രാജ്യത്തെ ടെലികോം കമ്പനികള്‍ക്ക് റിലയന്‍സ് ജിയോ കനത്ത പ്രഹരം ഏല്‍പ്പിച്ചുവെന്ന് റിപ്പോര്‍ട്ട്. ട്രായി പുറത്തുവിട്ട കണക്കുകള്‍ ഉദ്ധരിച്ച് ടെലികോം ലീഡ് ആണ് ഇത്തരം വാര്‍ത്ത പുറത്തുവിടുന്നത്. ജിയോ രംഗത്ത് എത്തിയ സെപ്തംബര്‍ 2016 മുതല്‍ ഉള്ള ടെലികോം കമ്പനികളുടെ വരുമാനത്തില്‍ മുന്‍ പാദത്തെ അപേക്ഷിച്ച് 5.33 ശതമാനത്തിന്‍റെ കുറവ് സംഭവിച്ചെന്ന് വ്യക്തമാക്കുന്നു.

റിലയന്‍സ് ജിയോ ഈ കാലയളവില്‍ വെല്‍ക്കം ഓഫര്‍ എന്ന നിലയില്‍ പൂര്‍ണ്ണമായും ഉപയോക്താക്കള്‍ക്ക് ഡാറ്റയും, കോളും ഫ്രീ നല്‍കിയിരുന്നു. ഇത് പിന്നീട് ന്യൂ ഇയര്‍ ഓഫര്‍ എന്ന നിലയില്‍ മാര്‍ച്ചുവരെയും നീട്ടി നല്‍കി. എന്നാല്‍ 4ജിബി എന്ന ഡാറ്റ പരിധി 1ജിബിയായി കുറച്ചിട്ടുണ്ട്. മാര്‍ച്ച് മാസത്തോടെ 10 കോടി ഉപയോക്താക്കളെയാണ് ജിയോ പ്രതീക്ഷിക്കുന്നത്.

അതേ സമയം മൂന്നാം പാദത്തില്‍ രാജ്യത്തെ ടെലികോം കമ്പനികള്‍ 71379 കോടിയാണ് ആകെ വരുമാനം. കഴിഞ്ഞ വര്‍ഷം ഈ പാദത്തില്‍ ഉണ്ടായ വരുമാനത്തില്‍ നിന്നും 2.68 ശതമാനം കുറവാണ് ഇത്.