ദില്ലി: ആപ്പിള്‍ ഐഫോണ്‍ ഇന്ത്യയില്‍ നിര്‍മ്മിക്കണമെങ്കില്‍ തങ്ങളുടെ ചില ആവശ്യങ്ങള്‍ പരിഗണിക്കണമെന്ന് സര്‍ക്കാറിനോട് ആപ്പിള്‍.  പ്രധാനമായും ലേബലിംഗ് നിയമത്തില്‍ ഇളവ് വേണം എന്നാണ് ആപ്പിള്‍ ആവശ്യപ്പെടുന്നത്.  

ഇത് പ്രകാരം ആപ്പിള്‍ സമര്‍പ്പിച്ച അപേക്ഷ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഇന്‍ഡ്രസ്ട്രീയല്‍ പോളിസ് ആന്‍റ് പ്രമോഷന്‍ ഐടി, റവന്യൂ, ഇലക്ട്രോണിക്ക് ഡിപ്പാര്‍ട്ട്മെന്‍റുകള്‍ക്ക് കൈമാറി കഴിഞ്ഞതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കിയതായി ഗാഡ്ജറ്റ് നൌ വാര്‍ത്ത നല്‍കി.

ഇപ്പോള്‍ തന്നെ ആപ്പിള്‍ ആറു രാജ്യങ്ങളില്‍ ഐഫോണ്‍ നിര്‍മ്മിക്കുന്നുണ്ട്. ഇതില്‍ ചൈനയിലാണ് ഏറ്റവും കൂടുതല്‍ ആപ്പിള്‍ ഫോണുകള്‍ നിര്‍മ്മിക്കുന്നത്. 

ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മ്മിക്കാനുള്ള സന്നദ്ധത നേരത്തെ തന്നെ ആപ്പിള്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. 2015 ലെ നരേന്ദ്രമോദിയുടെ സിലിക്കണ്‍വാലി സന്ദര്‍ശന സമയത്തും ഇത് ചര്‍ച്ചയായിരുന്നു.