ദില്ലി: വ്യോമസേനാ വിമാനം എൻ–32 ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ അപ്രത്യക്ഷമായിട്ട് ഒരു വാരം പിന്നിട്ടു. ഊര്‍ജ്ജിതമായ തിരച്ചില്‍ നടത്തിയിട്ടും കാര്യമായ പുരോഗതി വിമാനത്തിന്‍റെ കാര്യത്തില്‍ ഉണ്ടാക്കാന്‍ സേനകള്‍ക്ക് ആയില്ല. ആധുനിക സാങ്കേതിക സംവിധാനങ്ങളാണ് തിരച്ചിലില്‍ വ്യോമ നാവിക സേനകള്‍ ഉപയോഗിക്കുന്നത്. അതിനിടയില്‍ അമേരിക്കയുടെ സഹായം തിരിച്ചിലില്‍ ഇന്ത്യ തേടും എന്നും റിപ്പോര്‍ട്ടുണ്ട്.

എന്നാൽ കാണാതായ വിമാനത്തിലുള്ളവരെക്കുറിച്ച് ബന്ധുക്കള്‍ക്ക് ഇപ്പോഴും പ്രതീക്ഷയാണ്. ഇതിന് പ്രധാന കാരണം എഎന്‍ 32 വിമാനത്തില്‍ ഉണ്ടായിരുന്നവരുടെ മൊബൈല്‍ ഫോണ്‍ ഇപ്പോഴും റിങ് ചെയ്യുന്നുണ്ടെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫോൺ റിങ് ചെയ്യുന്നുണ്ടെന്ന് ഇവരുടെ ബന്ധുക്കളാണ് അറിയിച്ചത് എന്നാണ് സൈന്യത്തെ ഉദ്ധരിച്ച് വാര്‍ത്ത വരുന്നത്.

എന്‍റെ മകൻ തിരിച്ചുവരുമെന്നാണ് ഇപ്പോഴും കരുതുന്നതെന്ന് കാണാതായ രഘുവീര്‍ വര്‍മ്മയുടെ അമ്മ സുനിത വർമ പറഞ്ഞു. മകന്‍റെ ഫോൺ റിങ് ചെയ്യുന്നുണ്ട്. ഇത് പ്രതീക്ഷകൾ നല്‍കുന്നുണ്ടെന്നും അവർ പറഞ്ഞു.
എയര്‍ടെല്‍ കണക്ഷനാണ് രഘുവീര്‍ ഉപയോഗിക്കുന്നത്. ഈ സെൽഫോൺ ഇപ്പോഴും ആക്ടീവ് ആണെന്നാണ് റിപ്പോർട്ട്. 

കഴിഞ്ഞ ദിവസങ്ങളിലാണ് രഘുവീറിന്‍റെ മൊബൈൽ ആക്ടീവ് ആണെന്ന് മനസ്സിലാക്കിയത്. മൊബൈലിലെ വാട്ട്സ്ആപ്പും ആക്ടീവ് ആണ്. വാട്‌സാപ്പ് അവസാനം സന്ദർശിച്ച ജൂലൈ 26 ആണെന്ന് കാണിക്കുന്നുണ്ട്. ജൂലൈ 22 നാണ് വിമാനം കാണാതായത്. വിമാനം കാണാതായതിന് ശേഷം നാല് ദിവസത്തോളം വാട്സാപ്പ് ഉപയോഗിച്ചതായി കാണാം.