സിയോള്‍: മൂന്നാം ലോകമഹായുദ്ധം അടുത്ത് എത്തിയോ, എത്തിയെന്നാണ് ഹക്കിംഗ് സംഘം അനോണിമസിന്‍റെ വെളിപ്പെടുത്തല്‍. ഏതു നിമിഷവും ഒരു ലോകയുദ്ധം പൊട്ടിപ്പുറപ്പെടാം എന്നാണ് അനോണിമസ് നല്‍കുന്ന മുന്നറിയിപ്പ്. ഹാക്കര്‍മാരുടെ രാജ്യാന്തര കൂട്ടായ്മയായ അനോണിമസ് കഴിഞ്ഞദിവസമാണ് വീഡിയോ പുറത്തുവിടുന്നത്. കൊറിയന്‍ മേഖലയിലെ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് മറ്റു രാജ്യങ്ങളിലെ രഹസ്യാന്വേഷണ ഏജന്‍സികളുടെ നീക്കങ്ങളും രഹസ്യസന്ദേശങ്ങളും വിലയിരുത്തിയാണ് അനോണിമസ് നിഗമനത്തിലെത്തിയത്.

കൊറിയന്‍ മേഖലയില്‍ സമാധാനത്തിനാണ് ദക്ഷിണകൊറിയയും അമേരിക്കയും ശ്രമിക്കുന്നത്. ചൈനയും ഫിലിപ്പീന്‍സും ഈ ശ്രമങ്ങളെ പിന്തുണയ്ക്കുന്നു. എന്നാല്‍ ഇതെല്ലാം കേള്‍ക്കാന്‍ ഉത്തരകൊറിയ തയ്യാറാകില്ലെന്നാണ് അനോണിമസ് പറയുന്നു. ആണവയുദ്ധത്തെ പ്രതിരോധിക്കേണ്ട മാര്‍ഗ്ഗങ്ങളെക്കുറിച്ച് മിക്ക രാജ്യങ്ങളും തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. ജപ്പാന്‍, അമേരിക്ക, ചൈന, ആസ്‌ത്രേലിയ അടക്കമുള്ള രാജ്യങ്ങള്‍ യുദ്ധത്തിന് സജ്ജരാകേണ്ടതിനെക്കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞതായും അനോണിമസ് വീഡിയോ പറയുന്നു.
ആണവസ്‌ഫോടനമുണ്ടാകുന്നതിന് പത്ത് മിനുട്ട് മുമ്പ് മാത്രമേ മുന്നറിയിപ്പ് നല്‍കൂ എന്ന് ജപ്പാന്‍ സര്‍ക്കാര്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് തന്നെ ജനങ്ങളെ അറിയിച്ചു. അറിയിപ്പ് ലഭിച്ചാല്‍ ഏറ്റവും ഉറപ്പുള്ള കെട്ടിടം കണ്ടെത്തിക്കൊള്ളണമെന്നും നിര്‍ദേശത്തിലുള്‍പ്പെടുന്നു. ഉത്തരകൊറിയയെ ലക്ഷ്യമിട്ട് അമേരിക്ക ദക്ഷിണകൊറിയയില്‍ താഡ് ബാലിസ്റ്റിക് മിസൈല്‍ വിന്യസിച്ചിരിക്കുകയാണ്.
കൂടാതെ ഓസ്‌ട്രേലിയയില്‍ 1250 ട്രൂപ്പുകളെയും വിന്യസിച്ചിട്ടുണ്ട്. ഇതുവഴി ഇന്ത്യന്‍ മഹാസമുദ്രത്തിലും യുഎസ് തങ്ങളുടെ സൈനികസാന്നിദ്ധ്യം ഉറപ്പാക്കുന്നതായി അനോണിമസ് വിലയിരുത്തുന്നു.
ഉത്തരകൊറിയയ്‌ക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും വിവിധ രാജ്യതലവന്മാരുമായി ചര്‍ച്ച നടത്തിവരികയാണ്. ഫിലിപ്പീന്‍സ് പ്രസിഡന്റ് റോബര്‍ട്ടോ റഡ്രിഗസുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നില്‍ നിന്നും അകലം പാലിക്കാന്‍ റോഡ്രിഗസിന് ട്രംപ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചൈനയും ഉത്തരകൊറിയയിലുള്ള ചൈനീസ് പൗരന്മാരോട് എത്രയും പെട്ടെന്ന് രാജ്യത്തേയ്ക്ക് മടങ്ങിവരാന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു.ഉത്തരകൊറിയന്‍ അതിര്‍ത്തിയില്‍ ചൈന സൈനികശക്തി വര്‍ധിപ്പിക്കുകയും ചെയ്തു. യുദ്ധകാലത്തെ വന്‍ അഭയാര്‍ത്ഥി പ്രവാഹം മുന്‍കൂട്ടിക്കണ്ടാണ് ഈ നീക്കം. അമേരിക്കയുടെ അപ്രമാദിത്വം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ, ഉത്തരകൊറിയയുടെ ഏക സഖ്യരാജ്യമായ ചൈന തങ്ങളുടെ ആണവായുധങ്ങള്‍ കിം ജോങ് ഉന്നിന് നല്‍കിയേക്കാമെന്നും വീഡിയോയില്‍ അനോണിമസ് വിലയിരുത്തുന്നു.
