ലോകത്തെ ഏറ്റവും പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളിലൊന്നായ വണ്‍പ്ലസിന്‍റെ സഹസ്ഥാപനകനും സിഇഒയുമാണ് തായ്‌വാന്‍ സര്‍ക്കാരിന്‍റെ അറസ്റ്റ് വാറണ്ട് ലഭിച്ച പീറ്റ് ലോവ്

തയ്പെയ്: തായ്‌വാനില്‍ നിന്ന് ആളുകളെ നിയമവിരുദ്ധമായി ജോലിക്കെടുത്തതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ വണ്‍പ്ലസ് മൊബൈല്‍ കമ്പനി സിഇഒ പീറ്റ് ലോവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് തായ്‌വാന്‍ സര്‍ക്കാര്‍. ലോകത്തെ ഏറ്റവും പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളിലൊന്നായ വണ്‍പ്ലസിന്‍റെ സഹസ്ഥാപനകനും സിഇഒയുമായ Pete Lau-യുവിനെതിരെ തായ്‌വാന്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായി രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് റിപ്പോര്‍ട്ട് ചെയ്‌തത്. 2014 മുതല്‍ ഒരു ഷെല്‍ കമ്പനി വഴി തായ്‌വാനില്‍ നിന്ന് വണ്‍പ്ലസ് 70 എഞ്ചിനീയര്‍മാരെ ജോലിക്കെടുത്തതായാണ് ആരോപണം. ടെക് വ്യവസായത്തില്‍ ചൈനയും തായ്‌വാനും തമ്മില്‍ നിലനില്‍ക്കുന്ന നിയമ തടസങ്ങളെ ഇത് എടുത്ത് സൂചിപ്പിക്കുന്നു.

തായ്‌വാനില്‍ നിന്ന് 70 എഞ്ചിനീയര്‍മാരെ ജോലിക്കെടുത്തതുമായി ബന്ധപ്പെട്ട് വണ്‍പ്ലസ് കമ്പനിക്കെതിരെ തായ്‌വാന്‍ സര്‍ക്കാര്‍ നടത്തുന്ന വിശദ അന്വേഷണത്തിന്‍റെ ഭാഗമായാണ് വണ്‍പ്ലസ് സിഇഒയ്‌ക്കെതിരായ അറസ്റ്റ് വാറണ്ട്. തായ്‌വാനില്‍ നിന്ന് ആളുകളെ ജോലിക്കെടുക്കാന്‍ വണ്‍പ്ലസ് സിഇഒയെ സഹായിച്ച രണ്ട് തായ്‌വാനീസ് പൗരന്‍മാര്‍ക്കെതിരെ ഇതിനകം കുറ്റം ചുമത്തിയിട്ടുണ്ട്. എങ്ങനെയാണ് തായ്‌വാനില്‍ നിന്ന് നിയമവിരുദ്ധമായി ആളുകളെ വണ്‍പ്ലസ് ജോലിക്കെടുത്തതെന്നുള്ള തായ്‌വാന്‍ സര്‍ക്കാരിന്‍റെ വാദവും പുറത്തുവന്നു.

വണ്‍പ്ലസ് തായ്‌വാനില്‍ നിന്ന് ജോലിക്കാരെ എടുത്താല്‍ എന്താണ് പ്രശ്‌നം?

തായ്‌വാനും ചൈനയുമായുള്ള വാണിജ്യ ഇടപാടുകള്‍ നിയന്ത്രിക്കുന്ന ക്രോസ്-സ്ട്രെയിറ്റ് ആക്‌ടിന്‍റെ ലംഘനമാണ് വണ്‍പ്ലസ് കമ്പനി നടത്തിയിരിക്കുന്നത് എന്നാണ് കണ്ടെത്തല്‍. തായ്‌വാനില്‍ നിന്ന് ആളുകളെ കമ്പനികള്‍ ജോലിക്കെടുക്കുമ്പോള്‍ തായ്‌വാന്‍ സര്‍ക്കാരിന്‍റെ പ്രത്യേക അനുമതി ചൈനീസ് കമ്പനികള്‍ നിര്‍ബന്ധമായും വാങ്ങിയിരിക്കണം. എന്നാല്‍ വണ്‍പ്ലസ് ഇക്കാര്യത്തില്‍ വീഴ്‌ചവരുത്തായതായാണ് നിഗമനം. മതിയായ അനുമതികള്‍ വാങ്ങാതെ കുറുക്കുവഴിയിലൂടെയാണ് വണ്‍പ്ലസ് തായ്‌വാന്‍ എ‌ഞ്ചിനീയര്‍മാരെ സ്വന്തമാക്കിയത് എന്ന് തായ്‌വാന്‍ സര്‍ക്കാര്‍ വാദിക്കുന്നു. ഹോങ്കോംഗില്‍ വ്യാജ പേരില്‍ ഒരു ഷെല്‍ കമ്പനി വണ്‍പ്ലസ് രജിസ്റ്റര്‍ ചെയ്‌തു. ഈ ഷെല്‍ കമ്പനി നിയമാനുമതി ഇല്ലാതെ തായ്‌വാനില്‍ ഒരു ബ്രാഞ്ച് 2015ല്‍ സ്ഥാപിച്ചു. തായ്‌വാന്‍ സര്‍ക്കാരിന്‍റെ അനുമതി ഇല്ലാതിരുന്ന ഈ കമ്പനി വണ്‍പ്ലസ് സ്‌മാര്‍ട്ട്‌ഫോണുകള്‍ക്കായുള്ള ഗവേഷണവും നിര്‍മ്മാണവും നടത്തിവന്നു. ചൈനീസ് ഉടമസ്ഥാവകാശം മറയ്ക്കുന്നതിനും നിയമപരമായ പരിശോധനയിൽ നിന്ന് രക്ഷപ്പെടുന്നതിനുമായി ഈ ബ്രാഞ്ച് വണ്‍പ്ലസ് കമ്പനി മനപ്പൂര്‍വ്വം രൂപകൽപ്പന ചെയ്യുകയായിരുന്നുവെന്ന് തായ്‌വാൻ ഉദ്യോഗസ്ഥർ വാദിക്കുന്നു.

അനധികൃത സാങ്കേതിക കൈമാറ്റം തടയുന്നതിനും തായ്‌വാനിലെ സെമികണ്ടക്‌ടർ, ഇലക്‌ട്രോണിക്‌സ് പോലുള്ള തന്ത്രപ്രധാന വ്യവസായങ്ങളെയും എഞ്ചിനീയറിംഗ് പ്രതിഭകളെയും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ക്രോസ്-സ്ട്രെയിറ്റ് ആക്‌ട് തായ്‌വാനില്‍ നിലവിലുള്ളത്. വണ്‍പ്ലസ് നിയമവിരുദ്ധമായി 70 എഞ്ചിനീയര്‍മാരെ സ്വന്തമാക്കിയത് തായ്‌വാന്‍റെ സുരക്ഷയ്‌ക്ക് ഭീഷണിയായതായും തായ്‌വാന്‍ സര്‍ക്കാര്‍ വാദിക്കുന്നു. സിഇഒയ്‌ക്ക് എതിരായ തായ്‌വാന്‍റെ അറസ്റ്റ് വാറണ്ടിനെ കുറിച്ച് വണ്‍പ്ലസ് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്