Asianet News MalayalamAsianet News Malayalam

പ്രതിസന്ധി ഗുരുതരമാകുന്നോ? ഐടി രംഗത്ത് 2024ല്‍ ഒരു ലക്ഷത്തിലേറെ പേര്‍ക്ക് ജോലി നഷ്‌ടമായി

ചിപ്പ് നിര്‍മാണ ഭീമന്‍മാരായ ഇന്‍റലാണ് ഏറ്റവും കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിട്ട സ്ഥാപനങ്ങളിലൊന്ന്

tech layoffs cross 100000 in 2024 report
Author
First Published Aug 8, 2024, 12:05 PM IST | Last Updated Aug 8, 2024, 12:08 PM IST

ന്യൂയോര്‍ക്ക്: വിവിധ രാജ്യങ്ങളില്‍ ഐടി കമ്പനികള്‍ തൊഴിലാളികളെ വെട്ടിക്കുറയ്ക്കുന്നത് തുടരുന്നു. 2024 ജൂലൈ മാസം മാത്രം 34 ടെക്‌നോളജി കമ്പനികളിലെ 8,000ത്തിലേറെ പേര്‍ക്കാണ് ജോലി നഷ്‌ടമായത്. ഇതോടെ 2024ല്‍ 384 കമ്പനികളില്‍ നിന്നായി ഇതുവരെ ജോലി നഷ്‌ടമായ ഐടി തൊഴിലാളികളുടെ എണ്ണം 124,517 ആയി ഉയര്‍ന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

പ്രമുഖ ചിപ്പ് നിര്‍മാതാക്കളായ ഇന്‍റലാണ് ഏറ്റവും കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിട്ട സ്ഥാപനങ്ങളിലൊന്ന്. ഇന്‍റലില്‍ 15,000ത്തിലേറെ പേര്‍ക്ക് തൊഴില്‍ നഷ്‌ടമായി. 2025 വര്‍ഷത്തേക്കുള്ള 10 ബില്യണ്‍ ഡോളറിന്‍റെ ചെലവ് ചുരക്കല്‍ പദ്ധതിയുടെ ഭാഗമായാണ് 15 ശതമാനം തൊഴിലാളികളെ ഇന്‍റല്‍ പറഞ്ഞുവിട്ടത്. പ്രതീക്ഷിച്ച വരുമാനത്തിലേക്ക് എത്താന്‍ കഴിയാതിരുന്നതാണ് ജീവനക്കാരെ കുറയ്ക്കാന്‍ പ്രേരിപ്പിച്ച ഒരു ഘടകം. 2024 അവസാനത്തോടെ പിരിച്ചുവിടല്‍ പൂര്‍ത്തിയാക്കാനാണ് ഇന്‍റല്‍ ശ്രമിക്കുന്നത്. സ്വമേധയാ പിരിഞ്ഞുപോകാനും വിരമിക്കാനുമുള്ള അവസരവും ജീവനക്കാര്‍ക്ക് നല്‍കും എന്നും കമ്പനി പറയുന്നു.

മറ്റൊരു ടെക് ഭീമനായ മൈക്രോസോഫ്റ്റ് ഇക്കഴിഞ്ഞ ജൂണില്‍ മിക്‌സഡ് റിയാലിറ്റി, അസ്യൂര്‍ വിഭാഗത്തിലെ ആയിരം പേരെ പറഞ്ഞുവിട്ടിരുന്നു. ഇപ്പോഴും മൈക്രോസോഫ്റ്റ് ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ടെങ്കിലും കൃത്യമായ എണ്ണം വ്യക്തമല്ല. പ്രൊഡക്ട്, പ്രൊഡക്ട് മാനേജ്‌മെന്‍റ് വിഭാഗത്തിലെ ജീവനക്കാരെയാണ് മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടത്. 

Read more: ഓപ്പണ്‍ എഐയ്ക്ക് ചെക്ക്; പുത്തന്‍ എഐ ആപ്പുമായി ടിക്‌ടോക്കിന്‍റെ മാതൃ കമ്പനി

സോഫ്റ്റ്‌വെയര്‍ ഭീമന്‍മാരായ യുകെജിയും ജീവനക്കാരെ പിരിച്ചുവിട്ട കൂട്ടത്തിലുണ്ട്. 2,200 പേരെയാണ് യുകെജി ജൂലൈയില്‍ ഒഴിവാക്കിയത്. ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്‍റ് സോഫ്റ്റ്‌വെയര്‍ കമ്പനിയായ ഇന്‍ട്യൂറ്റ് 10 ശതമാനം പേരെയും ഒഴിവാക്കുന്നതായി അറിയിച്ചു. ബ്രിട്ടീഷ് അപ്ലൈന്‍സ്‌സ് നിര്‍മാതാക്കളായ ഡൈസണ്‍ ആയിരത്തോളം പോരെ പിരിച്ചുവിടാനും തീരുമാനിച്ചിട്ടുണ്ട്. പുനഃസംഘടനയുടെ ഭാഗമായാണ് ഈ നീക്കം എന്നാണ് കമ്പനിയുടെ അവകാശവാദം. ജോലി നഷ്ടമാകുന്നവര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുമെന്ന് ഡൈസണ്‍ അവകാശപ്പെടുന്നു. റഷ്യന്‍ സൈബര്‍ സെക്യൂരിറ്റി കമ്പനിയായ കാസ്‌പെർസ്‌കിയാണ് തൊഴിലാളികളെ വെട്ടിക്കുറച്ച മറ്റൊരു സ്ഥാപനം. കാസ്‌പെർസ്‌കി സോഫ്റ്റ്‌വെയറിന് അമേരിക്ക നിരോധനം ഏര്‍പ്പെടുത്തിയതോടെ യുഎസിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതാണ് ഇതിന് കാരണമാണ് കമ്പനി ചൂണ്ടിക്കാണിക്കുന്നു. 

Read more: ഐടി പ്രതിസന്ധി തുടരുന്നു, ഡെല്ലില്‍ വീണ്ടും പിരിച്ചുവിടല്‍; ഇത്തവണ കാരണം ഇത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios