ഇറാനുമായുള്ള തകർന്ന വിശ്വാസം വീണ്ടെടുക്കാൻ ദീർഘകാലം വേണ്ടിവരുമെന്ന് യുഎഇ പ്രസിഡന്‍റിന്‍റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ്. ഏഴ് ആഴ്ച നീണ്ട യുദ്ധത്തിൽ യുഎഇക്ക് നേരിടേണ്ടി വന്ന കനത്ത നാശനഷ്ടങ്ങളുടെയും മിസൈൽ ആക്രമണങ്ങളുടെയും കണക്കുകൾ അദ്ദേഹം ആദ്യമായി പുറത്തുവിട്ടു.  

അബുദാബി: ഇറാനും മേഖലയിലെ മറ്റ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം പഴയപടിയാകുന്നത് എളുപ്പമല്ലെന്നും തകർന്ന വിശ്വാസം വീണ്ടെടുക്കാൻ ദീർഘകാലം വേണ്ടിവരുമെന്നും യുഎഇ പ്രസിഡന്‍റിന്‍റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ്. ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍റർനാഷണൽ റിലേഷൻസ് സംഘടിപ്പിച്ച കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നതും വിശ്വാസം വീണ്ടെടുക്കുന്നതും രണ്ടായേ കാണാൻ കഴിയൂ എന്ന് അദ്ദേഹം വ്യക്തമാക്കി. ഏഴ് ആഴ്ച നീണ്ടുനിന്ന സംഘർഷത്തിൽ യുഎഇ നേരിട്ട കനത്ത നാശനഷ്ടങ്ങളുടെ കണക്കുകളും അദ്ദേഹം ആദ്യമായി പുറത്തുവിട്ടു. സംഘർഷ കാലയളവിൽ ഇറാന്‍റെ ഭാഗത്ത് നിന്ന് ഏകദേശം 2,800-ഓളം മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടു. ഇതിൽ 90 ശതമാനവും ജനവാസ മേഖലകളെയും ഊർജ്ജ കേന്ദ്രങ്ങളെയുമാണ് ലക്ഷ്യം വെച്ചത്. സൈനിക കേന്ദ്രങ്ങളാണ് ലക്ഷ്യം വെച്ചതെന്ന ഇറാന്‍റെ വാദം അദ്ദേഹം തള്ളി.

യുഎഇ നേരിട്ട നാശനഷ്ടങ്ങൾ

യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനം 537 ബാലിസ്റ്റിക് മിസൈലുകളും, 26 ക്രൂയിസ് മിസൈലുകളും, 2,256 ഡ്രോണുകളും വെടിവെച്ചിട്ടു. ആക്രമണങ്ങളിൽ രണ്ട് യുഎഇ പൗരന്മാരും, ഒരു മൊറോക്കൻ കരാറുകാരനും ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു. വിവിധ രാജ്യക്കാരായ 224 പേർക്ക് പരിക്കേറ്റു.

ഇറാനെ ഇനി ഒരു അയൽരാജ്യം എന്നതിലുപരി സ്ഥിരമായ ഒരു 'തന്ത്രപരമായ ഭീഷണി'യായാണ് ഗൾഫ് രാജ്യങ്ങൾ കാണുന്നത്. ഇറാന്‍റെ ഭരണകൂടത്തിനുള്ളിലെ ഏകോപനമില്ലായ്മയും കടുത്ത ഭിന്നതയും സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു. ഇത്രയധികം ആക്രമണങ്ങൾ നേരിട്ട സാഹചര്യത്തിൽ ഇറാന്റെ വാഗ്ദാനങ്ങളെ വിശ്വസിക്കാൻ കഴിയില്ലെന്നും ഈ മുറിവുകൾ ഉണങ്ങാൻ തലമുറകൾ കാത്തിരിക്കേണ്ടി വരുമെന്നും ഗർഗാഷ് മുന്നറിയിപ്പ് നൽകി.