ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അഥവാ എഐ തൊഴില്‍ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കും എന്നാണ് കരുതപ്പെടുന്നത്. എഐ കാരണം ആര്‍ക്കൊക്കെയാണ് ആദ്യം തൊഴില്‍ നഷ്‌ടമുണ്ടാവുക എന്ന് പ്രവചിച്ച് സാം ആള്‍ട്ട്‌മാന്‍

കാലിഫോര്‍ണിയ: ഏതൊക്കെ ജോലികള്‍ എഐ കളയും? ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സമഗ്ര മേഖലകളിലും പിടിമുറുക്കിയതോടെ എല്ലാവരുടെയും മനസില്‍ ആധികളും ചോദ്യങ്ങളുമാണ്. എഐ രംഗത്തെ അതികായരില്‍ ഒരാളായ ഓപ്പണ്‍എഐയുടെ സിഇഒ സാം ആള്‍ട്ട്‌മാന്‍ ലോകത്തിന് ചില മുന്നറിയിപ്പുകള്‍ നല്‍കുകയാണ്. എഐ ഏതൊക്കെ തൊഴിലുകളാവും ആദ്യം മാറ്റിമറിക്കുക എന്നാണ് ആള്‍ട്ട്‌മാന്‍റെ പ്രവചനം. എഐ ആദ്യം കസ്റ്റമര്‍ സര്‍വീസ്/സപ്പോര്‍ട്ട് ജോലികളാവും കളയുക എന്നാണ് സാം ആള്‍ട്ട്‌മാന്‍റെ നിരീക്ഷണം.

എഐ കളയുന്ന ജോലി

ഫോണിലൂടെയോ കമ്പ്യൂട്ടര്‍ വഴിയോ ഉള്ള നിലവിലെ കസ്റ്റര്‍ സപ്പോര്‍ട്ട് ജോലികളെയാവും എഐ ആദ്യം കൈക്കലാക്കുക. കസ്റ്റമര്‍ സപ്പോര്‍ട്ട് ജോലികള്‍ ചെയ്യുന്ന നിരവധി പേര്‍ക്ക് ജോലി നഷ്‌ടമാകും. പ്രോഗ്രാമര്‍മാരായിരിക്കും തൊഴില്‍ നഷ്‌ടപ്പെടുന്ന മറ്റൊരു വിഭാഗം. ഓരോ 75 വര്‍ഷം കൂടുമ്പോഴും ജോലികളില്‍ ശരാശരി 50 ശതമാനത്തിന്‍റെ മാറ്റം വരാറുണ്ട് എന്നാണ് അടുത്തിടെ ആരോ ഒരാള്‍ എന്നോട് പറഞ്ഞത് എന്നും സാം ആള്‍ട്ട്‌മാന്‍ ദി ടക്കര്‍ കാള്‍സണ്‍ ഷോയില്‍ വ്യക്തമാക്കി. എന്നാല്‍ മനുഷ്യര്‍ ആവശ്യമായ കസ്റ്റമര്‍ സര്‍വീസ്/സപ്പോര്‍ട്ട് ജോലികള്‍ പൂര്‍ണമായും അപ്രത്യക്ഷമാകുമെന്ന മുന്‍ നിലപാടില്‍ നിന്ന് സാം ആള്‍ട്ട്‌മാന്‍ പിന്നോട്ടുപോയിട്ടുണ്ട്. എഐയോ റോബോട്ടോ നല്‍കുന്ന നിര്‍ദേശങ്ങള്‍ എത്ര നല്ലതായാലും അല്ലെങ്കിലും അതിനെ വരുംകാലത്ത് ആശ്രയിക്കേണ്ടിവരുമെന്നും ആള്‍ട്ട്‌മാന്‍ കൂട്ടിച്ചേര്‍ത്തു. നഴ്‌സിംഗ് പോലെ മനുഷ്യബന്ധം ആവശ്യമുള്ള റോളുകൾ എഐ കാലത്തും അപ്രത്യക്ഷമാകാൻ സാധ്യതയില്ലെന്നും ആള്‍ട്ട‌്‌മാന്‍ പറയുന്നു.

കസ്റ്റമര്‍ സര്‍വീസ് ജോലികള്‍ എഐ ഏറ്റെടുക്കുമെന്ന വാര്‍ത്ത ഇതാദ്യമല്ല. കമ്പനിയുടെ എല്ലാ കസ്റ്റമര്‍ സപ്പോര്‍ട്ട് സംവിധാനവും എഐയിലേക്ക് മാറ്റുകയാണ് ലക്ഷ്യമെന്ന് ഒറാക്കിള്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. കമ്പനിയുടെ സപ്പോര്‍ട്ട് ടീമില്‍ നിന്ന് 4000 ലൈവ് ഏജന്‍റുമാരെ ഒഴിവാക്കുന്ന കാര്യം സെയില്‍സ്‌ഫോഴ്‌സ് സിഇഒ അടുത്തിടെ സൂചിപ്പിച്ചിരുന്നു.

മറുവാദവും സജീവം

എന്നിരുന്നാലും, പല വ്യവസായ പ്രൊഫഷണലുകളും ഓപ്പണ്‍എഐ സിഇഒ സാം ആള്‍ട്ട്‌മാന്‍റെ ഏറ്റവും പുതിയ പ്രവചനത്തെ സംശയത്തോടെയാണ് നോക്കിക്കാണുന്നത്. 2027 ആകുമ്പോഴേക്കും പകുതി കമ്പനികളും അവരുടെ കസ്റ്റമര്‍ സപ്പോര്‍ട്ട് ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള പദ്ധതികളിൽ നിന്ന് പിന്മാറുമെന്ന് അമേരിക്കന്‍ ഗവേഷണ കമ്പനിയായ ഗാർട്ട്നർ പ്രവചിക്കുന്നു. എന്തായാലും എഐ തൊഴില്‍ രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നതൊരു വസ്‌തുതയാണ്. ചില ജോലികള്‍ പോകുമ്പോള്‍ മറ്റ് ചില വഴികള്‍ തുറക്കുമെന്ന യാഥാര്‍ഥ്യവും ലോകത്തിന് മുന്നിലുണ്ട്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming