നോയിഡ: മോഷ്ടിച്ച കാര്‍ ഇ-കൊമേഴ്‌സ് സൈറ്റായ ഒഎല്‍എക്സില്‍ വില്‍ക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ദില്ലിക്ക് സമീപം നോയിഡയിലാണ് സംഭവം. കാര്‍ മോഷ്ടിച്ചയാള്‍ നല്‍കിയ പരസ്യം കണ്ട് സംശയം തോന്നിയ കാര്‍ നഷ്ടപ്പെട്ട ഉടമസ്ഥന്‍ പരസ്യം നല്‍കിയയാളുമായി നേരില്‍ കാണാനുള്ള സാഹചര്യമൊരുക്കുകയും പിന്നീട് പോലീസില്‍ അറിയിക്കുകയുമായിരുന്നു.

എന്നാല്‍ കാര്‍ മോഷ്ടിച്ചതാണെന്ന് അറസ്റ്റിലായ അഹമ്മദ് എന്നയാള്‍ സമ്മതിച്ചിട്ടില്ല. താന്‍ കാറിന്‍റെ ഉടമസ്ഥന്‍ എന്നവകാശപ്പെടുന്നയാളുടെ പക്കല്‍ നിന്നും നാളുകള്‍ക്ക് മുന്‍പ് വാങ്ങിയ കാറാണിതെന്നാണ് അയാളുടെ വാദം.

DL 4CR 0757 എന്ന ബ്ലാക് സെഡാന്‍ കാറാണ് വില്‍പ്പനയ്ക്ക് വച്ചിരുന്നത്. കുല്‍വന്ത് സിംഗ് എന്നയാളുടെ കാറായിരുന്നു ഇത്, വീട്ടിന്‍റെ മുന്നില്‍ നിര്‍ത്തിയിട്ട ഇദ്ദേഹത്തിന്‍റെ കാര്‍ കഴിഞ്ഞ ഓഗസ്റ്റിലാണ് നഷ്ടപ്പെട്ടത്. തുടര്‍ന്ന് ഇദ്ദേഹം പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പുതിയ കാര്‍ വാങ്ങുന്നതിന് വേണ്ടിയാണ് ഇദ്ദേഹം ഒഎല്‍എക്സില്‍ തിരഞ്ഞത്.

എന്നാല്‍ ഇപ്പോള്‍ പിടിയിലായ അഹമ്മദ് ഈ സംഭവത്തിന്‍റെ ഇടനിലക്കാരന്‍ മാത്രമാണെന്നും, സുള്‍ഫിക്കര്‍ എന്നയാളാണ് പ്രധാന കണ്ണിയെന്നുമാണ് പോലീസ് പറയുന്നത്.