Asianet News MalayalamAsianet News Malayalam

തേജസ് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുന്നു

Tejas Light Combat Aircraft: Here's how India created its first Flying Dagger
Author
Bengaluru, First Published Jul 1, 2016, 11:25 AM IST

ദില്ലി: പൂര്‍ണ്ണമായും തദ്ദേശീയമായി ഇന്ത്യ നിര്‍മിച്ച ലൈറ്റ് കോംപാക്ട് വിമാനം തേജസ് വ്യോമസേനയുടെ ഭാഗമാകുന്നു. ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്സ് ലിമിറ്റഡില്‍ നിര്‍മിച്ച വിമാനങ്ങളില്‍ രണ്ടെണ്ണമാണ് ആദ്യഘട്ടമായി ഫ്ളയിങ് ഡാഗേഴ്സ്-45 എന്ന പേരില്‍ സേനയുടെ ഭാഗമാകുന്നത്. ബെംഗളൂരുവിൽ വച്ചാണ് വിമാനങ്ങൾ എച്ച്എഎൽ വ്യോമസേനയ്ത്ത് കൈമാറുന്നത്. 

പോർ വിമാനങ്ങൾ പിന്നീട് കോയമ്പത്തൂർ സുളൂരിലെ വ്യോമസേനാ താവളത്തിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു. നടപ്പു വർഷം ആറും 2017ൽ എട്ടും തേജസ് വിമാനങ്ങൾ കൂടി വ്യോമ സേനയുടെ ഭാഗമാകും. അടുത്ത വർഷത്തോടെ ഇന്ത്യ മിഗ് വിമാനങ്ങൾ ഒഴിവാക്കാന്‍ ഇരിക്കുകയാണ് അതിന് പകരമായി തേജസ് വിമാനം സൈന്യത്തിന്‍റെ ഭാഗമാകും.

13.2 മീറ്റർ നീളവും 4.4 മീറ്റർ ഉയരവുമുള്ള വിമാനത്തിന്‍റെ ആകെ ഭാരം 12 ടണ്ണാണ്. മണിക്കൂറിൽ 1,350 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന തേജസ് 15 കിലോമീറ്റർ വരെ ഉയരത്തിൽ പറക്കും. ഒരിക്കൽ ഇന്ധനം നിറച്ചാൽ 400 കിലോമീറ്റർ വരെ പറക്കാൻ കഴിയും.

ഒരോ തേജസ് വിമാനത്തിനും 220 മുതൽ 250 കോടി രൂപ വരെയാണ് നിർമ്മാണ ചെലവ്. ഇത് അത്യാധുനിക സംവിധാനങ്ങൾ വർധിപ്പിക്കുമ്പോൾ 275 കോടി മുതൽ 300 കോടി വരെയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഭൂമിയില്‍ ഇറങ്ങി ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങളാണ് ഇപ്പോള്‍ എച്ച്എഎല്‍ കൈമാറിയതെങ്കില്‍ രണ്ടാം ഘട്ടത്തില്‍ ആകാശത്ത് വച്ച് ഇന്ധനം നിറയ്ക്കാൻ കഴിയുന്ന തേജസ് പോർ വിമാനങ്ങളായിരിക്കും വ്യോമസേനയുടെ ഭാഗമാകുക.

പല ഘട്ടങ്ങളായി നടത്തിയ ടെസ്റ്റ് ഫ്ലൈറ്റുകള്‍ക്കും പരീക്ഷണത്തിനും ശേഷമാണ് തേജസിനെ വ്യോമ സേനയുടെ ഭാഗമാക്കുന്നത്. വ്യോമസേനാ മേധാവി എയർ മാഷൽ അരൂപ് റാഹയാണ് അര മണിക്കൂർ തേജസ് പറത്തിയിരുന്നു. ഗ്രൂപ്പ് ക്യാപ്റ്റൻ എൻ.രംഗചാരിക്കൊപ്പമാണ് അരൂപ് റാഹ തേജസ് പറത്തിയത്. റഡാർ, ഹെൽമറ്റ് കേന്ദ്രീകൃത ഡിസ്പ്ലേ സംവിധാനം തുടങ്ങിയവയാണ് പ്രധാനമായും പരിശോധിച്ച് വിലയിരുത്തിയത്. 2014ൽ വ്യോമസേനാ ഉപമേധാവി എയർ മാഷൽ എസ് ബി.പി.സിൻഹയും തേജസ് പറത്തിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios