന്‍റ് നൽകേണ്ടിവരുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം പരിധിയില്ലാത്ത ഡാറ്റ ആക്‌സസിനുള്ള പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ തുക 3,000 രൂപയായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്റ്റാർലിങ്ക് ഇന്ത്യയിൽ വരുന്ന രണ്ട് മാസത്തിനുള്ളിൽ ഉപഗ്രഹ ബ്രോഡ്‌ബാന്‍ഡ് ഇന്‍റർനെറ്റ് സേവനം ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ. എന്നാല്‍ സ്റ്റാർലിങ്ക് ഇതിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. എങ്കിലും ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ഒരു ട്രയൽ തന്ത്രം സ്റ്റാര്‍ലിങ്ക് സ്വീകരിക്കുമെന്നും ഡിവൈസ് വാങ്ങുമ്പോൾ ഒരു മാസത്തെ സൗജന്യ ട്രയൽ സ്പേസ് എക്സ് ലഭ്യമാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഒടിടി ആപ്പുകളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷൻ ഉൾപ്പെടെ നിരവധി ബ്രാൻഡുകൾ ഇന്ന് സ്വീകരിക്കുന്ന ഒരു സാധാരണ തന്ത്രമാണ് സ്റ്റാർലിങ്കും പിന്തുടരുക എന്നാണ് സൂചന. സൗജന്യ ട്രയലുകൾ ഉപഭോക്താക്കൾക്ക് സേവനം അവർക്ക് അനുയോജ്യമാണോ അല്ലയോ എന്ന് തീരുമാനിക്കാനുള്ള അവസരം നൽകുന്നു. സ്റ്റാർലിങ്കിന്‍റെ ഇന്ത്യയിലെ വിലനിർണ്ണയ തന്ത്രം അയൽ രാജ്യങ്ങളിലെ മുടക്കുമുതലിന് സമാനമായിരിക്കും. ഉദാഹരണത്തിന്, ബംഗ്ലാദേശിലെയും ഭൂട്ടാനിലെയും സ്റ്റാർലിങ്കിന്‍റെ ഉപകരണങ്ങൾക്ക് ഇന്ത്യൻ കറൻസിയിൽ 33,000 രൂപയാണ് വില.
കഴിഞ്ഞ ആഴ്ചയാണ് സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തന ലൈസൻസ് ലഭിച്ചത്. അടുത്ത രണ്ട് മാസത്തിനുള്ളിൽ കമ്പനി ഇന്ത്യയിൽ പൂർണ്ണ തോതില്‍ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പരമ്പരാഗത ബ്രോഡ്‌ബാൻഡ് ഇൻഫ്രാസ്ട്രക്ചർ പരിമിതമോ ലഭ്യമോ അല്ലാത്ത ഇന്ത്യയിലെ വിദൂര പ്രദേശങ്ങളിലും സേവനമില്ലാത്ത പ്രദേശങ്ങളിലും അതിവേഗ ഇന്‍റർനെറ്റ് കണക്റ്റിവിറ്റി നൽകുക എന്നതാണ് സ്റ്റാർലിങ്കിന്‍റെ ലക്ഷ്യം. ലോ ആർക്ക് ഓർബിറ്റ് (LEO) ഉപഗ്രഹങ്ങൾ ഉപയോഗിച്ച് കണക്റ്റിവിറ്റി വെല്ലുവിളി നേരിടുന്ന പ്രദേശങ്ങളിലേക്ക് സ്ഥിരതയുള്ളതും വേഗതയേറിയതുമായ ഇന്‍റർനെറ്റ് എത്തിക്കാൻ സ്റ്റാർലിങ്കിന് സാധിക്കും. ഇന്ത്യൻ വിപണിയിലേക്കുള്ള സ്റ്റാർലിങ്കിന്‍റെ പ്രവേശനം രാജ്യത്തെ ടെലികോം മേഖലയിൽ മത്സരം വർധിപ്പിക്കുമെന്നാണ് പ്രതീക്ഷ.



